- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1100 കോടി ബാധ്യതയുള്ള കൺസ്യൂമർഫെഡിൽ ഒരു വർഷം ചായ കുടിച്ചതിനു മൂന്നു കോടി; പ്രസിഡന്റിന്റെ സന്ദർശനത്തിന് മാത്രം മൂന്നരലക്ഷം; ഡ്രൈവറുടെ ഭക്ഷണത്തിനു 9 ലക്ഷം: ജോയി തോമസിനെ മാറ്റാൻ സുധീരൻ പറയുന്നതു വെറുതേയല്ല
തിരുവനന്തപുരം: ജോയി തോമസ്, ഇനിയും ഇതുവഴി വരുമോ ' വെള്ളാനകളെയും' മെയ്‌ച്ചുകൊണ്ട്? ചായസൽക്കാരത്തിന് പ്രതിവർഷം മൂന്നു കോടി ചെലവിട്ട കൺസ്യൂമർഫെഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കേരളജനതയുടെ നമോവാകം! അഴിമതിയിൽ മുങ്ങിക്കുളിച്ച 22 ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ട്, കസേര നിലനിർത്തി അന്വേഷണത്തിൽ വെള്ളം ചേർക്കാൻ അശ്രാന്തപരിശ്രമം, നഷ്ടത്തിലായ ത്ര
തിരുവനന്തപുരം: ജോയി തോമസ്, ഇനിയും ഇതുവഴി വരുമോ ' വെള്ളാനകളെയും' മെയ്‌ച്ചുകൊണ്ട്? ചായസൽക്കാരത്തിന് പ്രതിവർഷം മൂന്നു കോടി ചെലവിട്ട കൺസ്യൂമർഫെഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കേരളജനതയുടെ നമോവാകം! അഴിമതിയിൽ മുങ്ങിക്കുളിച്ച 22 ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ട്, കസേര നിലനിർത്തി അന്വേഷണത്തിൽ വെള്ളം ചേർക്കാൻ അശ്രാന്തപരിശ്രമം, നഷ്ടത്തിലായ ത്രിവേണി-നന്മ സ്റ്റോറുകൾ പൂട്ടാനും പ്രവർത്തനറിപ്പോർട്ടിൽ നിർദ്ദേശം
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കൺസ്യൂമർഫെഡ് എം.ഡി നൽകിയ കഴിഞ്ഞ ആറുമാസത്തെ പ്രവർത്തന റിപ്പോർട്ടിന്റെ ആമുഖം ഇങ്ങനെ- ' അഴിമതിയുടെ കൂത്തരങ്ങുവകുയും സാമ്പത്തിക കെടുകാര്യസ്ഥതയിൽ തകർച്ചയിലാവുകയും ചെയ്ത സ്ഥാപനത്തിന് പ്രതീക്ഷിക്കാൻ ഏറെയൊന്നുമില്ല '. ഈ റിപ്പോർട്ട് വായിച്ചാൽ പിന്നെ ഒരു നിമിഷം പോലും ഫെഡ് പ്രസിഡന്റ് അഡ്വ.ജോയ് തോമസിനെയോ, റിജി ജി നായരെയോ, സനിൽ കുമാറിനെയോ കസേരയിലെന്നല്ല, കൺസ്യൂമർഫെഡിന്റെ പരിസരത്തു പോലും അടുപ്പിക്കില്ല. ഇതു വായിച്ചതു കൊണ്ടാകും കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ ജോയി തോമസിനെ മാറ്റണമെന്നു രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. കൺസ്യൂമർഫെഡിലെ അഴിമതിയെ കുറിച്ച് മറുനാടൻ മലയാളി നൽകിയ രേഖകളെ നൂറുശതമാനം ശരിവയ്ക്കുന്ന തരത്തിലാണ് പ്രവർത്തന റിപ്പോർട്ട്. 2011 മുതൽ കൺസ്യൂർഫെഡിൽ നടന്നു വന്ന കോടികളുടെ ധൂർത്തിനും സാമ്പത്തിക അച്ചടക്കമില്ലായ്മയ്ക്കും താൽക്കാലിക ശമനം വന്നത് കഴിഞ്ഞ ആറുമാസത്തിനുള്ളിലാണ്.
