സാധാരണ എലികളിലും ഗിനിപ്പന്നികളിലുമൊക്കെയാണ് മരുന്ന് പരീക്ഷണം നടത്തുന്നത്. എന്നാൽ, വൈദ്യശാസ്ത്രം മനുഷ്യരിൽത്തന്നെ അതുതുടങ്ങിയാലോ? സർക്കാരിന്റെ പരീക്ഷണത്തിനിരയായി 53 വയസ്സുവരെ ജീവിച്ചുമരിച്ച റഷ്യൻ സയാമീസ് സഹോദരിമാരുടെ കഥ ആ ക്രൂരതയാണ് വെളിപ്പെടുത്തുന്നത്. ജനിച്ചയുടൻ അമ്മയുടെ അടുത്തുനിന്ന് ഇവരെ മാറ്റുകയായിരുന്നു. മരണം വരെ പരീക്ഷണത്തിനിരയായ അവർ, അരയ്ക്കുകീഴെ ഒരാളും മുകളിലേക്ക് രണ്ടുപേരുമായി ജീവിച്ചുമരിച്ചു.

മരുന്ന് പരീക്ഷണത്തിന്റെ ഫലമായി, രണ്ടുപേരും രണ്ട് സ്വഭാവത്തിലാണ് വളർന്നത്. ഒരാൾ മനോരോഗിയായി മാറിയപ്പോൾ, മറ്റേയാൾ തികഞ്ഞ മാന്യയായ വ്യക്തിയായി മാറി. സ്റ്റാലിന്റെ സോവിയറ്റ് യൂണിയനിൽ നടന്ന ക്രൂരമായ പരീക്ഷണത്തിന്റെ കഥകൂടിയായാണ് ഈ സഹോദരിമാരുടേത്. ഗിനിപ്പന്നികളെപ്പോലെ വളർത്തിയ ഇവരെ, ചിലപ്പോൾ പട്ടിണിക്കിട്ടും പൊള്ളിച്ചും ഐസിൽ മരവിപ്പിച്ചും ഷോക്കടിപ്പിച്ചും റേഡിയോ ആക്ടീവും മറ്റ് വിഷാംശങ്ങളും കുത്തിവെച്ചും ഉറങ്ങാനനുവദിക്കാതെയും പരീക്ഷണങ്ങൾക്കിരയാക്കി.

മാധ്യമ പ്രവർത്തകനായ ജൂലിയറ്റ് ബട്ട്‌ലറാണ് ഈ ഇരട്ടകളുടെ കഥ ഇപ്പോൾ പുറംലോകത്തെത്തിച്ചത്. 2003-ൽ 53-ാം വയസ്സിൽ അവർ മരിക്കുംവരെ അജ്ഞാതമായിരുന്നു മാഷയെന്നും ദാഷയെന്നും പേരുള്ള ഈ സഹോദരിമാരുടെ കഥ. 1988-ൽ ഇവരെ കണ്ടെത്തിയ ബട്ട്‌ലർ സഹോദരിമാരുമായി ചങ്ങാത്തത്തിലായി.

 

കൂട്ടത്തിൽ മാഷയാണ് പലപ്പോഴും നിലവിട്ട് പെരുമാറിയിരുന്നതെന്ന് ബട്ട്‌ലർ പറയുന്നു. ദാഷ തികഞ്ഞ മാന്യയായിരുന്നു. സാധാരണ ജീവിതം നയിക്കണമെന്ന് ആഗ്രഹിച്ചിരുന്നയാൾ. ദാഷ ജീവിതത്തിൽ ആഗ്രഹിച്ചിരുന്നതൊക്കെ വിലക്കുന്നതായിരുന്നു മാഷയുടെ രീതി. സ്‌നേഹിക്കാനുള്ള അവസരവും അമ്മയെ കാണണമെന്ന ആഗ്രഹവും മാഷ വിലക്കിക്കൊണ്ടിരുന്നു. വെവ്വേറെ ശരീരങ്ങളായി ജീവിക്കണമെന്ന ദാഷയുടെ ആഗ്രഹത്തിനും അവർ വിലക്കുവെച്ചു.

ദാഷയുടെയും മാഷയുടെയും ജീവിതത്തെ അടിസ്ഥാനമാക്കി ബട്ട്‌ലർ എഴുതിയ 'ദ ലെസ് യു നോ ദ സൗണ്ടർ യു സ്ലീപ്പ്' എന്ന നോവലാണ് ഇവരുടെ ജീവിതകഥ നമ്മോട് പറയുന്നത്. സ്റ്റാലിനിസ്റ്റ് സോവിയറ്റ് യൂണിയന്റെ ക്രൂരതകളും ഇരട്ടകളുടെ ജീവിതത്തിലെ അറിയാക്കഥകളും ആ നോവൽ പറഞ്ഞുതരുന്നു.

യെക്കാത്തറീന ഇവരെ പ്രസവിക്കുന്നത് 1950-ലാണ്. സിസേറിയനിലൂടെ പുറത്തെടുത്ത ഇവരെ അപ്പോൾത്തന്നെ അമ്മയിൽനിന്നകറ്റി. കുട്ടികൾ മരിച്ചുപോയെന്നായിരുന്നു യെക്കാത്തറീനയോട് പറഞ്ഞിരുന്നത്. മോസ്‌കോയിലെ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് പീഡിയാട്രിക് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇവരെ വളർത്തിയത്. അവിടെ ഗിനിപ്പന്നികളെപ്പോലെ ഇവരെ നിരന്തരം പരീക്ഷണങ്ങൾക്ക് വിധേയരാക്കുകയായിരുന്നു. ഒരേ രക്തചംക്രമണ വ്യവസ്ഥയാണ് ഇവരുടെ ശരീരത്തിലുണ്ടായിരുന്നതെങ്കിലും വ്യത്യസ്ത നാഡീവ്യൂഹമായിരുന്നു ഇവരുടേത്. അതേക്കുറിച്ചാണ് പരീക്ഷണങ്ങൾ കൂടുതലും നടന്നത്.