- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിനുള്ളിലെ തർക്കങ്ങൾക്ക് താത്ക്കാലിക വിരാമം; സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റായി തുടരും; അടുത്ത ആറു മാസത്തിനുള്ളിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാം എന്നും പ്രവർത്തക സമിതിയിൽ ധാരണ; ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാൾ പ്രസിഡൻറാകണമെന്ന മുതിർന്ന കോൺഗ്രസ് നേതാക്കളുടെ കത്ത് വിവാദവും മനസ്സു തുറന്നുള്ള ചർച്ചകൾക്കൊടുവിൽ കെട്ടടങ്ങി
ന്യൂഡൽഹി: ഏറെ അനിശ്ചിതത്വങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും ശേഷം കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾക്ക് താത്ക്കാലിക പരിഹാരം. അടുത്ത ആറു മാസത്തിനുള്ളിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും എന്ന ധാരണയിൽ കോൺഗ്രസ് താൽക്കാലിക പ്രസിഡൻറായി തുടരാൻ സന്നദ്ധയായി സോണിയ ഗാന്ധി. പുതിയ അധ്യക്ഷനെ കണ്ടെത്താൻ കൂടിയ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഏഴു മണിക്കൂർ നീണ്ട ചർച്ചയ്ക്കു ശേഷം തീരുമാനമാകാതെ പിരിയുകയായിരുന്നു.
ഇടക്കാല നേതൃപദവി ഒഴിയാൻ ഒരുക്കമാണെന്നും സോണിയ അറിയിച്ചിട്ടും പാർട്ടിക്ക് പുതിയ നേതാവിനെ കണ്ടെത്താനായില്ല. പാർട്ടിയിൽ അടിമുടി മാറ്റം വേണമെന്നും ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാൾ പ്രസിഡൻറാകണമെന്നും ചൂണ്ടിക്കാട്ടി 23 മുതിർന്ന കോൺഗ്രസ് നേതാക്കൾ ഒപ്പിട്ട കത്ത് കഴിഞ്ഞ ദിവസം സോണിയയ്ക്കു നൽകിയിരുന്നു. ഇതിനു പിന്നാലെ സോണിയ രാജി സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ മറ്റൊരു നേതാവിനെ തെരഞ്ഞെടുക്കാൻ യോഗത്തിൽ സാധിച്ചില്ല. കോൺഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് എഴുതിയ കത്തിന്റെ പേരിൽ മുതിർന്ന നോതാക്കളായ കബിൽ സിബൽ തുറന്ന പോരിനിറങ്ങുകയും ഗുലാം നബി ആസാദ് രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയുമായി സംസാരിച്ച് കപിൽ സിബൽ പിന്നീട് രമ്യതയിലെത്തുകയുണ്ടായി.
ഇടക്കാല അധ്യക്ഷപദവിയിൽനിന്ന് താൻ ഒഴിയുകയാണെന്നും പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിക്കാൻ സോണിയ ഗാന്ധി പ്രവർത്തക സമിതിയോട് ആവശ്യപ്പെടുകയായിരുന്നു. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ മുതിർന്ന നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷവിമർശനം ഉന്നയിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കമായത്. കത്തയച്ചവർ ബിജെപിയുമായി രഹസ്യധാരണയിൽ പ്രവർത്തിക്കുന്നവരാണെന്ന് രാഹുൽ പരാമർശിച്ചതായി ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ കപിൽ സിബൽ ട്വിറ്ററിലൂടെ പരസ്യമായി രംഗത്തെത്തി.
പാർട്ടിക്കായി താൻ നടത്തിയ പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞ സിബൽ രാഹുലിന്റെ പരാമർശത്തിനെതിരെ ശക്തമായി രംഗത്തെത്തി. തൊട്ടുപിന്നാലെ രാഹുൽ ഗാന്ധി കപിൽ സിബലിനെ നേരിട്ട് വിളിക്കുകയും താൻ അത്തരത്തിൽ പ്രസ്താവന നടത്തിയിട്ടില്ലെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ട്വീറ്റ് പിൻവലിക്കുകയാണെന്ന് കപിൽ സിബലും വ്യക്തമാക്കി.
അതേസമയം, കത്തെഴുതിയ 23 നേതാക്കൾക്കെതിരെ രാഹുൽ രൂക്ഷവിമർശനം നടത്തിയിട്ടുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചത്. കത്ത് അനവസരത്തിലായെന്നാണ് രാഹുലിന്റെ പ്രധാന ആരോപണം. വിമർശനത്തിന് പിന്നാലെ കത്തിൽ ഒപ്പിട്ട മറ്റൊരു മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പ്രവർത്തക സമിതിയിൽനിന്ന് രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
എന്നാൽ ബിജെപിയുമായി ബന്ധമുള്ളവരാണ് കത്ത് എഴുതിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ലെന്ന് ഗുലാം നബി ആസാദ് ട്വിറ്ററിലൂടെ അറിയിച്ചു.' തങ്ങളുടെ കത്ത് ബിജെപിയുടെ നിർദ്ദേശ പ്രകാരമായിരുന്നുവെന്ന് പ്രവർത്തക സമിതിക്ക് പുറത്തുള്ള ചില കോൺഗ്രസ് നേതാക്കൾ ഇന്നലെ പറഞ്ഞിരുന്നു. ആ നേതാക്കൾ കഴിയുമെങ്കിൽ ആരോപണം തെളിയിക്കുക. ഞാൻ രാജിവെയ്ക്കും' ഗുലാം നബി ആസാദ് ട്വിറ്ററിൽ വ്യക്തമാക്കി.
വീഡിയോ കോൺഫറൻസ് വഴിയാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗം നടന്നുവരുന്നത്. പ്രവർത്ത സമിതിയിൽ ഇതുവരെ സംസാരിച്ച ഭൂരിപക്ഷം അംഗങ്ങളും രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചുവരണമെന്നാണ് ആവശ്യപ്പെട്ടത്. നിലവിലെ സാഹചര്യങ്ങളും സോണിയ ഗാന്ധി രാജി സന്നദ്ധത അറിയിക്കുകയും ചെയ്ത സ്ഥിതിക്ക് രാഹുൽ തന്നെ അധ്യക്ഷ സ്ഥാനത്തേക്കെത്തുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം രാജിവച്ചതിനുശേഷം സോണിയ ഇടക്കാല പ്രസിഡ ൻറായി ചുമതലയേൽക്കുകയായിരുന്നു. രാഹുൽ പദവി ഒഴിഞ്ഞതിനും സോണിയ ഇടക്കാല അധ്യക്ഷപദവി ഏറ്റെടുക്കുന്നതിനും ഇടയിൽ എഐസിസി നേതൃ ത്വത്തിൽനിന്ന് ഒന്നിലധികം പേരുകൾ പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നു.
മറുനാടന് ഡെസ്ക്