- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികവ് കാട്ടിയ പ്രവാസി സംഘടനകൾക്കുള്ള പുരസ്‌കാര പട്ടികയിൽ ഐ വൈ സി സി ബഹറിനും കെഎംസിസി ദുബായും അബുദാബി ശക്തി തിയേറ്റേഴ്‌സും ഫൊക്കാനയും ഗോൾഡ് എഫ്എമ്മും; മികച്ച പ്രവാസിയാകാൻ അഷറഫും ചന്ദ്രനും അയൂബ് കൊടുങ്ങല്ലൂരും ഷാജി സെബാസ്റ്റ്യനും മുഹമ്മദ് ഈസയും; മറുനാടൻ അവാർഡിലെ അഞ്ചാം വിഭാഗത്തിലെ ഫൈനലിസ്റ്റുകൾ ഇവർ
തിരുവനന്തപുരം: പ്രവാസികളാണ് കേരളത്തിന്റെ നട്ടെല്ല്. നാടിന് വേണ്ടി പകലന്തിയോളം പണിയെടുക്കുന്നവർ. എവിടെ പോയാലും മലയാളി കാണും. ചന്ദ്രൻ ചായക്കട നടത്തുന്ന മലയാളിയും ഇതിന്റെ നേർ ചിത്രമായി അവതരിപ്പിക്കപ്പെട്ടതാണ്. ഇവരുടെ സേവന മനസ്സ് മലയാളിക്ക എന്നും ആശ്വാസവും പ്രതീക്ഷയുമാണ്. അതു തിരിച്ചറിഞ്ഞാണ് സാമൂഹിക സേവന രംഗത്തെ പ്രവാസി സംഘടനകളേ
തിരുവനന്തപുരം: പ്രവാസികളാണ് കേരളത്തിന്റെ നട്ടെല്ല്. നാടിന് വേണ്ടി പകലന്തിയോളം പണിയെടുക്കുന്നവർ. എവിടെ പോയാലും മലയാളി കാണും. ചന്ദ്രൻ ചായക്കട നടത്തുന്ന മലയാളിയും ഇതിന്റെ നേർ ചിത്രമായി അവതരിപ്പിക്കപ്പെട്ടതാണ്. ഇവരുടെ സേവന മനസ്സ് മലയാളിക്ക എന്നും ആശ്വാസവും പ്രതീക്ഷയുമാണ്. അതു തിരിച്ചറിഞ്ഞാണ് സാമൂഹിക സേവന രംഗത്തെ പ്രവാസി സംഘടനകളേയും വ്യക്തികളേയും മറുനാടൻ ആദരിക്കുന്നത്.
ഇത്തവണത്തെ മികച്ച പ്രവാസി സംഘടനയ്ക്കുള്ള പുരസ്‌കാരത്തിന് ഐ വൈ സി സി ബഹറിനും കെഎംസിസി ദുബായും അബുദാബി ശക്തി തിയേറ്റേഴ്‌സും ഫൊക്കാനയും ഇടം നേടുന്നു. സാമൂഹിക രംഗത്തെ ശ്രദ്ധേയ ഇടപെടൽ നടത്തിയ ദുബായിൽ പ്രവർത്തിക്കുന്ന ഗോൾഡ് എഫ്എം എന്ന റേഡിയോ സ്ഥാപനവും പുരസ്‌കാര പട്ടികയിലുണ്ട്. മലയാളിക്ക് അഭിമാനമായിമാറിയ സംഘടനകളാണ് ഇവ.
കഷ്ടത അനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി നിൽക്കുന്ന പ്രവാസി വ്യക്തികൾക്കുള്ള പുരസ്‌കാര പട്ടികയിൽ യുഎഇയിൽ നിന്നുള്ള അഷറഫും ബഹറിനിൽ പ്രവാസ ജീവിതം നയിക്കുന്ന ചന്ദ്രനും സൗദിയിലെ അയൂബ് കൊടുങ്ങല്ലൂരും ഒമാനിലെ ഷാജി സെബാസ്റ്റ്യനും ഖത്തറിലെ മുഹമ്മദ് ഈസയുമാണുള്ളത്. ഇതോടെ മറുനാടൻ പുരസ്‌കാരത്തിനുള്ള പത്ത് നോമിനേഷനുകളും പ്രഖ്യാപിച്ചു കഴിഞ്ഞു. ഓൺലൈൻ വോട്ടെടുപ്പിലൂടെ ഇവരിൽ നിന്ന് മറുനാടൻ വായനക്കാർ പുരസ്‌കാരത്തിന് അർഹരായവരെ കണ്ടെത്തും.
