റ്റക്കരളുള്ള സയാമീസ് ഇരട്ടകളെ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തി ഇന്ത്യൻ ഡോക്ടർമാർ ഒരിക്കൽ കൂടി പ്രശംസ പിടിച്ചു പറ്റിയിരിക്കുന്നു. കശ്മീരി ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള സബൂറ, സഫൂറ എന്നീ കുരുന്നുകളെയാണ് അത്യപൂർവ്വ ശസ്ത്രക്രിയാ വിജയത്തിലൂടെ ഈ ഡോക്ടർമാർ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചിരിക്കുന്നത്. അഞ്ച് കോടിയിൽ ഒന്ന് എന്ന തോതിലാണ് ഈ ശസ്ത്രക്രിയയുടെ വിജയം. വയർഭാഗം ഒന്നിച്ച് ചേർന്ന് ഒറ്റക്കരളുമായാണ് ഇവർ ജനിച്ചത്. ഹരിയാനയിലെ മെഡാന്റ മെഡിസിറ്റി ഹോസ്പിറ്റലിൽ 30 ഡോക്ടർമാരടങ്ങിയ സംഘമാണ് ഈ അത്യപൂർവ്വ ശസ്ത്രക്രിയ നടത്തി കരളിനെ രണ്ടാക്കി വിഭജിച്ച് രണ്ടു കുട്ടികൾക്കുമായി പകുത്തു കൊടുത്തത്.

ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്നുള്ള സബീബ-മുഹമ്മദ് ഹമീദ് ദമ്പതികളുടെ മക്കളാണിവർ. തങ്ങളുടെ കരളായ മക്കളെ കരളിന്റെ കഷ്ണങ്ങളാക്കി പുതുജീവൻ നൽകിയ ഡോക്ടർമാരോട് നന്ദി പറയാൻ ഇവർക്ക് വാക്കുകളില്ല. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദത്തിലാണിവർ. ഇവരെ ഊട്ടുന്നതും കുളിപ്പിക്കുന്നതുമെല്ലാം വളരെ പ്രയാസപ്പെട്ടാണ് ചെയ്തിരുന്നതെന്ന് അമ്മ സബീബ പറയുന്നു. മെഡാന്റ ഹോസ്പിറ്റലിലെ ശിശു വിഭാഗം ഡയറക്ടർ ഡോക്ടർ നീലം മോഹനന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. 30 പേരടങ്ങുന്ന ശസ്ത്രക്രിയാ സംഘത്തിൽ എട്ടു പേർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അവർ പറഞ്ഞു.

കരൾ വിഭജിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. രക്തധമനികൾ ഒന്നിച്ചു ചേർന്നു നിൽക്കുന്നതിനാൽ കടുത്ത രക്ഷവാർച്ചയ്ക്ക് സാധ്യതയുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം കരളുകൾ പൂർവ്വസ്ഥിതിയിൽ പ്രവർത്തിക്കുമോ എന്നതും വെല്ലുവിളിയായിരുന്നു. സയാമീസ് ഇരട്ടകൾ ഏറിയ കേസുകളിലും ശസ്ത്രക്രിയയെ അതിജീവിക്കാറില്ല. അതു കൊണ്ട് തന്നെ തങ്ങളുടെ സംഘം ആശങ്കയിലായിരുന്നുവെന്നും വിജയകരമായി ഇതെല്ലാം ചെയ്യാൻ കഴിഞ്ഞെന്നും ഡോക്ടർ നീലം പറഞ്ഞു. രണ്ടു കുട്ടിൾക്കും പൊക്കിൾ കൊടി ഉണ്ടായിരുന്നില്ലെന്നും അത് ശസ്ത്രക്രിയയിലൂടെ നിർമ്മിച്ചെന്നും അവർ പറഞ്ഞു. ശസ്ത്രക്രിയയ്ക്കു ശേഷം സബൂറയെയും സഫൂറയെയും നാലു ദിവസം മുമ്പ് ആശുപ്ത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഇപ്പോൾ സുഖമായി പാൽകുടിച്ച് കഴിയുന്നു.