ദോഹ: ഖത്തറിൽ ഈ അധ്യയനവർഷം കൂടുതൽ സ്‌കൂളുകളും നഴ്‌സറികളും തുറക്കും. 33 സ്‌കൂളുകളാണ് പുതിയതായി പഠനം അവസരം നൽകുന്നത്. പുതിയ ഇൻഡിപെൻഡന്റ് സ്‌കൂളുകളുടെയും നഴ്‌സറികളുടെയും നിർമ്മാണം അവസാന ഘട്ടത്തിലാണെന്ന് പൊതുമരാമത്ത് അഥോറിറ്റി അഷ്ഖാൽ അറിയിച്ചു. കെട്ടിടം പണി പൂർത്തിയായാലുടൻ സ്‌കൂൾ കെട്ടിടങ്ങൾ ഉന്നത വിദ്യാഭ്യാസ കൗൺസിലിന് കൈമാറും.

നുഐജ, അൽ ജമെയ്‌ല, ബായ, അൽ റയ്യാൻ, അൽഹിലാൽ, ദഹ്ല് അൽഹമ്മാം, അബ അൽ ഹിറയ്ൻ, റൗദത്ത് റാഷിദ്, ഖരാന, ഓൾഡ് എയർപോർട്ട്, തമീദ്, ഉനൈസ, അൽ വുഖൈർ എന്നിവിടങ്ങളിലാണ് പുതിയ സ്‌കൂളുകൾ നിർമ്മിക്കുന്നത്. 737 ലക്ഷം കോടി റിയാലാണ് സ്‌കൂളുകളുടെ നിർമ്മാണച്ചെലവ്.

കഴിഞ്ഞ വർഷം ഐൻ ഖാലിദ്, അൽ ഫ്രുവ്ഷ്, അൽ ഗുവൈരിയ എന്നിവിടങ്ങളിൽ അഞ്ച് സ്‌കൂളുകളുടെ നിർമ്മാണം അഷ്ഖാൽ ആരംഭിച്ചിരുന്നു. രണ്ടുനിലകൾ വീതമുള്ള സ്‌കൂളുകളിൽ 25 ക്ലാസ് മുറികളുണ്ടാകും. ഒരു ക്ലാസിൽ 25 വിദ്യാർത്ഥികളെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ടാകും.

സയൻസ്, ഭാഷാ, ഐ.ടി. ലബോറട്ടറികൾ, ലൈബ്രറികൾ, ഇൻഡോർ, ഔട്ട്‌ഡോർ സ്പോർട്സ് ഹാളുകൾ, ആർട്ട് ഹാളുകൾ, പാർക്കിങ് ഏരിയ, സർവീസ് ബിൽഡിങ്ങുകൾ എന്നിവയും സ്‌കൂളുകളുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്.