2012 മാർച്ച് മാസത്തിൽ രൂപം കൊണ്ട സംഘടനയാണ് ഐ വൈ സി സി ബഹറിനും(ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്). കോൺഗ്രസ്സ് അനുഭാവമുള്ള യുവാക്കളെ ഒരുമിപ്പിച്ച് കൊണ്ട് ബഹറിനിലെ വിവിധ പ്രദേശങ്ങളിൽ പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക ,അവശത അനുഭവിക്കുന്ന പ്രവാസികൾക്കും ,കേരളത്തിൽ ഉള്ളവർക്കും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ എത്തിച്ച് കൊടുക്കുക .സാംസ്‌കാരിക മേഖലയിലും ,കലാ കായിക മേഖലയിലും പ്രവാസികൾക്ക് വേണ്ട പ്രോതാഹനം കൊടുകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം. 9 ഏരിയകളിലായി ഏകദേശം 500 ഓളം സജീവ പ്രവർത്തകരുള്ള സംഘടന സാമൂഹിക പ്രവർത്തനത്തിനാണ് മുൻതൂക്കം കൊടുക്കുന്നത് .അതുപോലെ സംഘടനയുടെ കീഴിൽ ഒരു ചാരിറ്റി വിഭാഗവും ,ജോബ് സെൽ ,സ്‌പോര്ട്‌സ് വിങ് ,ആര്ട്‌സ് വിങ് ,നിയമ സഹായ വിഭാഗവും പ്രവർത്തിക്കുന്നു. ബഹറിനിലും ,നാട്ടിലും ശാരീരിക മായി അവശത അനുഭവിക്കുന്ന ആളുകൾക്ക് സാമ്പത്തിക സഹായം എത്തിച്ച് നല്കുക .ബഹറിനിൽ പല വിധ കാരണങ്ങളാൽ ജോലി നഷ്ടപ്പെട്ട് നാട്ടിൽ പോകുവാൻ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ടിക്കറ്റ് നൽകുക അങ്ങനെ പോകുന്നു പ്രവർത്തനം.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും നിർദ്ധനരായ അമ്മമാരെ കണ്ടുപിച്ച് ഒരോരുത്തർക്കും ഓരോ മാസവും പെൻഷൻ നല്കുന്ന പദ്ധതിയാണ് അമ്മക്കൊരു കൈ നീട്ടം. ഈ വർഷം ആരംഭിച്ച പദ്ധതി വഴി 14 ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അമ്മമാർക്ക് വരുന്ന 5 വർഷത്തേക്ക് മുടങ്ങാതെ പെൻഷൻ എത്തിക്കുന്നു. ഏകദേശം 3000 ത്തോളം അംഗങ്ങളായ ഒരു ജോബ് സെൽ ആണ് പ്രവർത്തിക്കുന്നത് ,ബഹറിനിലും ,ഗൾഫ് ,യുറോപ്പ് ,ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും വരുന്ന ഒഴിവുകൾ ഈ ഫെയിസ് ബുക്ക് പേജ് വഴി സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ,പ്രധാന ഉദ്ദേശം .ആളുകൾക്ക് വേണ്ട തൊഴിൽ നിയമ സഹായങ്ങൾ ,നോർക്കയുമായി ബന്ധപ്പെട്ട അപേക്ഷാ ഫോമുകൾ ,പൊതു മാപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇതുവഴി നല്കി വരുന്നു. പ്രവാസികളുടെ കലാപരമായ ഇടപെടലിനും ശ്രമിക്കുന്നു. ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് മറുനാടന്റെ മികച്ച പ്രവാസി സംഘടനയിലേക്കുള്ള വോട്ടെടുപ്പിനുള്ള നോമിനേഷൻ.
അബുദാബിയിലെ സാമൂഹിക-സാസ്‌കാരിക രംഗത്തെ നിറസാന്നിധ്യമാണ് ശക്തി തിയേറ്റേഴ്‌സ്. പേരു പോലും തന്നെ മലയാളിയുടെ കലാമികവിനെ പ്രോത്സാഭിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. കേരളത്തിന്റെ തനത് കലാരൂപങ്ങളെ ഗൾഫ് രാജ്യങ്ങളിൽ പരിചയപ്പെടുത്തിയതിലും ഈ സംഘടനയ്ക്ക് ഏറെ സ്ഥാനമുണ്ട്. എന്നാൽ അതിനപ്പുറത്തേക്കുള്ള സാമൂഹിക ഇടപടെലും നടത്തുന്നു. അവശതയനുഭവിക്കുന്ന, പ്രത്യേകിച്ച് കലാകാരന്മാർക്ക് താങ്ങും തണലുമാണ് ഈ സംഘടന. അബുദാബിയിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ശക്തി തിയേറ്റേഴ്‌സ് നൽകുന്ന പുരസ്‌കാരമാണ് അബുദാബി ശക്തി അവാർഡ്. േനാവൽ, ചെറുകഥ, നാടകം, കവിത, സാഹിത്യവിമർശനം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം ( ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മനഃശാസ്ത്രം, സംസ്‌കാരം, നാടോടി വിജ്ഞാനം, സിനിമ തുടങ്ങിയവ ) ഇതര സാഹിത്യ വിഭാഗം ( ആത്മകഥ, ജീവചരിത്രം, യാത്രാവിവരണം,സ്മരണ, തൂലികാ ചിത്രം തുടങ്ങിയവ ) എന്നീ സാഹിത്യ കൃതികൾക്കാണ് അബുദാബി ശക്തി അവാർഡുകൾ നൽകുന്നത്.
