ചെന്നൈ: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിമർശകരുടെ കൂട്ടത്തിലാണ് മുതിർന്ന നേതാവായിരുന്ന മണിശങ്കർ അയ്യർ. രാഹുൽ ഗാന്ധി അവധിക്ക് പോയപ്പോൾ അതിനെ പരസ്യമായി എതിർത്തുകൊണ്ട് രംഗത്തെത്തിയത് ഇദ്ദേഹമായിരുന്നു. എന്നാൽ, മണിശങ്കർ അയ്യർ ഇപ്പോൾ തന്റെ നിലപാടിൽ അൽപ്പം മയപ്പെടുത്തിയിരിക്കയാണ്. അടുത്തദിവസങ്ങളിൽ കർഷകർക്ക് വേണ്ടി നേരിട്ട് രാഹുൽ രാഗത്തിറങ്ങിയതോടെയാണ് രാഹുലിനെ പുകഴ്‌ത്തിക്കൊണ്ട് മണിശങ്കർ അയ്യർ രംഗത്തെത്തിയത്.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നുമാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ മണി ശങ്കർ അയ്യർ പറഞ്ഞത്. സ്യൂട്ട് ബൂട്ട് സർക്കാരെന്ന് രാഹുൽ വിശേഷിപ്പിച്ച മോദി സർക്കാർ സമ്പന്നർക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും മണി ശങ്കർ അയ്യർ പറഞ്ഞു. മീൻപിടിത്ത തൊഴിലാളികളുടെ സമുദ്രാതിർത്തി ലംഘന വിഷയം ദേശീയ പ്രശ്‌നമാണെന്നും ശ്രീലങ്കയുമായി സംസാരിച്ചു പരിഹാരമുണ്ടാക്കണമെന്നും അയ്യർ ആവശ്യപ്പെട്ടു. വിഷയം ചർച്ചകളിലൂടെ പരിഹരിക്കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാർലമെന്റിൽ പറഞ്ഞെങ്കിലും ക്രിയാത്മകമായ നടപടികൾ ഒന്നുമുണ്ടായിട്ടില്ല.

ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ രാഹുൽ ഗാന്ധി കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും ഏറെ ആവേശം പകർന്നിട്ടുണ്ട്. കർഷക പ്രശ്‌നം എടുത്തിട്ട രാഹുൽ ഗാന്ധി പാർലമെന്റിലും പുറത്തും പ്രധാനമന്ത്രി മോദിയെ നേരിട്ട് ആക്രമിച്ചിരുന്നു. കർഷക ആത്മഹത്യകൾ നടന്ന പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തു. കൂടാതെ ഇടത്തരക്കാരെ ലക്ഷ്യമിട്ട് ഫ്‌ലാറ്റ് തട്ടിപ്പു വിഷയവും രാഹുൽ ഉയർത്തി. രണ്ട് വിഷയങ്ങളിലും മോദി സർക്കാറിന്റെ കോർപ്പറേറ്റ് പ്രേമത്തെ നിശിദമായി വിമർശിച്ചാണ് രാഹുൽ രംഗത്തെത്തിയിരുന്നത്.