കൊച്ചി: എയ്ഡഡ് സ്‌കൂളിലെ നിയമനങ്ങൾക്കെതിരെ ആഞ്ഞടിച്ചായിരുന്നു പിണറായി സർക്കാരിനുള്ള ആദ്യ സിപിഎം പാര. സിപിഎം കേന്ദ്ര കമ്മറ്റി അംഗമ3യ എകെ ബാലന് ഉടൻ ശാസനയും കിട്ടി. അത്തരമൊരു നീക്കം ഇപ്പോൾ പരിഗണനയിൽ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ പറഞ്ഞു. അതേ കോടിയേരിയുടെ വകയാണ് പിണറായി വിജയനുള്ള രണ്ടാം പാര.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകും എന്ന് പറയാൻ മടിയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറയുന്നു. കോൺഗ്രസിന്റെ കോട്ടകൾ തകർന്നു കൊണ്ടിരിക്കുകയാണ്. തൃക്കാക്കരയിലും യുഡിഎഫ് തകരും. ഇടത് മുന്നണി മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. കഴിഞ്ഞ തവണ യുഡിഎഫ് നേടിയ ഭൂരിപക്ഷത്തേക്കാൾ ഒരു വോട്ടെങ്കിലും ഇക്കുറി എൽഡിഎഫിന് അധികം ലഭിക്കുമെന്നും കോടിയേരി പറഞ്ഞു. ഫലത്തിൽ തൃക്കാക്കരയിലെ തോൽവി സംഭവിച്ചാൽ അത് സർക്കാരിനുള്ള തിരിച്ചടിയാകുമെന്ന് പറയുകയാണ് കോടിയേരി. ഫലത്തിൽ തോറ്റാൽ അത് 'പിണറായി പ്രഭാവത്തിന്റെ' കുറവായി മാറുകയും ചെയ്യും.

പി.സി.ജോർജിന്റേത് വിഷം ചീറ്റുന്ന വാക്കുകളാണ്. ജോർജിനെ പോലെ ബിജെപി നേതാക്കൾ പോലും പ്രസംഗിച്ചിട്ടില്ല. പി.സി.ജോർജിന്റെ അറസ്റ്റ് നാടകമല്ല. ശക്തമായ നടപടിയാണ് സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ചത്. ഇടതുപക്ഷം വർഗീയതയെ പ്രോത്സാഹിപ്പിക്കില്ല. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ പരാമശത്തിനെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. എസ്ഡിപിഐയുമായി ഒരു സഹകരണത്തിനും ഇടതില്ല. തൃക്കാക്കരയിൽ എസ്ഡിപിഐയുടെയോ ആർഎസ്എസിന്റെയോ വോട്ട് വേണ്ട. ഇരു കൂട്ടരും വർഗീയ കക്ഷികളാണെന്നാണ് സിപിഎം നിലപാടെന്നും കോടിയേരി ബലകൃഷ്ണൻ പറഞ്ഞു.

എല്ലാ വോട്ടുകളും നേടാനാണ് സിപിഎം ശ്രമം. ഇതിനിടെയാണ് എസ് ഡി പി ഐ വോട്ട് വേണ്ടെന്ന കോടിയേരിയുടെ പ്രഖ്യാപനം. സാധാരണ ഗതിയിൽ എസ് ഡി പി ഐയെ കടന്നാക്രമിക്കുന്ന തരത്തിൽ ഇടപെടൽ സിപിഎം തെരഞ്ഞെടുപ്പ് കാല്തത് നടത്താറില്ല. ഇതിനിടെയാണ് അവരെ പ്രകോപിപ്പിക്കുന്ന തരത്തിലേക്ക് കോടിയേരിയുടെ പ്രതികരണങ്ങൾ. തൃക്കാക്കരയിൽ ഓരോ വോട്ടും നിർണ്ണായകമാണ്. അതുകൊണ്ടു തന്നെ കോടിയേരിയുടെ ഈ പ്രസ്താവനയും ഇടതു സ്ഥാനാർത്ഥി ജോ ജോസഫിന് ലഭിക്കുന്ന വോട്ടുകളെ പ്രതികൂലമായി ബാധിക്കും.

