- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചരകോടിക്ക് വാങ്ങാമായിരുന്ന ഇടപാടിന് ആറരക്കോടി നൽകി ആർക്കും വേണ്ടാത്ത പ്രിയദർശനി ആശുപത്രി വാങ്ങി ഫാർമസി കോളേജ് തുടങ്ങിയതിൽ കള്ളക്കളി; സഹകരണമന്ത്രിയുടെ ഇടപെടലിൽ ദുരൂഹത; കൺസ്യൂമർ ഫെഡിനെ മുടിച്ച മറ്റൊരു ഇടപാട്
തിരുവനന്തപുരം: കൺസ്യൂമർഫെഡിലെ അഴിമതിയിൽ സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണനും പങ്കുണ്ടെന്ന് സൂചന. തൃശൂർ കേച്ചേരിയിലുള്ള ഫാർമസി കോളേജിന്റെ പേരിൽ കൺസ്യൂമർഫെഡിൽ നിന്ന് ഒഴുകിയത് കോടികളാണ്. ഇതിനായി മന്ത്രി കള്ളക്കളികൾ നടത്തിയെന്ന തെളിവുകളാണ് മറുനാടൻ മലയാളിക്ക് ലഭിച്ചത്. കേച്ചേരിയിലെ ഫാർമസി കോളേജിൽ 2015 മാർച്ച് 27, 28 തീയതികളിൽ പരിശോധന നടത്തി
തിരുവനന്തപുരം: കൺസ്യൂമർഫെഡിലെ അഴിമതിയിൽ സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണനും പങ്കുണ്ടെന്ന് സൂചന. തൃശൂർ കേച്ചേരിയിലുള്ള ഫാർമസി കോളേജിന്റെ പേരിൽ കൺസ്യൂമർഫെഡിൽ നിന്ന് ഒഴുകിയത് കോടികളാണ്. ഇതിനായി മന്ത്രി കള്ളക്കളികൾ നടത്തിയെന്ന തെളിവുകളാണ് മറുനാടൻ മലയാളിക്ക് ലഭിച്ചത്.
കേച്ചേരിയിലെ ഫാർമസി കോളേജിൽ 2015 മാർച്ച് 27, 28 തീയതികളിൽ പരിശോധന നടത്തിയതിന തുടർന്ന് സമർപ്പിച്ച റിപ്പോർട്ടിലാണ് സഹകരണ വകുപ്പ് മന്ത്രി സി.എൻ.ബാലകൃഷ്ണനും അഴിമതിയിൽ പങ്കുണ്ടെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. 2011-13 കാലയളവിൽ കൺസ്യൂമർ ഫെഡ് പ്രസിഡന്റ് ജോയ്‌തോമസ്, മാനേജിങ് ഡയറക്ടർ റിജി ജി നായർ, താൽക്കാലിക മാനേജിങ് ഡയറക്ടറുടെ പദവി വഹിച്ചിരുന്ന രജിസ്ട്രാർ വി.സനൽ കുമാർ എന്നിവർ നടത്തിയ കുംഭകോണം ' മറുനാടൻ മലയാളി' രേഖാമൂലം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വേലി തന്നെ വിളവു തിന്നെന്ന പഴമൊഴി പോലെ സഹകരണവകുപ്പ് മന്ത്രി സി.എൻ.ബാലകൃഷ്ണനും കൺസ്യൂമർഫെഡ് അഴിമതിയിൽ പങ്കുണ്ടെന്ന വിവരം പുറത്ത് വരുന്നത്.
