തിരുവനന്തപുരം: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടു പെടുന്ന മലയാളിക്ക് ഒരു സമയത്ത് ആശ്വാസമായിരുന്ന കൺസ്യൂമർഫെഡ് ഇപ്പോൾ തകർന്നു തരിപ്പണമായി മാറിയത് നിലവിലെ ഭരണസമിതിയുടെയും അവർക്ക് ഓശാന പാടുന്ന ഉദ്യോഗസ്ഥരുടേയും 'അശ്രാന്തപരിശ്രമം' കൊണ്ടാണ്. കൺസ്യൂമർ ഫെഡ് പ്രസിഡന്റ് ജോയ് തോമസിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾ നിരവധിയാണ്.

ഉപ്പിലും അരിയിലും എന്നു വേണ്ട കൺസ്യൂമർഫെഡ് വാങ്ങിയ സകലതിലും കൈയിട്ടു വാരി കോടികൾ വാരിക്കൂട്ടിയതു കൂടാതെ പാവപ്പെട്ടവന് ആശ്വാസമായ നീതി മെഡിക്കൽ സ്‌റ്റോറുകളിലെ ജീവൻരക്ഷാ മരുന്നുകളിലും കൈയിട്ടുവാരി. സംസ്ഥാനത്ത് ആകെ 104 നീതി മെഡിക്കൽ സ്‌റ്റോറുകളും 8 മെഡിക്കൽ വെയർഹൗസുകളുമാണ് കൺസ്യൂമർഫെഡിന് കീഴിലുള്ളത്. കൺസ്യൂമർഫെഡിന് കീഴിലുള്ള മെഡിക്കൽവെയർ ഹൗസുകളിൽനിന്ന് നീതി സ്റ്റോറുകളിലേക്ക് സബ്‌സിഡിയോടു കൂടി ബില്ല് ചെയ്യുന്ന മരുന്നുകളാണ് സ്വകാര്യ മെഡിക്കൽ സ്‌റ്റോറുകൾക്ക് മറിച്ചു വിറ്റത്. ഇതിലൂടെ ഉദ്യോഗസ്ഥർ കീശയിലാക്കിയത് കോടികളാണ്.

കൊല്ലം ജില്ലയിലെ വെയർഹൗസിൽ മാത്രം കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 14 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. അഞ്ചൽ, ആയൂർ, തലവൂർ, കുന്നിക്കോട്, പുനലൂർ, പുനക്കന്നൂർ, ചിറ്റുമല, പെരിന്തൽമണ്ണ, കിളിമാനൂർ എന്നീ നീതി മെഡിക്കൽ സ്റ്റോറുകളുടെ പേരിലാണ് കൊല്ലം വെയർഹൗസിൽ നിന്ന് മരുന്നുകൾ സ്വകാര്യ ലോബിക്ക് മറിച്ചു വിറ്റത്. ഇത് ഒരു വെയർഹൗസിന്റെ കാര്യം. ഇങ്ങനെ സംസ്ഥാനത്തുള്ള മറ്റ് വെയർ ഹൗസുകളിൽ നിന്നും സ്വകാര്യ മെഡിക്കൽ സ്‌റ്റോറുകളിലേക്ക് ഒഴുകിയത് ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളാണെന്ന് ഡ്രഗ്‌സ് കൺ്‌ട്രോൾ വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗം നടത്തിയ റിപ്പോർട്ടിൽ പറയുന്നു. മരുന്നു തട്ടിപ്പിന് ഉദ്യോഗസ്ഥരുടെ വ്യക്തമായ പങ്കിനെ കുറിച്ചും റിപ്പോർട്ടിൽ സൂചനയുണ്ട്. നീതി മെഡിക്കൽ സ്റ്റോറിനെതിരെ ലഭിച്ച പരാതിയിൽ സൂചിപ്പിച്ചിരുന്ന 34 പർച്ചേസ് ബില്ലുകളിൽ ഒരെണ്ണം മാത്രമാണ് പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായത്.