ഉറച്ച കോൺഗ്രസ് കോട്ടയാണ് തൃക്കാക്കര. ഇത് മനസ്സിലാക്കി തൃക്കാക്കരയിലേത് ഭരണ വിലിയിരുത്തലാകുമോ എന്ന ചോദ്യങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ കരുതലോടെയാണ് മറുപടി പറഞ്ഞത്. ഈ സാഹചര്യത്തിലാണ് ഭരണ വിലയിരുത്തലിൽ പ്രതികരണത്തിന് കോടിയേരി പരസ്യമായി തയ്യാറാകുന്നത്. ഇതോടെ ഇടതു സ്ഥാനാർത്ഥി തോറ്റാൽ അത് ഭരണപരാജയമെന്ന പ്രതികരണത്തിലേക്ക് എത്തും. കെ റെയിലും വികസനവുമാണ് തൃക്കാക്കരയിൽ ഇടതുപക്ഷം കൂടുതലായി ചർച്ചയാക്കുന്നത്. എന്നാൽ പ്രചരണത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് ഏറെ മുന്നിൽ പോയിരുന്നു.

തൃക്കാക്കര തെരഞ്ഞെടുപ്പുകാലത്ത് വിവാദങ്ങൾ ചർച്ചയാക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കടുത്ത അതൃപ്തിയുണ്ടായിരുന്നു. വിദ്യാഭ്യാസ രംഗത്ത് വൻ പൊളിച്ചെഴുത്തിന് സിപിഎം എന്ന സൂചന നൽകി എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ നൽകിയ അഭിമുഖമാണ് പിണറായിയെ ആദ്യം ചൊടിപ്പിച്ചത്. തൃക്കാക്കരയിൽ 'സെഞ്ച്വറി' അടിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ഗൂഡനീക്കമാണോ ഇതെന്ന സംശയം സിപിഎം നേതൃത്വത്തിനുണ്ടായിരുന്നു.

തൃക്കാക്കര ഉറച്ച കോൺഗ്രസ് മണ്ഡലമാണ്. എന്നാൽ ഓരോ വോട്ടും അനുകൂലമാക്കി ജയിക്കാനാണ് സിപിഎം ശ്രമം. ട്വന്റി ട്വന്റിയെ പോലും പ്രകോപിപ്പിക്കാതെ മുമ്പോട്ട് പോകുന്നത് ഇതിന് വേണ്ടിയാണ്. ഇതിനിടെയാണ് തൃക്കാക്കരയിലെ പ്രധാന വോട്ടു ബാങ്കുകളായ സമുദായങ്ങളെ പ്രകോപിപ്പിക്കാനുള്ള ബാലന്റെ ശ്രമം. പാർട്ടി കോൺഗ്രസിൽ പോളിറ്റ് ബ്യൂറോയിൽ ഇടം ആഗ്രഹിച്ച നേതാവാണ് ബാലൻ. എന്നാൽ അതു നടന്നില്ല. വിജയരാഘവനെയാണ് പിബിയിലേക്ക് ബാലൻ നിർദ്ദേശിച്ചത്. തരൂരിന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കാനും ബാലനെ പിണറായി അനുവദിച്ചില്ല. ഇതെല്ലാം ബാലന്റെ പ്രസ്താവനയ്ക്ക് പിന്നിലുണ്ടോ എന്ന സംശയം സിപിഎമ്മിൽ ഒരു വിഭാഗത്തിനുണ്ട്. ഇതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രസ്താവന. ഇതോടെ തോൽവിയുണ്ടായാൽ അതിന് ഉത്തരവാദി പിണറായി മാത്രമാകുകയും ചെയ്യും.