തിരുവനന്തപുരം: നിസ്വാർത്ഥമായി സമൂഹത്തിന് സേവനം ചെയ്യുന്ന സമൂഹ്യ പ്രവർത്തകെ ആദരിക്കാനുള്ള മറുനാടൻ മലയാളിയുടെ ഉദ്യമം ചെന്നെത്തുന്നത് അനേകം പേരുകളിൽ ആണ്. അവരിൽ നിന്നും അഞ്ച് പേർ തെരഞ്ഞെടുക്കുക എന്ന ഭാരിച്ച പണി പൂർത്തിയാകുമ്പോൾ ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തകരായി ജനങ്ങൾക്ക് മുമ്പിൽ എത്തിയിരിക്കുന്നത് ഈ അഞ്ച് പേരാണ്.

പാമ്പുകളുടെ തോഴനായ വാവാ സുരേഷ്, തെരുവോരം എന്ന സന്നദ്ധ സംഘടനയുടെ നടത്തിപ്പുകാരനായ ഓട്ടോ മുരുകൻ, പത്തനാപുരത്തെ കുണ്ടയത്ത് ഗാന്ധിഭവൻ എന്ന വലിയൊരു ജീവകാരുണ്യ പ്രസ്ഥാനം നടത്തുന്ന പുനലൂർ സോമരാജൻ, തിരുവനന്തപുരം നഗരത്തിൽ അശരണരായി അലയുന്നവർക്ക് സഹായം നൽകുന്ന അശ്വതി ജ്വാല, പ്രമുഖ വിവരാവകാശസാമൂഹ്യ പ്രവർത്തകനായ ജോയ് കൈതാരം എന്നിവരാണ് ഈ പട്ടികയിൽ ഇടം പിടിച്ചവർ. ഇവരിൽ നിന്നും ഒരാളെ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

ഏതാനും വർഷങ്ങളായി മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ് സോഷ്യൽ മീഡിയ എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ ഇതുവരെ ആരും ആദരിച്ചു കണ്ടില്ല. ഈ വിഭാഗത്തിൽ പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് മറുനാടൻ ആണ് ആദ്യമായി ഒരു ഇടപെടൽ നടത്തുന്നത്. ഈ വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേരുകൾ പ്രഖ്യാപിക്കുമ്പോൾ അവരിൽ ഏറ്റവും ശ്രദ്ധ നേടുന്ന ഫേസ്‌ബുക്കിൽ സജീവമായിരിക്കുന്ന രണ്ട് ഗ്രൂപ്പുകൾ ആയിരിക്കും. ഫ്രീ തിങ്കേഴ്‌സ് എന്ന പേരിലും റൈറ്റ് തിങ്കേഴ്‌സ് എന്ന പേരിലും സജീവമായി ഇടപെടുന്ന രണ്ട് ഗ്രൂപ്പുകളെയാണ് ഈ ഇനത്തിൽ ഉൾപ്പെടുത്തുന്നത്. ഈ രണ്ട് ഗ്രൂപ്പുകളും മുമ്പോട്ട് വെയ്ക്കുന്നത് തികച്ചും വ്യത്യസ്തമായ ഇടപെടലുകൾ ആണെങ്കിലും മലയാളിയുടെ ബുദ്ധിപരമായ സമീപനത്തെ ഇരുവരാലും വല്ലാതെ സ്വാധീനിക്കപ്പെടുന്നതുകൊണ്ടാണ്. ഈ ഫേസ്‌ബുക്ക് ഗ്രൂപ്പിനെ കൂടാതെ കൃഷിഭൂമി എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിനെയും മറുനാടൻ അവാർഡിനായി പരിഗണിക്കുന്നു.