ഡ്രഗ്‌സ് ഇൻസ്‌പെക്ടർ എ.സജു സമർപ്പിച്ച റിപ്പോർട്ടിലെ പ്രസക്ത ഭാഗം ഇങ്ങനെ ' ഒരു കടയിലേക്ക് ബില്ല് ചെയ്ത ആറുമാസ കാലയളവിനുള്ളിൽ ഇത്രയധികം തിരിമറി നടത്തിയിട്ടുണ്ടെങ്കിൽ ഇതിന്റെ വ്യാപ്തി വളരെ വലുതാണ്. പൊതുഖജനാവിന് വളരെയധികം നഷ്ടം വരുന്ന ഈ തിരിമറി ഉടനടി അവസാനിപ്പിക്കാൻ തുടർ അന്വേഷണങ്ങൾ അത്യാന്താപേക്ഷിതമാണ് '. 2013 ഓഗസ്റ്റ് ഏഴിനാണ് അഞ്ചലിലെ നീതി മെഡിക്കൽ സ്റ്റോർ പരിശോധനയ്ക്കു ശേഷം ഈ റിപ്പോർട്ട് സമർപ്പിച്ചത്. ഈ കടയിൽ മാത്രം 1,07, 521 രൂപയുടെ തിരിമറിയാണ് കണ്ടെത്തിയത്.

 

2013 ഓഗസ്റ്റ് 13ന് കൊല്ലം വെയർഹൗസിലെ പരിശോധനയ്ക്ക് ശേഷം സമർപ്പിച്ച റിപ്പോർട്ടിങ്ങനെ- ' മേൽ ബില്ലുകളിലെ മരുന്നുകൾ എല്ലാം തന്നെ യഥാസ്ഥാനങ്ങളിൽ എത്താതെ മറ്റെവിടേയ്‌ക്കൊ മറിച്ചു വിറ്റതായിരിക്കാം എന്ന് അനുമാനിക്കാം ' ഇങ്ങനെ കാട്ടുകള്ളന്മാരെ പോലും നാണിപ്പിക്കുന്ന തിരിമറിയും വെട്ടിപ്പുമാണ് നീതിസ്റ്റോറുകളിലൂടെ അരങ്ങേറിയത്. ആരോപണവിധേയമായ നീതിസ്റ്റോറുകളിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ രൂക്ഷമായ ഭാഷയിലാണ് കൺസ്യൂമർഫെഡിനെ വിമർശിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ നീതി സ്റ്റോറുകളിലേക്ക് മരുന്നുകൾ വിതരണം ചെയ്യുന്ന വെയർഹൗസുകളിൽ വൻതോതിലുള്ള അഴിമതിയാണ് നടന്നിരിക്കുന്നത്. ഈ അഴിമതിയുടെ പ്രധാനപങ്കാളികൾ കൺസ്യൂമർഫെഡിലെ ഉദ്യോഗസ്ഥരാണ്. സംസ്ഥാനവ്യാപകമായി സ്ഥാപനങ്ങളുള്ള കൺസ്യൂമർഫെഡിലെ അഴിമതി വെളിച്ചെത്തു കൊണ്ടുവരാൻ വിജിലൻസിനെ കൊണ്ട് അന്വേഷണം നടത്തണ്ടേതാണ്. കൺസ്യൂമർഫെഡ് ഉദ്യോഗസ്ഥരും സ്വകാര്യ മെഡിക്കൽ സ്‌റ്റോർ ഉടമകളും പങ്കാളികളായതിനാൽ ഇത്തരത്തിലുള്ള അന്വേഷണത്തിനാണ് ഡ്രഗ്‌സ് കൺ്‌ട്രോൾ വിഭാഗം ശുപാർശ ചെയ്യുന്നത്. ' ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന്റെ കണ്ടെത്തലുകളെ പൂർണമായും അംഗീകരിച്ചു കൊണ്ടാണ് വിജിലൻസ് ക്വിക് വെരിഫിക്കേഷൻ നടത്താൻ നിർദ്ദേശിച്ചിരിക്കുന്നത്. 45 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം.

