- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺസുലേറ്റിന്റെ സമാന്തര അക്കൗണ്ടിൽ എത്തിയ 58 കോടി എവിടെ പോയി; ലൈഫ് മിഷന് കൊടുത്തത് ഇങ്ങനെ വന്ന 20 കോടി; ബാക്കി തുക ആർക്കൊക്കെ നൽകിയെന്ന് കണ്ടെത്താൻ ഇഡിയും കസ്റ്റംസും; പ്രളയ സഹായവും അന്വേഷണ റഡാറിൽ; കോൺസുലേറ്റിന് ഉണ്ടായിരുന്നത് ആറു അക്കൗണ്ടുകൾ
തിരുവനന്തപുരം: കേരള സർക്കാരിനെ വിടാതെ പിന്തുടരാൻ കേന്ദ്ര ഏജൻസികൾ. സ്വർണ്ണ കടത്തിലും ഡോളർ കടത്തിനും കിഫ്ബി വിവാദത്തിനും പിന്നാലെ പുതിയ ആയുധത്തിനായുള്ള അന്വേഷണത്തിലാണ് കേന്ദ്ര ഏജൻസികൾ. പ്രളയസഹായമായി വിദേശത്തു നിന്നു വന്ന കോടിക്കണക്കിനു രൂപയും നിത്യോപയോഗ സാധനങ്ങളും എങ്ങനെ ചെലവിട്ടെന്ന് അന്വേഷിക്കാനാണ് നീക്കം. കസ്റ്റംസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) വെവ്വേറെ അന്വേഷിക്കും. ഇതോടെ പിണറായി സർക്കാരും കേന്ദ്രവുമായുള്ള ഏറ്റുമുട്ടൽ പുതിയ തലത്തിലെത്തും. ഇഡിക്കെതിരെ കേസെടുക്കാനുള്ള നീക്കമാണ് എല്ലാത്തിനും കാരണം.
മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തെ തുടർന്ന് യുഎഇ കോൺസുലേറ്റിന്റെ പേരിൽ തിരുവനന്തപുരത്തെ ബാങ്കിൽ സമാന്തര അക്കൗണ്ടിലേക്ക് വന്ന 58 കോടിയെപ്പറ്റിയാണ് പരിശോധന. ഇതിൽ നിന്നാണ് 20 കോടി രൂപ യുഎഇയിലെ റെഡ്ക്രസന്റ് സ്ഥാപനം വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കായി നൽകിയതും 3.25 കോടി രൂപ സ്വപ്ന സുരേഷിനും കോൺസുലേറ്റിന്റെ അക്കൗണ്ടന്റ് ഖാലിദിനും കമ്മിഷനായി നൽകിയതും. ബാക്കി തുക ആർക്കൊക്കെ നൽകിയെന്നാകും കണ്ടെത്തുക. രാഷ്ട്രീയ ഉന്നതർക്ക് പോലും ഈ പണം കിട്ടിയെന്ന് വ്യക്തമാണ്. ഇതിനൊപ്പം ഓരോ രാജ്യത്തു നിന്നും വന്ന ഇത്തരത്തിലെ സഹായങ്ങളും പരിശോധിക്കും.
കോൺസുലേറ്റിന്റെ അക്കൗണ്ടിനു നയതന്ത്ര പരിരക്ഷയുണ്ടായിരുന്നതാണു നേരത്തെ പരിശോധനയ്ക്കു തടസ്സമായിരുന്നത്. എന്നാൽ, സ്വർണക്കടത്തും ഡോളർകടത്തും മുൻ കോൺസൽ ജനറൽ ജമാൽ അൽസാബി, മുൻ അഡ്‌മിൻ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി, ഫിനാൻസ് വിഭാഗം തലവൻ ഖാലിദ് അലി ഷൗക്രി എന്നിവരുടെ അറിവോടെയും സഹായത്തോടെയുമാണെന്നു തെളിഞ്ഞതിനാൽ നയതന്ത്ര പരിരക്ഷ ഇനി നിലനിൽക്കില്ല. ഇതോടെയാണ് കേന്ദ്ര ഏജൻസികൾ പുതിയ കേസിനുള്ള സാധ്യത തേടി അന്വേഷണം നടക്കുന്നത്.
ഇതു കൂടാതെ വേറെയും പണം എത്തിയെന്നും ചില സംഘടനകൾക്കു തുക കൈമാറിയെന്നും സൂചനയുണ്ട്. 6 അക്കൗണ്ടുകളാണു കോൺസുലേറ്റിന്റെ പേരിൽ ഉണ്ടായിരുന്നത്. പ്രളയ ശേഷം 2018 ഒക്ടോബറിൽ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ സന്ദർശിച്ചിരുന്നു. അതിന് ഒരു ദിവസം മുൻപു സ്വപ്നയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും യുഎഇയിൽ ഉണ്ടായിരുന്നു.
സംസ്ഥാനത്തിനു നേരിട്ട് വിദേശ സഹായം കൊണ്ടുവരാൻ പാടില്ലെന്ന കേന്ദ്ര നിർദ്ദേശം തടസ്സമായി. ഇതാണ് കോൺസുലേറ്റു വഴി പണം കേരളത്തിലെത്തിക്കാൻ തീരുമാനിച്ചതിനു പിന്നിലെന്നാണു കേന്ദ്ര ഏജൻസികളുടെ നിഗമനം. ഈ പണം പലവഴിക്ക് പോയെന്നാണ് കണ്ടെത്തൽ. കോഴിക്കോട്ടെ മതസ്ഥാപനത്തിനും ഇതിന്റെ ആനുകൂല്യം ലഭിച്ചെന്ന് നേരത്തെ സംശയം ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