കൺസ്യൂമർ ഫെഡ് ത്രിവേണി ഫാർമസി കോളേജിനായി തൃശൂർ കേച്ചേരിയിൽ സ്ഥലവും കെട്ടിടവും വാങ്ങിയ ഇടപാടിൽ ഒരു കോടിയിലധികം രൂപ അധികമായി നൽകിയതിൽ സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ പങ്ക് ദുരൂഹമാണെന്നാണ് കൺസ്യൂമർ ഫെഡിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. നഷ്ടത്തിലായിരുന്ന പ്രിയദർശിനി സഹകരണ ആശുപത്രിയാണ് ഫാർമസി കോളേജിനായി വാങ്ങിയത് . ഇതിൽ മന്ത്രി സി.എൻ. ബാലകൃഷ്ണന്റെ അമിത താത്പര്യവും അംഗീകാരവുമുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. വില്പന നടക്കുന്ന വേളയിൽ മുന്മന്ത്രി കെ.പി. വിശ്വനാഥൻ ആയിരുന്നു പ്രിയദർശിനി ആശുപത്രിയുടെ പ്രസിഡന്റ്. അതിന് മുമ്പ് സി.എൻ. ബാലകൃഷ്ണനായിരുന്നു പ്രസിഡന്റ്. ടോമിൻ തച്ചങ്കരിയുടെ നിർദ്ദേശം അനുസരിച്ച് കൺസ്യൂമർ ഫെഡ് വിജിലൻസ് വിഭാഗം ഇൻസ്‌പെക്ഷൻ ഓഫീസർ ദിനേശ് ലാലും സംഘവുമാണ് അന്വേഷണം നടത്തിയത്. കൺസ്യൂമർ ഫെഡ് അഴിമതി സംബന്ധിച്ച അന്വേഷണം മന്ത്രിതലത്തിലേക്ക് നീളുന്ന ഘട്ടത്തിലായിരുന്നു തച്ചങ്കരിക്ക് സ്ഥാനചലനമുണ്ടായത്.
2008ൽ തൃശൂരിലെ കേച്ചേരിയിൽ സ്ഥാപിതമായ പ്രിയദർശിനി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ 2 ഏക്കർ സ്ഥലവും കെട്ടിടവും ഫർണിച്ചറുകളും 2012ലാണ് കൺസ്യൂമർഫെഡ് ആറു കോടി അമ്പത്തിരണ്ട് ലക്ഷത്തി അറുപത്തി രണ്ടായിരത്തി എഴുന്നൂറ്റി എൺപത്തി രണ്ടു രൂപയ്ക്ക് വാങ്ങുന്നത്. പ്രിയദർശനി കോ-ഓപ്പറേറ്റിവ് സൊസൈറ്റിയിൽ നിക്ഷേപം ലഭിക്കാതെ വന്ന സാഹചര്യത്തിൽ സഹകാരികൾ കേസിനു പോകുകയും ഈ സ്ഥലം ജപ്തി ചെയ്യാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഈ ഉത്തരവ് പ്രകാരം അഞ്ചു കോടി അമ്പത്തിരണ്ട് ലക്ഷത്തി അറുപത്തി രണ്ടായിരത്തി എഴുന്നൂറ്റി എൺപത്തി രണ്ടു രൂപയാണ് പ്രിയദർശിനി ഹോസ്പിറ്റൽ സഹകാരികൾക്ക് നൽകേണ്ട ബാധ്യത. ഈ ബാധ്യതയുള്ള സ്ഥലമാണ് കോടതി ഉത്തരവിൽ പറഞ്ഞതിനേക്കാൾ ഒരു കോടി അധികം നൽകി ഏറ്റെടുക്കാൻ കൺസ്യൂമർഫെഡ് തീരുമാനിക്കുന്നത്. കൺസ്യൂമർഫെഡ് ഉന്നത ഉദ്യോഗസ്ഥരുടേയും സഹകരണവകുപ്പ് മന്ത്രിയായ സി.എൻ.ബാലകൃഷ്ണന്റെയും അനുമതിയോടു കൂടിയാണ് പ്രമാണം കൺസ്യൂമർഫെഡിന് രജിസ്റ്റർ ചെയ്ത് നൽകുന്നത്.