നീതിമെഡിക്കൽ സ്റ്റോറുകൾക്ക് മരുന്നുകൾ വിതരണം ചെയ്യുന്ന മെഡിക്കൽ വെയർ ഹൗസുകളെ കുറിച്ചുള്ള മറ്റൊരു പ്രധാന ആരോപണം, മറിച്ചു വിറ്റവയിൽ മയക്കുമരുന്നു മാഫിയകൾ ലഹരിക്കായി ഉപയോഗിക്കുന്ന മരുന്നുകളും ഉൾപ്പെടുന്നുണ്ടെന്നുള്ളതാണ്. ട്രൈക്ക, എപ്‌റ്റോയിൻ, സിസോപ്പിൻ, ഗാർഡിനാൽ, അൽപ്രാക്‌സ്, ക്യൂട്ടിപ്പിൻ എന്നീ മരുന്നുകൾ മയക്കുമരുന്നു മാഫിയകൾ ഉപയോഗിക്കുന്നതായി സ്‌പെഷ്യൽ ബ്രാഞ്ചും രഹസ്യന്വേഷണ വിഭാഗവും ആഭ്യന്തര മന്ത്രാലയത്തിന് രേഖാമൂലം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള നീതിമെഡിക്കൽ സ്റ്റോറുകളിൽ നിന്നും ഇത്തരം മരുന്നുകൾ മറിച്ചു വിറ്റിരിക്കുന്നത്. കടുത്ത അപസ്മാരരോഗത്തിനും കാൻസർ രോഗത്തിന്റെ അതിവേദനയിൽ നിന്ന് രക്ഷപ്പെടാനും ഉറക്കമില്ലാത്തവർക്ക് ഉറങ്ങാനും ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകളാണ് ഇവ.

ഈ മരുന്നുകൾ മറിച്ചു വിറ്റതും ഗൗരവമായി കാണണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കൂടാതെ നീതി മെഡിക്കൽ സ്റ്റോറുകളുടെ വെയർഹൗസുകളിൽ കാലവധി കഴിഞ്ഞ കോടിക്കണക്കിന് രൂപയുടെ മരുന്നുകളാണ് കെട്ടിക്കിടക്കുന്നത്. കച്ചവട സാധ്യതയില്ലാത്ത ഇത്തരം മരുന്നുകൾ വൻതുക കമ്മീഷൻ പറ്റിയാണ് ഉദ്യോഗസ്ഥർ വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇതിലൂടെ സർക്കാരിന് കോടികളുടെ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്.

ബിവറേജുകളിലൂടെ ലഭിക്കുന്ന പണം കൊണ്ട് സാമ്പത്തിക ബാധ്യത ഒരു വിധം മറികടക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ അതിലും കൈയിട്ടു വാരിയതിലൂടെ പോക്കറ്റിലാക്കിയത് കോടികളാണ്. പ്രതിവർഷം എഴുനൂറ്റിഅമ്പതു കോടിയിലധികം രൂപയുടെ വിൽപനയാണ് വിദേശമദ്യവിപണനത്തിലൂടെ സർക്കാരിന് ലഭിക്കുന്നത്. 20 ശതമാനം മാർജിൻ ഇതിൽനിന്ന് ലഭിക്കുമ്പോൾ എല്ലാ ചെലവും കഴിഞ്ഞ് 8 ശതമാനം അറ്റാദായം കൺസ്യൂമർഫെഡിനുള്ളതാണ്. എന്നാൽ കൺസ്യൂമർഫെഡിന്റെ കണക്കുകളിൽ ലാഭം 3.32 ശതമാനം മാത്രമാണ്. മൂന്നു വർഷത്തിനുള്ളിൽ ഇതിൽ മാത്രം നടന്നത് 114 കോടിയുടെ വെട്ടിപ്പാണ്. കൺസ്യൂമർഫെഡിന്റെ അക്കൗണ്ടിൽ എത്തേണ്ട ഈ പണം എത്തുന്നത് വ്യക്തികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്കാണ്. 2005-06 ൽ 300 കോടിയുടെ വിദേശമദ്യം വിറ്റപ്പോൾ 36 ലക്ഷം രൂപയാണ് മദ്യകമ്പനികൾ കൺസ്യൂമർഫെഡിന് നൽകിയ ഇൻസെന്റീവ്. എന്നാൽ 2012- 13 കാലയളവിൽ 750 കോടിയുടെ മദ്യം മലയാളികളെ കൊണ്ട് കുടിപ്പിച്ചപ്പോൾ കൺസ്യൂമർഫെഡിന് കിട്ടിയത് വെറും നാലു ലക്ഷമെന്നാണ് കൺസ്യൂമർഫെഡ് ആണയിട്ടു പറയുന്നത്.