ജിദ്ദ: കൊറോണാ പ്രതിസന്ധി മൂലം നിർത്തലാക്കിയിരുന്ന ഇന്ത്യൻ കോൺസുലേറ്റിന്റെ ജിദ്ദയ്ക്ക് പുറത്തുള്ള കോൺസുലർ പര്യടനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി മക്കയിൽ ഇന്ത്യൻ പാസ്‌പോർട്ട് - കോൺസുലർ സേവനങ്ങൾക്കുള്ള ഔട്ട് ഏജൻസിയായ വി എഫ് എസിലെ ഉദ്യോഗസ്ഥന്മാർ അടങ്ങുന്ന സർവീസ് സംഘത്തിന്റെ ഏക ദിന ക്യാമ്പ്. ഡിസംബർ നാല് വെള്ളിയാഴ്ചയാണ് വി എഫ് എസ് സംഘം മക്കയിൽ ക്യാമ്പ് ചെയ്യുക. മക്കയിലും പരിസരങ്ങളിലും കഴിയുന്ന ഇന്ത്യൻ സമൂഹത്തിന് സംഘം പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലർ സേവനങ്ങൾ സംഘം നിർവഹിച്ചു കൊടുക്കും. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചതാണ് ഇക്കാര്യം.

മക്ക, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് മാത്രമായിരിക്കും സേവനങ്ങളെന്നും മറ്റിവിടങ്ങളിൽ നിന്നുള്ളവരുടെ അപേക്ഷകൾക്ക് പരിഗണന ലഭിക്കില്ലെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു.

മക്കയിലെ അസീസിയ്യയിൽ പ്രവർത്തിക്കുന്ന ഹജ്ജ് ഹൗസിൽ ആയിരിക്കും വി എഫ് എസ് സംഘം ക്യാമ്പ് ചെയ്യുക. അസീസിയ്യയിലെ മുഖത്തുൽ ബങ്ക് ഭാഗത്തുള്ള ഹിദായ ടവറിന് പുറകിലാണ് ഹജ്ജ് ഹൗസ് സ്ഥിതി ചെയ്യുന്നത്.