ഇതിനപ്പുറമുള്ള ഇടപെടലും നടത്തുന്നു. ഉദാഹരണത്തിന് അബുദാബിയിലെ നാടകവേദിയിൽ നിറസാന്നിധ്യമായിരുന്ന മുഹമ്മദ് മൻസൂറിന് സാന്ത്വനവുമായി അബുദാബി ശക്തി തിയേറ്റേഴ്‌സ് രംഗത്ത് വന്നിരുന്നു. പന്തീരാങ്കാവ് പൂളേങ്കരയിലെ കാഞ്ഞിരങ്ങാട്ടു വീട്ടിൽ രോഗം തളർത്തിയ ശരീരവുമായി കഴിയുകയാണ് മുഹമ്മദ് മൻസൂർ. നാടക അഭിനയത്തിലും സംവിധാനത്തിലും മികവുപുലർത്തിയ യുവകലാകാരൻ രോഗ ശയ്യയിലായ വിവരമറിഞ്ഞ് അബുദാബി ശക്തി തിയേറ്റേഴ്‌സ് സമാഹരിച്ച ചികിത്സാ സഹായഫണ്ട് ഇതിന് ഉദാഹരണമാണ്. അബുദാബിയിൽ ഡ്രാഫ്റ്റ്‌സ്മാനായി ജോലി ചെയ്യവെയാണ് മൻസൂർ കേരള സോഷ്യൽ സെന്ററിന്റെ പ്രവർത്തകനായി മാറിയത്. നാടകമത്സരങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയമികവു പ്രകടിപ്പിച്ച അദ്ദേഹം ഹൃദ്രോഗത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ചികിത്സക്കിടെ പക്ഷാഘാതം കൂടി വന്നപ്പോൾ ശരീരത്തിന്റെ ഒരുഭാഗം തളർന്നു. അപ്പോഴാണ് ശക്തി തീയേറ്റേഴ്‌സ് സഹായവുമായി എത്തിയത്. ഇടതുപക്ഷ ആഭിമുഖ്യമാണ് ഈ സംഘടനയുടെ മുഖമുദ്ര. ചിട്ടയായ പ്രവർത്തന മികവാണ് അവരെ മറുനാടന്റെ പുരസ്‌കാര പട്ടികയിൽ എത്തിക്കുന്നത്.
കെഎംസിസി ദുബായ് എന്ത് മുസ്ലിം ലീഗിനോട് അടുപ്പം പുലർത്തുന്ന സാമൂഹിക സംഘടനയാണ്. പ്രവാസി മലയാളികൾക്ക് മാത്രമല്ല നാട്ടിലെ അശരണർക്ക് വേണ്ടിയും സജീവ ഇടപെടൽ നടത്തുന്നു. കോഴിക്കോട്ടേയും മലപ്പുറത്തേയും മറ്റും സാമൂഹിക പ്രവർത്തനങ്ങൾ ഇതിന് തെളിവാണ്. സഹായം വേണ്ടിടത്ത് അത് എത്തിക്കുകയാണ് ലക്ഷ്യം. എല്ലാ ജില്ലകൾ കേന്ദ്രീകരിച്ചും പ്രവർത്തനമുണ്ട്. കോടിക്കണക്കിന് രൂപയാണ് ഈ സംഘടനയുടെ വിവിധ ഘടകങ്ങളിലൂടെ ഒഴുകുന്നത്. ഭവനപദ്ധതികളും ഇതിലുണ്ട്. ആതുര രക്ഷാ പദ്ധതികളുമുണ്ട്. രക്തദാനവും പെൻഷൻ പദ്ധതിയും എല്ലാം ഇതിലുണ്ട്. ഇതിനൊപ്പം കലാ-സാസ്‌കാരിക മേഖലകളിലും സജീവം. മാദ്ധ്യമ-സാമൂഹിക അവാർഡുകളും വിതരണം ചെയ്യുന്നു. എല്ലാത്തിനുമുപരി രാഷ്ട്രീയ ഇടപെടലുകൾ. നാട്ടിലെ രാഷ്ട്രീയത്തിൽ ലീഗ് അനുകൂല സംഘടനയ്ക്കുള്ള പ്രത്യേക താൽപ്പര്യമായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തെ വോട്ട് വണ്ടി. അങ്ങനെ ജനാധിപത്യത്തിന്റെ കരുത്തിലും വിശ്വസിക്കുന്നു. ഈ ഇടപെടലുകൾക്കെല്ലാമുള്ള അംഗീകാരമാണ് മറുനാടൻ നോമിനേഷൻ.
