- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൺസ്യൂമർ ഫെഡ് ഓണം-മുഹറം മേള ഓഗസ്റ്റ് 11 മുതൽ; സംസ്ഥാനത്ത് 2000 വിപണികൾ
കോഴിക്കോട്: സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡ് നടത്തുന്ന ഓണം-മുഹറം വിപണനമേള ഓഗസ്റ്റ് 11 മുതൽ 20 വരെ നടക്കും. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 11ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്, മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആദ്യ വിൽപന നിർവഹിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്സിഡി നിരക്കിൽ ലഭിക്കുക.
ജയ അരിയും കുറുവ അരിയും കിലോക്ക് 25 രൂപ നിരക്കിൽ ലഭ്യമാവും. കുത്തരിക്ക് 24 രൂപയും പച്ചരിക്ക് 23 രൂപയുമാണ് വില. പഞ്ചസാര 22, വെളിച്ചെണ്ണ 92, ചെറുപയർ 74, വൻ കടല 43, ഉഴുന്ന് ബോൾ 66, വൻപയർ 45, തുവരപ്പരിപ്പ് 65, മുളക് ഗുണ്ടൂർ 75, മല്ലി 79 എന്നിങ്ങനെയാണ് ഓണവിപണിയിലെ വില. ജയ അരി, കുറുവ, കുത്തരി എന്നിവ അഞ്ചു കിലോ വീതവും പച്ചരി രണ്ടു കിലോയും പഞ്ചസാര ഒരു കിലോയും ലഭിക്കും. ബാക്കി സാധനങ്ങൾ 500 ഗ്രാം വീതമാണ് ലഭിക്കുക. 30 ലക്ഷം കുടുംബങ്ങളിലേക്ക് ഇതിന്റെ ആനുകൂല്യം എത്തിച്ചേരും. റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് സപ്ലൈകോ വിലവിവരപട്ടിക പ്രകാരമാണ് സാധനങ്ങൾ നൽകുന്നത്.
സംസ്ഥാനത്ത് 2000 ഓണം-മുഹറം വിപണികളാണ് കൺസ്യൂമർ ഫെഡ് ആരംഭിക്കുന്നത്. സബ്സിഡി ഉൽപന്നങ്ങൾക്കു പുറമെ സൗന്ദര്യ വർധക വസ്തുക്കളും വീട്ടുപകരണങ്ങളും 15 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ കൺസ്യൂമർ ഫെഡ് വിൽപന നടത്തും. കൺസ്യൂമർ ഫെഡ് റീജനൽ മാനേജർ സുരേഷ് ബാബു, അസി. റീജനൽ മാനേജർ പ്രവീൺ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.