തൃശൂർ: എണ്ണയിട്ട യന്ത്രം പോലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചാൽ നിലവിലെ എല്ലാ പ്രതിസന്ധികളും മറികടന്ന് മുന്നോട്ട് പോകാൻ കഴിയുമെന്നും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റോഡുകളുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാൻ കഴിയുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ കോൺസ്റ്റിറ്റ്‌വൻസി മോണിറ്ററിങ് ടീം സംസ്ഥാനതല ഉദ്ഘാടനം തൃശൂർ രാമനിലയം കോൺഫറൻസ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ഓരോ മണ്ഡലത്തിലെയും പൊതുമരാമത്ത് പ്രവൃത്തികളുടെ നിരീക്ഷണ ചുമതല സൂപ്രണ്ടിങ് എഞ്ചിനീയർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരിൽ ഒരാൾക്ക് നൽകുന്ന പദ്ധതിയാണിത്. 24 സൂപ്രണ്ടിങ് എഞ്ചിനീയർമാർ, 57 എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ, 59 അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ എന്നിവർക്ക് ചുമതല നൽകി.

പദ്ധതിയുടെ ഭാഗമായി നോർത്ത്, സൗത്ത് എന്നീ റീജ്യനുകൾക്ക് റീജ്യണൽ നോഡൽ ഓഫീസർമാരായി ചീഫ് എൻജിനീയർമാരായ സിന്ധു, സൈജമോൾ എന്നിവരെ നിയമിച്ചു. സംസ്ഥാനത്തെ ചീഫ് നോഡൽ ഓഫീസറായി റോഡ് മെയിന്റനൻസ് വിഭാഗം ചീഫ് എൻജിനീയർ മനു മോഹന് ചുമതല നൽകി. നോഡൽ ഓഫീസർമാർ അതാത് നിയോജകമണ്ഡലത്തിലെ പ്രവർത്തികളുടെ മോണിറ്ററിങ് ചുമതല വഹിക്കണം. എല്ലാ സൈറ്റുകളിലും പരിശോധന നടത്തി രണ്ട് മാസത്തിലൊരിക്കൽ റിപ്പോർട്ട് റീജ്യണൽ നോഡൽ ഓഫീസർ മുഖാന്തരം ചീഫ് നോഡൽ ഓഫീസർക്ക് അയച്ചു നൽകണം.

ചീഫ് നോഡൽ ഓഫീസർ ഇത് ക്രോഡീകരിച്ച് സെക്രട്ടറി മുഖാന്തരം മന്ത്രിക്ക് നൽകണം. നിലവിലെ നിരീക്ഷണ സംവിധാനത്തിന് പുറമെയാണ് പുതിയ ടീം പ്രവർത്തിക്കുക. സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികൾ കാര്യക്ഷമമായും സമയബന്ധിതമായും നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

തൃശൂർ, എറണാകുളം, ഇടുക്കി, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് 60 നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് തൃശൂരിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനത്തിൽ പങ്കെടുത്തത്. സമാനമായ രീതിയിൽ തിരുവനന്തപുരം, കോഴിക്കോട് റീജിയണുകളിലും പരിപാടി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ഉപകാരപ്രദമായി രീതിയിൽ ചലനാത്മകമായി പൊതുമരാമത്ത് വകുപ്പിനെ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് നടപടി.

കുതിരാൻ രണ്ടാം തുരങ്കം ഏപ്രിലോടെ തുറന്നുനൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കോൺസ്റ്റിറ്റ്‌വൻസി മോണിറ്ററിങ് ടീം സംസ്ഥാനതല ഉദ്ഘാടന പരിപാടിയിൽ പിഡബ്ല്യുഡി മിഷൻ ടീം സ്റ്റേറ്റ് നോഡൽ ഓഫീസർ എസ് ഷാനവാസ് അധ്യക്ഷത വഹിച്ചു. ചീഫ് എഞ്ചിനീയർ (മെയിന്റനൻസ്) മനു മോഹൻ, നോഡൽ ഓഫീസർമാരായ സൈജമോൾ, സിന്ധു എന്നിവർ പങ്കെടുത്തു.