'ചായച്ചെലവ്' എന്ന പേരിൽ കൺസ്യൂമർഫെഡിൽ നിന്നും ഉദ്യോഗസ്ഥർ തട്ടിയെടുത്തത് കോടികളാണ്. ഒരു വർഷം ഈയിനത്തിൽ മൂന്നു കോടി രൂപയാണ് വിഖ്യാത ചായച്ചെലവിന് ഉപയോഗിച്ചത്. ഇതു നിർത്തലാക്കി. പ്രസിഡന്റിനും എം.ഡിക്കും വേണ്ടി ഉപയോഗിക്കാൻ എന്ന പേരിൽ വാടകയ്‌ക്കെടുത്തിരുന്ന ഫ്ളാറ്റുകളും തിരിച്ചേൽപിച്ചു. വൻതുകകൾ വാടക നൽകി നിലനിർത്തിയിരുന്ന ഫ്ളാറ്റുകളിൽ താമസിക്കുന്നതിനു പകരം, സ്വകാര്യ ഹോട്ടലുകളിൽ താമസിക്കാനായിരുന്നു പ്രസിഡന്റിനും എം.ഡിക്കും ഉദ്യോഗസ്ഥർക്കും താൽപര്യം. പ്രവർത്തന റിപ്പോർട്ടിലെ പ്രധാനപരാമർശങ്ങൾ ഇവയാണ്. 5000 രൂപയിലധികമുള്ള ചെലവുകൾക്ക് മുൻകൂർ അനുമതി വാങ്ങുക, ഫെഡിലേക്ക് ആവശ്യമുള്ള സ്റ്റേഷനറി സാധനങ്ങൾ സ്റ്റേഷനറി ഡിവിഷനിൽനിന്ന് വാങ്ങുക, മദ്യക്കമ്പനികൾ നൽകുന്ന ഇൻസെന്റീവുകൾ ചെക്കായി നൽകുക, പരസ്യങ്ങൾ നേരിട്ടു നൽകുക. കൂടാതെ മെഡിക്കൽ സ്റ്റോറുകൾ, വിദേശമദ്യം, പാചകവാതക വിതരണം എന്നിവ മാത്രമാണ് കൺസ്യൂമർഫെഡിന് നിലവിൽ ലാഭമുണ്ടാക്കുന്നത്.
കൺസ്യൂമർഫെഡ് ഭരണസമിതിയും മാനേജിങ് ഡയറക്ടറും നടത്തിയ സാമ്പത്തിക തിരിമറികളെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം വിജിലൻസ് നടത്തിയിട്ടില്ലെന്നും പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. തുടർന്ന് ജി. ദിനേശ്‌ലാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെയും മാനേജിങ് ഡയറക്ടർ നേരിട്ടു നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ സാമ്പത്തിക തിരിമറി നടത്തിയ 24 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിൽ രണ്ടു പേർ വിശദീകരണം നൽകി തിരികെ ജോലിയിൽ കയറി. മറ്റു 22 പേരിൽ 2 പേർക്കെതിരെ ഗാർഹിക അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സസ്‌പെൻഷനിലുള്ള മുൻ ചീഫ് മാനേജർ ആർ.ജയകുമാർ, പത്തനംതിട്ട ബിസനസ് മാനേജർ എം. ഷാജി എന്നിവർക്കെതിരെയാണ് ഗാർഹിക അന്വേഷണം നടത്തുന്നത്. സസ്‌പെൻഷനിലായ ഇവരുൾപ്പെട്ട 22 പേരാണ് കൺസ്യൂമർഫെഡിനെ നശിപ്പിച്ച് ഈ അവസ്ഥയിലാക്കിയത്. കോടികളുടെ ധൂർത്തും അഴിമതിയുമാണ് കുറഞ്ഞ കാലയളവിനുള്ളിൽ ഇവർ നടത്തിക്കൂട്ടിയത്.
1100 കോടി രൂപയാണ് കൺസ്യൂമർഫെഡിന്റെ ബാധ്യത. പ്രതിസന്ധിയിൽ കൺസ്യൂമർഫെഡ് നട്ടം തിരിയുമ്പോഴും ധൂർത്തിലൂടെ ജോയി തോമസ് കൺസ്യൂമർ ഫെഡിനെ തകർക്കുകയാണെന്നായിരുന്നു റിപ്പോർട്ട്. 2011 ഓഗസ്റ്റ് മാസത്തിൽ ചുമതലയേറ്റത് മുതൽ കൺസ്യൂമർഫെഡിന്റെ സ്ഥാപനങ്ങൾ സന്ദർശിച്ചതിന് 3,43,735 രൂപയാണ് ജോയ് തോമസ് അലവൻസ് ഇനത്തിൽ എഴുതിയെടുത്തിരിക്കുന്നത്. യാത്രയ്ക്കും താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവ് അതതു ജില്ലകളിലെ ഓഫീസുകൾ വഹിക്കുമ്പോഴാണ് ഇത്രയും തുക അനധികൃതമായി എഴുതിയെടുത്തത്. ഇതിനുപുറമേ ഡ്രൈവർ സന്തോഷിന്റെ പേരിൽ ഭക്ഷണത്തിനും ഇന്ധനത്തിനുമായി 9,17,940 രൂപയും ജോയ് തോമസിന്റെ എഴുതിയെടുത്തു.