കുടുംബത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ മലയാളിയും ഗൾഫ് നാടുകളിലേക്ക് ജോലി തേടി പോകുന്നത്. മരുഭൂമിൽ ചോരാ നീരാക്കി ജോലി ചെയ്യുന്ന ഇവർക്ക് നഷ്ടമാകുന്നത് മലയാളക്കരയുടെ പച്ചപ്പും ആഘോഷങ്ങളുമൊക്കെ തന്നെയാണ്. പലപ്പോഴും വീട്ടുകാർക്കൊപ്പം പെരുന്നാളും ഓണവുമൊക്കെ ആഘോഷിക്കാൻ ആഗ്രഹമുണ്ടെങ്കിലും അത് പ്രവാസികൾക്ക് സാധിക്കാറില്ല. വീണ്ടുമൊരു പെരുന്നാൾ കാലം കൂടി വരുമ്‌ബോൾ വീട്ടുകാർക്കൊപ്പം പെരുന്നാൾ ആഘോഷിക്കാൻ സാധിക്കാത്ത പ്രവാസികൾ ലക്ഷണക്കക്കിന് പേരുണ്ടാകും. ഇവരിൽ ചിലർക്കെങ്കിലും ഇത്തവണ നാട്ടിൽ പോകാൻ അവസരം ഒരുക്കിയാണ് ദുബായിലെ ഒരു എഫ്എം ചാനൽ ശ്രദ്ധേയമായത്. ദുബായിൽ പ്രവർത്തിക്കുന്ന ഗോൾഡ് എഫ്എം 101.3 ആണ് ഗൾഫിലെ പ്രവാസി മലയാളികൾക്ക് നാട്ടിലെത്തി പെരുന്നാൾ ആഘോഷിക്കാനുള്ള അവസരം ഒരുക്കിയത്. വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്യുന്ന, നാട്ടിൽ പോയിട്ട് കാലങ്ങൾ കൂറേ ആയവർക്കാണ് പെരുന്നാൾ ദിനം നാട്ടിലേക്ക് പോകാൻ സൗജന്യ അവസരം എഫ്എം റേഡിയ ഒരുക്കിയത്. പ്രവാസികൾ കൈയടിയോടെ ഏറ്റെടുത്ത പദ്ധതിയായിരുന്ന ഇത്. മൂന്ന് ആഴ്ച കളിലായി ഗോൾഡ് 101.3 എഫ്. എം. റേഡിയോ യുടെ വിവിധ ഷോ കളിലൂടെ ലഭിച്ച സന്ദേശ ങ്ങളിൽ നിന്നും അർഹ രായവരെ കണ്ടെത്തി യാണ് നാട്ടിൽ കുടുംബ ങ്ങളോ ടൊപ്പം ഈദ് ആഘോഷി ക്കുവാനുള്ള അവസരം ഒരുക്കിയത്. ഗോൾഡ് 101.3 എഫ്. എം. റേഡിയോ യുടെ ജീവ കാരുണ്യ പ്രവർ ത്തന ങ്ങളുടെ ഭാഗ മായിട്ടാണ് ഈ പരിപാടി ഒരുക്കിയത്. അത്തരമൊരു വേറിട്ട പ്രവർത്തനത്തിനാണ് ഗോൾഡ് എഫ്എം 101.3 ന് മറുനാടൻ പ്രേക്ഷകർ അവാർഡിനായി മുന്നോട്ട് വയ്ക്കുന്നത്.
