ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ വീണ്ടും ശക്തിയാകാനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഡൽഹിയിൽ ആരംഭിച്ചു. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം താഴെത്തട്ടു മുതൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനായുള്ള മാർഗങ്ങൾ ചർച്ച ചെയ്യും. സംഘടനാ തെരഞ്ഞെടുപ്പ്, എ.ഐ.സി.സി പുനഃസംഘടന, ചിന്താശിബിരം തുടങ്ങിയ കാര്യങ്ങളും ചർച്ചാവിഷയങ്ങളായേക്കും. അതേസമയം രാഹുൽഹാന്ധിയെ പാർട്ടി അധ്യക്ഷനാക്കുന്ന കാര്യം ഈ യോഗം ചർച്ച ചെയ്‌തേക്കില്ല.

പാർട്ടിയെ മുന്നോട്ടു നയിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ക്ഷണിച്ച് സോണിയഗാന്ധി പി.സി.സി പ്രസിഡന്റുമാർക്ക് കത്തയച്ചിരുന്നു. പതിവ് രീതികൾ വിട്ട് പാട്ടിയെ നവീകരിക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ നൽകണമെന്നായിരുന്നു അധ്യക്ഷയുടെ നിർദ്ദേശം. ഇത് സംബന്ധിച്ച ചർച്ചയും ഇന്നത്തെ പ്രവർത്തക സമിതിയിൽ ഉണ്ടായേക്കും. അതിനിടെ രാഹുൽ ഗാന്ധിയെ വർക്കിങ്ങ് പ്രസിഡന്റാക്കണമെന്ന അഭിപ്രായമുണ്ട്. ഇക്കാര്യത്തിലും തീരുമാനം വന്നേക്കും.