ജിദ്ദ: രാജ്യത്തെ പത്തു മേഖലകളിൽ കഴിഞ്ഞ രണ്ടു വർഷമായി പകർച്ചവ്യാധികൾ പെരുകുന്നതായി റിപ്പോർട്ട്. ഈ മേഖലകളിൽ ഡെങ്കിപ്പനി, ചിക്കൻ പോക്‌സ്, ഹെപ്പറ്റൈറ്റീസ്-ബി എന്നീ മാരകരോഗങ്ങൾ വേഗത്തിൽ പടരുന്നതായി ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. രണ്ടു വർഷത്തിനുള്ളിൽ 5428 ഡെങ്കിപ്പനി കേസുകളും 4523 ചിക്കൻ പോക്‌സ് കേസുകളും 4327 ഹെപ്പറ്റൈറ്റീസ്-ബി അല്ലെങ്കിൽ മഞ്ഞപ്പിത്തം കേസുകളും റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.

അടുത്ത കാലത്തായി ജിദ്ദ മേഖലയിൽ ഹെപ്പറ്റൈറ്റീസ് കൂടുതലായും കണ്ടുവരുന്നുണ്ട്. നിലവാരം കുറഞ്ഞ ഡെന്റൽ ക്ലിനിക്കുകളിൽ നിന്നാണ് ഇത്തരത്തിൽ ഹെപ്പറ്റൈറ്റീസ് -ബി കൂടുതൽ വേഗത്തിൽ പകരുന്നത്. ക്ലിനിക്കുകളിൽ അണുനശീകരണം നടത്താത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നതാണ് രോഗബാധ വർധിക്കാൻ കാരണം. സൗദിയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് ജിദ്ദയിൽ ഡെങ്കി ബാധിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ഇക്കാര്യത്തിൽ ജിദ്ദയ്ക്കു പിന്നിൽ ജാസൻ, മക്ക എന്നീ മേഖലകളാണ്.

ടെറ്റനസ്, മുണ്ടിനീര്, ന്യൂമോകോക്കൽ ഡിസീസ്, മെനിഞ്ചോകോക്കൽ ഡിസീസ്, ഡിഫ്തീരിയ എന്നിവയും ഈ മേഖലകളിൽ വേഗത്തിൽ പടർന്നുകൊണ്ടിരിക്കുന്ന അസുഖങ്ങളാണ്.