നോർത്ത് അമേരിക്കൻ മലയാളികളുടെ സാമൂഹ്യ സേവന കലാ മുന്നേറ്റമാണ് ഫൊക്കാനയുടെ ലക്ഷ്യം. അമേരിക്കയിലെ എല്ലാ മലയാളികൾക്കും ആശ്വാസകേന്ദ്രമാണ് ഈ കേന്ദ്രം.വരുന്ന തലമുറയ്ക്ക് ഒരു പ്രചോദനമാണ് ഈ സംഘടന. കല ദീപ്തമാകുന്നിടത്ത് ജാതിയും മതവും എല്ലാം ഇല്ലാതാകുന്നു. ഏകോദര സഹോദരരെപ്പോലെ ഒന്നാകാൻ കഴിയുന്ന ഒരു വേദിയും കലാവേദിയുമൊരുക്കി സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു. കലാകാരന്മാരെ ആദരിച്ചും നാട്ടിലെ ദുരിതങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ചും സാമൂഹിക ഇടപെടലുകൾ നടത്തുന്നു. നോർത്ത് അമേരിക്കയിലെ സംഘടനകളുടെ ഐക്യവേദിയായ ഫോക്കാനയുടെ പ്രവർത്തനങ്ങൾ എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്നതാണ്. ഇതു തന്നെയാണ് ഈ സംഘടനയേയും മറുനാടന്റെ പുരസ്‌കാര പട്ടികയിലെത്തിക്കുന്നത്.
കറകളഞ്ഞ മനുഷ്യ സ്‌നേഹത്തിന്റെ ഉടമയാണ് താമരശേരി സ്വദേശിയായ അഷ്‌റഫ്. ഇത്തവണത്തെ പ്രവാസി ഭാരതീയ പുരസ്‌കാരം അഷ്‌റഫിനെ തേടി എത്തിയപ്പോൾ സന്തോഷിക്കുന്നവരിൽ ഇന്ത്യക്കാർ മാത്രമല്ല. മണലാരണ്യത്തിൽ പണിയെടുക്കുന്ന മറ്റു രാജ്യങ്ങളിലുള്ളവരും അഷ്‌റഫിന്റെ പുരസ്‌കാര നേട്ടത്തിൽ സന്തുഷ്ടരാണ്. അഷറഫിന്റെ സേവനം ലഭിച്ചവരിൽ മറ്റു രാജ്യങ്ങളിലുള്ളവരും നിരവധിയാണ് എന്നതുതന്നെ കാരണം. പ്രവാസജീവിതത്തിനിടെ മരിക്കുന്നവരെുടെ ചേതനയറ്റ ശരീരം നാട്ടിലെത്തിക്കാൻ ബന്ധുക്കൾ കഷ്ടപ്പെടുമ്പോൾ അവർക്കു താങ്ങും തണലുമായി എന്നും നിലകൊണ്ടിരുന്ന വ്യക്തിയാണ് അഷറഫ്. മരിച്ചവരുടെ ഭൗതികശരീരം നാട്ടിലെ സ്വന്തക്കാരുടെ അടുത്തേക്ക് എത്തിക്കാൻ പ്രവാസികൾ ശ്രമിക്കുമ്പോൾ അവർക്ക് എന്നും തുണയായി നിൽക്കാൻ അഷറഫ് ഉണ്ടാകാറുണ്ടായിരുന്നു. അഷ്‌റഫിന്റെ ജീവിതത്തിലെ ഓരോ ദിവസവും ഇത്തരത്തിൽ തന്നെയായിരുന്നു. നാൽപ്പതോളം രാജ്യക്കാരുടെ രണ്ടായിരത്തോളം മൃതദേഹങ്ങളാണ് കഴിഞ്ഞ പതിനാല് വർഷത്തിനിടെ അഷ്‌റഫ് നാട്ടിലെത്തിച്ചത്. ഇന്ത്യക്കു പുറമേ യുഎസ്, യുകെ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങി 38 രാജ്യങ്ങളിലെ പൗരന്മാർക്കാണ അഷറഫ് സഹായമെത്തിച്ചിട്ടുള്ളത്. ഗൾഫിൽ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലേക്കയയ്ക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ അൽപം വിഷമകരമാണ്. അകാലത്ത് എത്തുന്ന മരണത്തിനു മുന്നിൽ ബന്ധുക്കളും സുഹൃത്തുക്കളും പകച്ചുനിൽക്കുമ്പോഴാണ് ഇവർക്ക് സഹായവുമായി അഷറഫ് എത്തുന്നത്. നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കുന്നതുവരെ അഷ്‌റഫിന് വിശ്രമമില്ല.
