ന്യൂഡൽഹി: കേന്ദ്രത്തിൽ ഭരണം പോയതോടെ കോൺഗ്രസ് പാർട്ടിക്ക് സംഭാവന നൽകാൻ കോർപ്പറേറ്റുകൾ മടിക്കുന്നു എന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ പാർട്ടി ഫണ്ട് സ്വരൂപിക്കാൻ പുതിയ തീരുമാനം കൈക്കൊണ്ടു. കോൺഗ്രസ് അംഗങ്ങൾ വർഷം തോറും പാർട്ടിയിലേക്ക് 250 രൂപ അടയ്ക്കണമെന്ന നിബന്ധനയാണ് എഐസിസി കൊണ്ടുവന്നത്. പാർട്ടിയുടെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഇതെന്ന് എഐസിസി ട്രഷറർ മോട്ടിലാൽ വോറ വ്യക്തമാക്കി.

അംഗങ്ങളടയ്ക്കുന്ന തുകയുടെ 25 ശതമാനം പ്രദേശ് കോൺഗ്രസ് കമ്മറ്റിക്കും ബാക്കി 75 ശതമാനം എഐസിസിക്കുമാണ്. ഇതിന് പുറമെ പാർട്ടി എംപി, എംഎൽഎമാർ തങ്ങളുടെ ഒരു മാസത്തെ ശമ്പളം പാർട്ടിയിലേക്ക് അടയ്ക്കണം. എഐസിസി അംഗങ്ങൾ വർഷത്തിൽ 600 രൂപയും പിസിസി അംഗങ്ങൾ വർഷം തോറും 300 രൂപയും പാർട്ടിക്ക് നൽകണം.

പുതിയ നിർദേശമനുസരിച്ച് ഓരോ സംസ്ഥാന യൂണിറ്റുകളും 50 ശതമാനം പാർട്ടി ഫണ്ടിലേക്ക് നൽകണമെന്നാണ് കർശനമായി പറഞ്ഞിട്ടുള്ളത്. നിലവിൽ 11 ലക്ഷം സജീവ പാർട്ടി പ്രവർത്തകർ ഉണ്ടെന്നാണ് കണക്ക്. ഇവരിൽ നിന്നുമായി ഒരു വർഷം 11 കോടി രൂപ പാർട്ടി ഫണ്ടിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. പാർട്ടിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഈ പണം മതിയാകുമെന്നാണ് വിലയിരുത്തൽ.