ഡബ്ലിൻ: സമ്പദ് ഘടന മെച്ചപ്പെട്ട് വരുന്ന സാഹചര്യത്തിൽ അയർലണ്ടിൽ ടാക്‌സി നിരക്ക് ഉയർത്താൻ നീക്കം. അടുത്ത വർഷത്തോടെ  4 ശതമാനം നിരക്ക് വർദ്ധിക്കുമെന്നാണ് സൂചന. എന്നാൽ മിനിമം ചാർജ് കുറക്കാനും സാധ്യതയുണ്ട്.  കിലോമീറ്റർ ചാർജ് 1.03 യൂറോയിൽ നിന്ന് 1.10 യൂറോയായി കൂട്ടി മിനിമം ചാർജ് 4.10 യൂറോയിൽ നിന്ന് 3.60 യൂറോയായി കുറക്കാനാണ് ആലോചിക്കുന്നത്.

2008 ന് ശേഷം ഇത് ആദ്യമായാണ് നിരക്ക് വർധിപ്പിക്കുന്നത്. പ്രമുഖ യൂണിയനുകളെല്ലാം നിരക്ക് വർധനയ്ക്ക് അനുകൂലമാണ്.ഇത് സംബന്ധിച്ച് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പബ്ലിക് കൺസൾട്ടേഷൻ ഡിസംബറിൽ അവസാനിക്കും. അതിന് ശേഷം നിരക്ക് വർധന ഉണ്ടാകും.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് പുതിയ നിരക്ക് വർധന. രാത്രി 8 മണി മുതൽ രാവിലെ 8 വരെയും ആനുപാതികമായ വർധന ഉണ്ടാകും.  നിലവിലെ ഘടനയിലുള്ള നിരക്ക് 2006 ലാണ് നിലവിൽ വന്നത്. അതിന് ശേഷം രണ്ടു വർഷം കൂടുമ്പോൾ നിരക്ക് പുനർ നിർണ്ണയിച്ച് വരുന്നു. പുതിയ ഘടന നിലവിൽ വന്നതിന് ശേഷം 2008 ൽ നിരക്ക് പുനർ നിർണ്ണയിച്ചു. 2010 ലും 2012 ലും നിരക്ക് ഉയർത്താനുള്ള നീക്കം ടാക്‌സി ഡ്രൈവർമാരുടെ യൂണിയൻ തള്ളിക്കളഞ്ഞിരുന്നു.