അജ്മാനിലാണ് അഷ്‌റഫ് താമസിക്കുന്നത്. ഏതുസമയത്തും അദ്ദേഹത്തെ തേടി ഒരു ഫോൺ വിളിയെത്താം. അജ്മാനിലെ സ്ഥാപനം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏൽപ്പിച്ചാണ് സേവനപാതയിൽ അഷ്‌റഫ് സജീവമായത്. സ്വന്തം പോക്കറ്റിൽനിന്ന് പണം മുടക്കിവരെ അദ്ദേഹം മറ്റുള്ളവർക്കു സഹായം ചെയ്യാറുണ്ട്. ചിലർ പണം വച്ചുനീട്ടിയാലും നിരസിക്കുകയാണു പതിവ്. ഷാർജ കുവൈത്ത് ആശുപത്രിയിൽ ചേതനയറ്റ പിതാവിന്റെ മൃതദേഹവുമായി കരഞ്ഞു തളർന്ന് എന്തു ചെയ്യണമെന്നറിയാതെ നിന്ന രണ്ടു യുവാക്കളുടെ നിസഹായാവസ്ഥയാണ് ഈ പാത തിരഞ്ഞെടുക്കാൻ അഷറഫിനെ പ്രേരിപ്പിച്ചത്. ബന്ധുവിനെ കാണാൻ എത്തിയപ്പോഴാണ് നിസഹായരായ യുവാക്കളെ അഷ്‌റഫ് കണ്ടത്. മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി ക്രമങ്ങളുടെ പട്ടികയും നൂലാമാലകളും തിരിച്ചറിഞ്ഞ അഷ്‌റഫ്, തുടർന്ന് ഒട്ടേറെ നിരാലംബർക്ക് സഹായമാകുകയായിരുന്നു. മറ്റു രാജ്യങ്ങളിലുള്ളവർക്കും തുണയാകാനും അഷറഫിനായി. യുഎഇയിൽ സുപരിചിതനാണ് അഷറഫ്. നിസ്വാർഥ സേവനത്തിന് യുഎഇയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ ഇതിനകം അഷറഫിനെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. അജ്മാനിൽ വർക്‌ഷോപ് നടത്തുന്ന അഷറഫ് കോഴിക്കോട് താമരശേരി പാലോറക്കുന്നുമ്മൽ കുടുംബാംഗമാണ്. പ്രവാസ ജീവിതത്തിലെ സാമൂഹിക ഇടപെടലിനുള്ള അംഗീകാരമാണ് മറുനാടന്റെ അവാർഡിനായുള്ള നാമനിർദ്ദേശം.
32 വർഷമായി ബഹ്‌റിനിൽ സാമൂഹിക പ്രവർത്തനം നടത്തി വരുന്ന കോഴിക്കോട് തിക്കൊടി സ്വദേശി അക്കംവീട്ടിൽ ചന്ദ്രനെ വ്യത്യസ്തനാക്കുന്നത് ത്യാഗ സന്നദ്ധതയാണ്.1982 ൽ ബഹറിനിൽ എത്തിയ അദ്ദേഹം ഒരു കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനായിട്ടാണ് തന്റെ പ്രവാസജീവിതം ആരംഭിച്ചത്. ജോലി കഴിഞ്ഞ് കിട്ടുന്ന സമയത്ത് ബി ഡി എഫ് ഹോസ്പിറ്റൽ സന്ദർശിച്ചു പാവപ്പെട്ട രോഗികളെ ശുശുഷിക്കുവാൻ അദ്ദേഹം സമയം കണ്ടെത്തി. ഇപ്പോൾ അദ്ദേഹം മിനിസ്ട്രി ഓഫ് ഇന്റീരിയറിൽ സിവില്യനായി ജോലി നോക്കുന്നു. വൈകുന്നേരങ്ങളിൽ സാൽ്മാനിയ ഹോസ്പിറ്റലിലെ നിത്യസന്ദർശകനായ അദ്ദേഹം നിർധനരായ രോഗികൾക്ക് ഭക്ഷണവും ആവശ്യമായ പരിചരണവും നല്കി വരുന്നു.പണവും പ്രശസ്തിയും ആഗ്രഹിക്കാതെ സ്വന്തം ജീവിതം നിർധനാരായ രോഗികൾക്കായി അദ്ദേഹം മാറ്റിവച്ചിരിക്കുകയാണ്. ലാഭേച്ച ഇല്ലാതെ സാമൂഹിക പ്രവർത്തനം നടത്തിവരുന്ന ഇദ്ദേഹത്തെ ചന്ദ്രേട്ടൻ എന്നാണ് ഏവരും വിളിക്കുന്നത്. ആർക്കും എപ്പോഴും സഹായവുമായി ചന്ദ്രേട്ടൻ ഉണ്ടാകും. സമൂഹത്തിന് വേണ്ടി നിസ്വാർഥ സേവനം ചെയ്യുന്ന ചന്ദ്രേട്ടനുള്ള അംഗീകാരമാണ് മറുനാടൻ പട്ടികയിലെ സ്ഥാനം.