ഇനി ഇക്കാര്യത്തിൽ സഹകരണ വകുപ്പ് മന്ത്രിയുടെ റോൾ. പ്രിയദർശിനി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ ലിമിറ്റഡിന്റെ മുൻ പ്രസിഡന്റ് സി.എൻ.ബാലകൃണനായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് ഈ സ്ഥാപനത്തിന് അഞ്ചരക്കോടിയുടെ ബാധ്യതയുണ്ടായത്. കൺസ്യൂമർഫെഡിന്റെ ബൈലാ പ്രകാരം ഫാർമസി കോളേജ് തുടങ്ങുന്നതിന് അനുമതിയില്ല. തന്റെ കാലത്ത് ഉണ്ടാക്കിയ ബാധ്യത കൺസ്യൂമർഫെഡിന്റെ തലയിൽ കെട്ടിവച്ചാണ് പ്രിയദർശിനിയെ ഫാർമസി കോളേജാക്കി മാറ്റിയത്. അതും കോടതി പറഞ്ഞതിനേക്കാൾ ഒരു കോടി രൂപ അധികം നൽകി. പ്രിയദർശിനി ഹോസ്പിറ്റലിന്റെ 2 ഏക്കർ സ്ഥലം കൺസ്യൂമർഫെഡ് വാങ്ങിയതിൽ ഉന്നതരുടെ പങ്ക് ദുരൂഹവും സംശായസ്പദവുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രിയദർശിനിയിലെ ബാധ്യത കൊടുത്തു തീർക്കേണ്ടവരുടെ ലിസ്റ്റ് പ്രകാരം നിക്ഷേപകർക്ക് പണം മടക്കി കൊടുത്തതിന്റെ ബാക്കിയായി 20 ലക്ഷത്തോളം ബാക്കിയുണ്ട്. തൃശൂർ ജോയിന്റ് രജിസ്ട്രാറുടെ പ്രത്യേക അക്കൗണ്ടിലാണ് ഈ തുക.
ഇങ്ങനെ അധികമായി നൽകിയ ഒരു കോടിയും തൃശൂർ ജോയിന്റ് രജിസ്ട്രാറുടെ പക്കലുള്ള 20 ലക്ഷം രൂപയും ഫാർമസി കോളേജ് മോടി പിടിപ്പിക്കാൻ ചെലവാക്കിയ 3 കോടിരൂപയും ഫാർമസി കോളേജിൽ നടന്ന അനധികൃതനിയമനങ്ങളിലും മന്ത്രി സി.എൻ ബാലകൃഷ്ണന്റെ പങ്ക് വ്യക്തമാക്കുന്ന തരത്തിലാണ് റിപ്പോർട്ട്. പ്രിയദർശിനി കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് കെ.പി.വിശ്വനാഥൻ ആണ്. 2012 മെയ് മാസം 23 ആം തീയതിയാണ് കെ.പി.വിശ്വനാഥനും ജോസ്‌പോളും ചേർന്ന് കൺസ്യൂമർഫെഡ് എം.ഡി. റിജി നായർക്ക് 2 ഏക്കർ സ്ഥലം തീറാധാരാമായി എഴുതി നൽകുന്നത്. കൺസ്യൂമർഫെഡിലെ പകൽകൊള്ളയുടെ അമരക്കാരനായിരുന്ന റിജി ജി നായർ ഇടപെട്ടാൽ തന്നെ ഇടപാടിൽ അഴിമതി ഉണ്ടെന്ന ആരോപണം ശക്തമായി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപാടും നടന്നിരിക്കുന്നത്.
പ്രിയദർശനി സഹകരണ ആശുപത്രിലിമിറ്റഡിന്റെ ഭൂമിയും കെട്ടിടങ്ങളും അതിലെ ഉപകരണങ്ങളും ഫർണിച്ചറുകളും അടക്കമാണ് ആറരക്കോടിക്ക് കൺസ്യൂമർഫെഡ് വാങ്ങിയത്. എന്നാൽ ഇതിലെ ഉപകരണങ്ങളും ഫർണിച്ചറുകളും കൺസ്യൂമർഫെഡിലെ ഉന്നത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലേലം ചെയ്തു. ഇതിന്റെ തുകയെ പറ്റി പരാമർശമില്ല. കൂടാതെ സ്‌കാനിങ്, എക്‌സറേ മെഷീനുകൾ എന്നിവ 13.25 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ വിറ്റത്. ഈ ഇടപാടിലും വൻ അഴിമതിയാണ് നടന്നത്. കൺസ്യൂമർഫെഡിനെ നശിപ്പിച്ച് കുളം തോണ്ടിയ ഉദ്യോഗസ്ഥർക്ക് അഴിമതി നടത്താൻ് സഹകരണവകുപ്പ് മന്ത്രി സി.എൻ.ബാലകൃഷ്ണന്റെ മൗനാനുവാദമുണ്ടായിരുന്നുവെന്നുള്ളതിന്റെ ദൃഷ്ടാന്തമാണ് കേച്ചേരി ഫാർമസി കോളേജിൽ നടത്തിയ ഈ അന്വേഷണ റിപ്പോർട്ട്.