ദോഹ: ഇനി ഗതാഗതക്കുരുക്ക് എവിടെയന്നോർത്തുള്ള ടെൻഷൻ വേണ്ട. അവയൊക്കെ ഇനി വാഹനങ്ങൾ തന്നെ മനസിലാക്കിക്കൊള്ളും. വാഹന അപകടം, ഗതാഗത തിരക്ക് തുടങ്ങിയ വിവരങ്ങൾ വാഹനങ്ങൾക്ക് പരസ്പരം കൈമാറാൻ സാധിക്കുന്ന സാങ്കേതിക വിദ്യ ഖത്തറിൽ നടപ്പിലാവുന്നു. ഖത്തർ വി2എക്സ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിന്റെ പരീക്ഷണം അടുത്ത വർഷം നടക്കും.

വിജയകരമാണെങ്കിൽ 2019 മുതൽ ഖത്തർ റോഡുകളിൽ വാഹനങ്ങൾക്ക് പരസ്പരം ആശയ വിനിമയം നടത്താൻ സാധിക്കും. ജിഎം, ടൊയോട്ട കമ്പനികളുടെ വാഹനങ്ങളിൽ അടുത്ത വർഷം മുതൽ അന്താരാഷ്ട്ര തലത്തിൽ ഈ സംവിധാനം ആരംഭിക്കാനാരിക്കേയാണ് ഖത്തറും അത് പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്.

വാഹനങ്ങൾ തമ്മിൽ വിവരങ്ങൾ നൽകുകയും സ്വീകരിക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. അവയ്ക്കിടയിൽ അപകടകരമായി എന്ത് സാഹചര്യം ഉണ്ടായാലും മുന്നറിയിപ്പ് നൽകി അതിൽ നിന്ന് ഒഴിവാകാൻ ഇത് സഹായിക്കും. അപകടം നടക്കുന്നതിന് മുന്നോടിയായി ഡ്രൈവർക്ക് അത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകാൻ സംവിധാനത്തിന് കഴിയും. ഡ്രൈവർ അത് അനുസരിച്ചില്ലെങ്കിൽ വാഹനത്തിന്റെ വേഗം കുറക്കാനും ആവശ്യമെങ്കിൽ പെട്ടെന്ന് നിർത്താനും വി2എക്സിന് കഴിയും. വേഗ പരിധി, റോഡിലെ വളവുകൾ തുടങ്ങിയവ സംബന്ധിച്ച് വി2എക്സ് ഡ്രൈവർക്ക് വിവരം കൈമാറിക്കൊണ്ടിരിക്കും.

അതിനായി വാഹനങ്ങളിൽ നിന്ന് വാഹനങ്ങളിലേക്കും വഴിയരികിൽ സ്ഥാപിക്കുന്ന ഉപകരണങ്ങളിൽ നിന്ന് വാഹനങ്ങളിലേക്കും തിരിച്ചും സന്ദേശങ്ങൾ അയക്കാൻ വി2എക്സിന് കഴിയും. ഏത് ഭാഷയിലും വിവരങ്ങൾ നൽകാൻ കഴിയുമെന്നതാണ് സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത.അടുത്ത തലമുറയുടെ ഗതാഗത സുരക്ഷാ സംവിധാനമാണ് വി2എക്സ്.
അടുത്തവർഷം ദോഹയിലായിരിക്കും പരീക്ഷണാടിസ്ഥാനത്തിൽ വി2എക്സ് ആദ്യം നടപ്പാക്കുക. അതിനായി 30 മുതൽ 50 വരെ വാഹനങ്ങൾ നിരത്തിലിറക്കും.

വഴിയരികിൽ 20 മുതൽ 30 വരെ അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കും. നിരവധി വാഹനങ്ങൾ ഉള്ള ഖത്തർ യൂനിവേഴ്സിറ്റി കാംപസിലും പരീക്ഷാടിസ്ഥാനത്തിൽ വി2എക്സ് നടപ്പാക്കും. ദോഹയിലെ തിരക്കേറിയ മറ്റൊരു സ്ട്രീറ്റും ഇതിനായി സജ്ജമാക്കും.