പ്രസിഡന്റ് ഉപയോഗിക്കുന്ന ഇന്നോവ കാർ മറയാക്കി ലക്ഷങ്ങളാണ് തിരിമറി നടത്തിയിട്ടുള്ളത്. കാറിന്റെ ഇന്ധനത്തിന് ഇക്കാലയളവിൽ 13 ലക്ഷം രൂപയും അറ്റകുറപ്പണിക്കായി ഏഴര ലക്ഷം രൂപയും ചിലവഴിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പ്രസിഡന്റിന്റെ കാർ യാത്രയ്ക്ക ് വന്നിരിക്കുന്ന ആകെ ചെലവ് 29,86,000 രൂപയാണ്. 2,30,000 കിലോമീറ്റർ സഞ്ചരിച്ചപ്പോൾ ജോയ് തോമസിന്റെ കാറിന്റെ 27 ടയറുകൾ മാറിയതായാണ് ബില്ല്. വാഹനത്തിന്റെ ടയർ മാറ്റുന്നതിൽ വൻക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നതാണ് ഈ കണക്ക്. ജോയി തോമസിന്റെ മകന്റെ വിവാഹത്തിന് തൊട്ടു മുൻപ് പുതിയ കാർ വേണമെന്ന നിർബന്ധത്തിലാണ് ഫോഡ് ഫീയസ്റ്റ മാറ്റി ഇന്നോവ വാങ്ങിയതെന്നും കൺസ്യൂമർഫെഡ് വിജിലൻസ് കണ്ടെത്തിയിരുന്നു.
ഇങ്ങനെ കൊടിയ അഴിമതി നടത്തിയ ഒരാൾ തൽസ്ഥാനത്ത് തുടരരുതെന്ന നിലപാടാണ് സുധീരന് ഉള്ളത്. തനിക്കെതിരെ നീങ്ങുന്ന ഗ്രൂപ്പുകൾക്ക് എതിരായ രാഷ്ട്രീയം കൂടിയാണ് സുധീരന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കം. ഡിസിസി പുനഃസംഘടന ഉടൻ പൂർത്തിയാക്കാനുള്ള കെപിസിസി വിശാല നിർവാഹകസമിതി തീരുമാനത്തിനെതിരെ കോൺഗ്രസിലെ പ്രമുഖ ഗ്രൂപ്പുകൾ നേരിട്ട് രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ സുധീരന്റെ നിലപാടുകളെ ചോദ്യം ചെയ്താണ് എ- ഐ ഗ്രൂപ്പുകൾ രംഗത്തെത്തിയിരുന്നത്.
ഗ്രൂപ്പ് മാനേജർമാർ നൽകിയ പട്ടികയിലുൾപ്പെടാത്ത ചിലരെ കെപിസിസി പ്രസിഡന്റ് സ്വന്തം താൽപര്യപ്രകാരം നിയമിച്ചുവെന്നാണ് ഗ്രൂപ്പുകളുടെ പരാതി. എന്നാൽ, നിശ്ചയിച്ച മാനദണ്ഡങ്ങളിൽ പെടാത്ത ചിലരെ ഒഴിവാക്കി പകരം അതേ ഗ്രൂപ്പിൽനിന്ന് യോഗ്യരായവരെ ഉൾപ്പെടുത്തുകയായിരുന്നുവെന്നാണ് സുധീരന്റെ നിലപാട്. ഈ വാദം എ- ഐ വിഭാഗങ്ങൾക്ക് സ്വീകാര്യമല്ല. ഗ്രൂപ്പിൽനിന്ന് ആരൊക്കെ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന നിലപാടിലാണ് ഇവർ.
പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്ന തട്ടിപ്പിന്റെ കണക്കുകൾ ചിന്തിക്കുന്നതിലും അപ്പുറമാണ്. കൺസ്യൂമർഫെഡ് സ്ഥാപനങ്ങളുടെ അറ്റകുറ്റപണി നടത്തിയതിൽ 85 ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ട്രാവലിങ് അലവൻസിന്റെ പേരിൽ പതിനെട്ടരലക്ഷവും പ്രിന്റിങ് ഇനത്തിൽ 11 ലക്ഷവും ഓവർടൈം അലവൻസിന്റെ പേരിൽ 11 ലക്ഷം, സോഫ്റ്റ് വെയർ വികസനത്തിന് പേരിൽ 14 ലക്ഷം രൂപ...ഇങ്ങനെ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. കൺസ്യൂമർഫെഡിന്റെ 19 യൂണിറ്റുകളിൽ നടത്തിയ അന്വേഷണത്തിൽ മാത്രം 100 കോടിരൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്ഥാനമൊഴിഞ്ഞ എം.ഡി.ടോമിൻ തച്ചങ്കരി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പ്രവർത്തന റിപ്പോർട്ട് സമർപ്പിച്ചത്.