പ്രവാസികളുടെ ക്ഷേമത്തിനായി നിസ്വാർത്ഥ സേവനം നടത്തുന്ന വ്യക്തിയാണ് അയൂബ് കൊടുങ്ങല്ലൂർ. സൗദി അറേബ്യയിലെ മലയാളിക്ക് ആശയും പ്രതീക്ഷയുമാണ് ഈ പേര്. ജാതി, മത, രാഷ്ട്രീയ, വ്യത്യാസമില്ലാതെ ആവശ്യക്കാരെ തേടി പിടിച്ചു സഹായ എത്തിക്കുന്നതിൽ സമർത്ഥൻ. പ്രധാനമായും നിയമ ക്കുരുക്കിൽ അകപ്പെട്ടു ജയിലിൽ അകപ്പെട്ടു പോകുന്നവരെയും, ലേബർ കോടതിയുമായി ബന്ധപ്പെട്ടു കുഴപ്പത്തിലാകുന്നവരെയും ഇന്ത്യൻ എമ്ബസ്സിയുമായും മറ്റു നിയമ വകുപ്പുകളുമായും നിരന്തരം ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. ഇവിടെ മരണപ്പെടുന്ന പ്രവാസികളുടെ ബോഡി എത്ത്തിക്കുന്നതിനായുള്ള എല്ലാ വിധ വകുപ്പുകളുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കുന്നതിനും, ആ ബോഡി നാട്ടിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കുന്നു. ഇന്ത്യൻ എംബസ്സി മലയാളി ഉദ്യോഗസ്ഥരുമായും സൗദി ദമാമിലെ ഒട്ടുമിക്ക വകുപ്പുകളിലുള്ള ഉദ്യോഗസ്ഥരുമായും വളരെ അടുത്ത ബന്ധം പുലർത്തുന്നു. വ്യത്യസ്ത രാഷ്ട്രീയ സംഘടനകളുടെ പോഷക സംഘടനാ പ്രവർത്തകരുമായും പ്രമുഖ മാദ്ധ്യമ പ്രവർത്തകരുമായും അടുത്ത ബന്ധം പുലർത്തുന്നു.
ഇപ്പോൾ ദമ്മാം നവോദയ സാംസ്‌കാരിക വേദിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയാണ് അയൂബ് കൊടുങ്ങല്ലൂർ. പ്രവാസി സമൂഹത്തിന് നൽകുന്ന സേവനങ്ങൾക്ക് അദ്ദേഹത്തെ ആദരിക്കുകയാണ് നോമിനേഷനിലൂടെ മറുനാടൻ.
ഷാജി സെബാസ്റ്റ്യൻ. ഒമാൻ 2010ൽ പ്രഖ്യാപിച്ച പൊതുമാപ്പ് കാലത്ത് ഇന്ത്യൻ എംബസിയിലെത്തുന്ന പ്രവാസി ഇന്ത്യക്കാർക്ക് സർവ സഹായങ്ങളുമായി എല്ലാ ദിവസവും അവിടെ സേവനനിരതനായ പൊതു പ്രവർത്തകൻ. തനിച്ചല്ല, കുടുംബ സമേതമായിരുന്നു ഷാജിയുടെ സേവനം. മത്രയിലെ തന്റെ സ്വന്തം തയ്യൽ കട അടച്ചിട്ട്, നാടുകാണുക എന്നത് വിദുരസ്വപ്‌നമായി കൊണ്ടു നടന്നവരുടെ സഹായത്തിനായി നിസ്വാർഥമായി പണിയെടുത്തു. കനത്ത സാമ്പത്തിക ഭാരം വരുത്തിവച്ചപ്പോഴും ചെയ്ത സേവനങ്ങൾ നൽകുന്ന സംതൃപ്തിയിൽ ജീവിതം ധന്യമെന്നു സങ്കൽപിക്കുകയാണ് ഈ പുരോഗമന സാമൂഹിക പ്രവർത്തകൻ. മുപ്പതു വർഷമായി മത്രയിൽ തയ്യൽ കട നടത്തി വരുകയാണ് കൊല്ലം സ്വദേശി ഷാജി സെബാസ്റ്റ്യൻ. പകൽ പൊതുപ്രവർത്തനത്തിനു സമയം കണ്ടെത്തേണ്ടി വരുന്നതിനാൽ രാത്രി വൈകിയും ജോലി ചെയ്യും. ഭാര്യ മോളിയും ഭർത്താവിന്റെ വഴിയേ സാമഹിക പ്രവർത്തനത്തിൽ പങ്കാളിയാണ്. ഏതൊരാൾക്കും എപ്പോൾ വേണമെങ്കിലും ഷാജി സെബാസ്റ്റ്യനെ വിളിക്കാം. എന്ത് സഹായവും ലഭിക്കും. വിദേശ മാദ്ധ്യമങ്ങളും ഷാജിയുടെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. മലയാളിയും ഇന്ത്യാക്കാരും മാത്രമല്ല ഷാജിയുടെ സഹായം അഭ്യർത്ഥിച്ച് തുണിക്കടയിൽ എത്തുന്നത്. പാക്കിസ്ഥാൻകാരും ബംഗ്ലാദേശികളുമെല്ലാം ഷാജി സെബാസ്റ്റ്യന് പ്രിയപ്പെട്ടവരാണ്. അര് ആടുത്തുവന്നാലും തന്നെകൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്തു കൊടുക്കും. ഈ സേവന തൽപരത തന്നെയാണ് മറുനാടന്റെ പുരസ്‌കാരം പട്ടികയിൽ ഷാജിയെ എത്തിക്കുന്നതും.
