ഡബ്ലിൻ: കുടിവെള്ളം മലിനപ്പെട്ടിട്ട് ഒരാഴ്ച പിന്നിട്ട ശേഷം ഇതുസംബന്ധിച്ച് അറിയിപ്പ് നിവാസികൾക്ക് നൽകിയത് പ്രതിഷേധത്തിന് ഇടയാക്കുന്നു. ഗാൽവേ സിറ്റിയിലുള്ളവർക്കാണ് കുടിവെള്ളത്തിൽ മാലിന്യം കലർന്ന് ഒരാഴ്ച പിന്നിട്ടപ്പോൾ അറിയിപ്പ് നൽകുന്നത്. അറിയിപ്പ് നൽകാൻ വൈകിയതിനെ ചോദ്യം ചെയ്തുകൊണ്ട് നിവാസികൾ രംഗത്തെത്തിയത് മേഖലയിൽ സംഘർഷത്തിന് ഇടയാക്കിയിരിക്കുകയാണ്.

മൊയോല ഹൗസിങ് എസ്‌റ്റേറ്റിലെ 75-ഓളം വീടുകളിലേക്കുള്ള കുടിവെള്ളത്തിലാണ് മണ്ണെണ്ണ കലർന്നിരിക്കുന്നതെന്ന് അറിയിപ്പ് വന്നിട്ടുള്ളത്. കുടിക്കാനോ ഭക്ഷണം പാകംചെയ്യാനോ കുളിക്കാനോ പല്ലുതേയ്ക്കാനോ പബ്ലിക് സപ്ലൈ ഉപയോഗിക്കരുതെന്നാണ് ഐറീഷ് വാട്ടർ അറിയിച്ചിരിക്കുന്നത്. പത്തൊമ്പതാം തിയതി മുതൽ ഇവിടങ്ങളിൽ വെള്ളം മലിനപ്പെട്ടെന്നാണ് കരുതുന്നത്. എന്നാൽ ഇതുസംബന്ധിച്ച അറിയിപ്പ് ഒരാഴ്ച കഴിഞ്ഞപ്പോൾ നിവാസികൾക്ക് നൽകിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. കുടിവെള്ളം മലിനമായെന്ന വിവരം ഐറീഷ് വാട്ടർ വേണ്ടവിധത്തിൽ അറിയിച്ചില്ലെന്നും വെറും നോട്ടീസ് രൂപേണ വീടുകളിൽ കൊണ്ടിടുകയായിരുന്നുവെന്നുമാണ് പറയപ്പെടുന്നത്.

ഒരു വീട്ടിലെ ഹീറ്റിങ് സംവിധാനത്തിൽ നിന്ന് പബ്ലിക് വാട്ടർ സപ്ലൈയിലേക്ക് മണ്ണെണ്ണ കലർന്നതാണെന്നാണ് കരുതുന്നത്. ഡിഷ് വാഷറുകൾ ഉപയോഗിക്കരുതെന്നും ഫിൽട്ടറുകളിൽ വെള്ളം ശേഖരിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പബ്ലിക് സപ്ലൈ മലിനമായതിനെതുടർന്ന് നിവാസികൾക്ക് ടാങ്കറിൽ വെള്ളമെത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.

മണ്ണെണ്ണ കലർന്ന വെള്ളം ഉപയോഗിച്ചാൽ തലവേദന, ഛർദി, മന്ദത തുടങ്ങിയവയ്ക്കു കാരണമാകുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ മലിനപ്പെട്ട വെള്ളം ഉപയോഗിച്ചതിനെതുടർന്ന് ആർക്കും ആരോഗ്യപ്രശ്‌നങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.