തിരുവനന്തപുരം: കേരളത്തിൽ പൊലീസ് കോൺസ്റ്റബിൾ നിയമനത്തിൽ വിദ്യാഭ്യാസ യോഗ്യതയിലും ഉയരത്തിന്റെ കാര്യത്തിലുമെല്ലാം വലിയ മാറ്റം വരുത്തി സർക്കാർ ഉത്തരവ്. പൊലീസ് സേനയിൽ കോൺസ്റ്റബിൾ ആകാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താംതരത്തിൽ നിന്ന് പ്‌ളസ് ടു അഥവാ ഹയർസെക്കൻഡറി ആയി ഉയർത്തിയതാണ് ഏറ്റവും പ്രധാന മാറ്റം. പ്രായപരിധി 25ൽ നിന്ന് 26 ആക്കി ഉയർത്തിയിട്ടുണ്ട്.

കുറഞ്ഞ ഉയരത്തിലും മാറ്റംവരുത്തി. പുരുഷന്മാർക്ക് 168 സെന്റീമീറ്റർ ഉയരവും വനിതകൾക്ക് 157 സെന്റീമീറ്റർ ഉയരവും വേണമെന്നാണ് പുതിയ ഉത്തരവിൽ നിഷ്‌കർഷിച്ചിട്ടുള്ളത്. നേരത്തെ ഇത് പുരഷന് 167 സെന്റീമീറ്ററും സ്ത്രീകൾക്ക് 152 സെന്റീമീറ്ററും ആയിരുന്നു. പുരുഷന്റെ കുറഞ്ഞ ഉയരത്തിൽ ഒരു സെന്റീമീറ്റർ വർധനയും സ്ത്രീകൾക്ക് അഞ്ച് സെന്റീമീറ്ററിന്റെ വർധനയുമാണ് വരുത്തിയത്.

അടുത്ത പിഎസ് സി വിജ്ഞാപനം മുതൽ മാറ്റംവരുന്ന രീതിയിലാണ് സർക്കാർ ഉത്തരവ് ഇറക്കിയിട്ടുള്ളത്. കേരള പൊലീസ് സബോർഡിനേറ്റ് സർവീസ് റിക്രൂട്ട്‌മെന്റ് റൂൾസിൽ ഇതുസംബന്ധിച്ച് ഭേദഗതി വരുത്തിക്കൊണ്ടാണ് സർക്കാർ ഉത്തരവ്. ആഭ്യന്തര വകുപ്പിന്റെ പ്രത്യേക വിജ്ഞാപനത്തിലൂടെയാണ് ഭേദഗതികൾ കൊണ്ടുവന്നിട്ടുള്ളത്. മാറ്റങ്ങൾ ഉടൻ നടപ്പിലാവുമെന്ന് ഡിസംബർ എട്ടിന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

സിവിൽ പൊലീസ് ഓഫിസർ (പൊലീസ് കോൺസ്റ്റബിൾ) തസ്തികയിലേക്കുള്ള പിഎസ്‌സി വിജ്ഞാപനം വൈകുന്നതായി ആക്ഷേപം ഉയർന്നിരുന്നു. വാർഷിക വിജ്ഞാപനം പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ഈ തസ്തികയിൽ യോഗ്യത സംബന്ധിച്ച കാര്യത്തിൽ വ്യക്തത വരുത്താൻ സർക്കാർ തയാറാകാത്തതോടെ ഇക്കുറി വിജ്ഞാപനം ഇറങ്ങിയിരുന്നില്ല. തസ്തികയുടെ അടിസ്ഥാന യോഗ്യത എസ്എസ്എൽസിയിൽ നിന്നു പ്ലസ്ടു ആക്കി ഉയർത്തിയിരുന്നെങ്കിലും സ്‌പെഷൽ റൂളിൽ അതിനനുസരിച്ചു ഭേദഗതി വരുത്തിയില്ലെന്നതാണ് വിജ്ഞാപനം പുറത്തിറക്കാൻ തടസ്സമായിരുന്നത്.

അതിനാൽ കഴിഞ്ഞ തവണ എസ്എസ്എൽസി വിജയം അടിസ്ഥാന യോഗ്യത നിശ്ചയിച്ചാണു പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. യോഗ്യത സംബന്ധിച്ചു വ്യക്തത വരുത്തിയാൽ മാത്രമേ ഇനി വിജ്ഞാപനം പ്രസിദ്ധീകരിക്കൂ എന്ന് പിഎസ്‌സി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇപ്പോൾ സർക്കാർ അടിയന്തിരമായി വിജ്ഞാപനം പുറത്തിറക്കിയത്.

ഡിസംബർ 31നു മുൻപ് പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചില്ലെങ്കിൽ ഈ വർഷം പ്രായപരിധി അവസാനിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുമെന്ന ആശങ്കയാണ് ഉദ്യോഗാർത്ഥികൾ പങ്കുവച്ചത്. ഉയർന്ന പ്രായപരിധിയിൽ ഒരു വർഷം കൂട്ടി നൽകി സർക്കാർ ഈ പുതിയ വിജ്ഞാപനത്തോടെ ആ പ്രശ്‌നവും പരിഹരിച്ചിരിക്കുകയാണ്.