കലയെയും കലാകാരന്മാരുടേയും ക്ഷേമത്തിനായ് പ്രവർത്തിക്കുന്ന ഒട്ടേറെ അവശ കലാകാരന്മാരുടെ കണ്ണീരൊപ്പിയ വ്യക്തിയാണ് കെ മുഹമ്മദ് ഈസ. സ്വദേശത്തും വിദേശത്തും അനവധി സ്‌റ്റേജ് പ്രോഗ്രാമുകൾ കൊണ്ട് ജനഹൃദയങ്ങളുടെ മനസ്സിൽ ഇടം നേടിയ മുഹമ്മദ് ഈസ ഖത്തറിലെ അലി ഇന്റർ നാഷണൽ ട്രേഡിങ് കമ്പനി മാനേജിങ് ഡയരക്ടർ കൂടിയാണ്. കലാ ജീവകാരുണ്യ പ്രവർത്തങ്ങൾ ലക്ഷ്യമാക്കിയുള്ള 20 ഓളം സംഘടനകളുടെ അമരക്കാരൻ കൂടിയാണ് ഈ കൊടുങ്ങല്ലൂർ സ്വദേശി. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും കലാ കായിക രംഗങ്ങളിലും ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച വ്യക്തിത്വമെന്നതിനു പുറമെ ജീവകാരുണ്യ രംഗത്തെ ഇടപെടലും സമൂഹത്തിന്റെ കണ്ണീരൊപ്പി. അശരണർക്ക് തലചായ്ക്കാൻ ഇടമൊരുക്കുയാണ് പ്രധാന സേവന പ്രവർത്തി. ഖത്തറിലെ ഏതൊരു മലായളിക്കും ദുരിത ഘട്ടങ്ങളിൽ താങ്ങും തണലുമാകും. ഖത്തറിലെ കേരളീയോൽസവത്തിന്റെ അമരത്തും മുഹമ്മദ് ഈസയാണ്. ഇങ്ങനെ വിവിധ തലങ്ങളിൽ നടത്തിയ പ്രവർത്തന മികവിനുള്ള അംഗീകാരമാണ് മറുനാടൻ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയിലെ ഈ പ്രവാസിയുടെ സ്ഥാനം.
തിങ്കളാഴ്ച മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുക. നാളെ ഒൻപതും പത്തും വിഭാഗങ്ങളിലെയും ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും. അതിന് ശേഷം ഓരോ വിഭാഗത്തിലും ഓരോരുത്തരെ വീതം തെരഞ്ഞെടുക്കാൻ ആയി വായനക്കാർക്ക് വോട്ട് ചെയ്യാം. പത്ത് വിഭാഗത്തിലായി ആണ് അവാർഡുകൾ നൽകുന്നത്. ഈ പത്ത് വിഭാഗത്തിലും അഞ്ച് പേരെ വീതം തെരഞ്ഞെടുത്ത ശേഷമാണ് വോട്ടിങ്ങ് ആരംഭിക്കുക. ഈ പത്ത് വിഭാഗങ്ങളിലും ഓരോരുത്തർക്ക് വീതം വോട്ട് ചെയ്യാം. 14 ാം തീയതി തിങ്കളാഴ്ച മുതൽ 31 ാം തീയതി വ്യാഴാഴ്ച വരെ 18 ദിവസമാണ് വോട്ടിങ് കൊടുക്കുന്നത്. ജനുവരി നാലാം തീയതി തിങ്കളാഴ്ച ആയിരിക്കും അവാർഡ് പ്രഖ്യാപിക്കുന്നത്. അവാർഡ് പ്രഖ്യാപനത്തിന് ശേഷം ഏതാനും ആഴ്ചകൾക്കുള്ളിൽ തിരുവനന്തപുരത്ത് വച്ച് തന്നെ പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതാണ്.