ക്രിയാത്മക ചിന്തകൾക്കായി വേദിയൊരുക്കുന്ന ഗ്രൂപ്പുകൾ എന്ന നിലയിലാണ് ഫ്രീ തിങ്കേഴ്‌സിനെയും റൈറ്റ് തിങ്കേഴ്‌സിനെയും പുരസ്‌കാരത്തിനു പരിഗണിക്കുന്നത്. ലോകത്ത് നടക്കുന്ന സംഭവങ്ങളിലൊക്കെത്തന്നെ ഒരു കാഴ്ചപ്പാടുണ്ടാക്കിയെടുക്കാൻ ഈ ഗ്രൂപ്പുകൾ നടത്തുന്ന ഇടപെടലുകൾ പലരിലും സ്വാധീനം ചെലുത്തുന്നുണ്ട്.

വിഷരഹിത പച്ചക്കറികൾ സ്വയം ഉൽപ്പാദിപ്പിക്കാൻ ഉള്ള അറിവും വിത്തുകളും പരസ്പരം കൈമാറി നല്ല കൃഷിയുടെ വക്താക്കളായി മാറാൻ ഓരോരുത്തരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഫേസ്‌ബുക്ക് ഗ്രൂപ്പാണ് കൃഷിഭൂമി. മഹത്തായ ആ ലക്ഷ്യത്തിലേക്ക് എത്താനും കൃഷിയുടെ വ്യാപനത്തിനുമായി അംഗങ്ങൾ ആവശ്യപ്പെടുന്ന കാർഷിക സഹായങ്ങൾ ലഭ്യമാക്കാൻ പരിശ്രമിക്കുക എന്ന കാര്യവും ഈ കൂട്ടായ്മ ലക്ഷ്യമിടുന്നു.

ഫേസ്‌ബുക്ക് ഗ്രൂപ്പുകളെ കൂടാതെ ഇടം പിടിച്ചിരിക്കുന്നത് മാദ്ധ്യമപ്രവർത്തകയും മദ്രസാ പീഡനങ്ങളെ കുറിച്ച് തുറന്നെഴുതിയതിന്റെ പേരിൽ ഏറെ ആക്രമണങ്ങൾ നേരിടേണ്ടി വന്നവരുമായി വി പി റെജീനയാണ്. റെജീനയ്ക്ക് പുറമേ കേരള വർമ്മ കോളേജിലെ ബീഫ് വിവാദമുമായി ബന്ധപ്പെട്ട് ശ്രദ്ധേയയായ ദീപാ നിശാന്തും മറുനാടൻ അവാർഡിന്റെ അന്തിമ ലിസ്റ്റിൽ ഇടംപിടിച്ചു. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിത്വങ്ങൾ എന്ന വിധത്തിലാണ് ഇവരെ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതൽ ഈ അവാർഡുകളിലേക്ക് വായനക്കാർക്ക് വോട്ട് രേഖപ്പെടുത്താൻ സാധിക്കും.


പാമ്പുകളുടെ തോഴനായ വാവ സുരേഷ് ജനങ്ങൾക്കിടയിലെ യഥാർത്ഥ ഹീറോ തന്നെയാണ്. പാമ്പുകളെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താൻ വാവാ സുരേഷിന് ശരിക്കും സാധിച്ചിട്ടുണ്ട്. ലോകത്ത് തന്നെ ഏറ്റവും അധികം രാജവെമ്പാലയെ പിടികൂടിയ വ്യക്തിയെന്ന നേട്ടവും വാവാ സുരേഷിനാണ്. വാവ സുരേഷിന്റെ പ്രശസ്തി ആനിമൽ പ്ലാനറ്റിൽ വരെ എത്തിയിരുന്നു. ഏറ്റവും ജനകീയൻ എന്ന നിലയിൽ വാവ സമൂഹത്തിന് നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ അവാർഡിനായി തിരഞ്ഞെടുത്തത്.

കേരളത്തിൽ അങ്ങോളമിങ്ങോളം തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിയാണ് ഓട്ടോമുരുകൻ. തെരുവിൽ ആരോരുമില്ലാതെ കഴിയുന്നവരെയും അലയുന്നവരെയും കുളിപ്പിച്ച് വൃത്തിയാക്കി അവർക്ക് ഭക്ഷണം നൽകി സർക്കാർ അഗതി മന്ദിരങ്ങളിൽ എത്തിക്കുന്ന മുരുകന്റെ പ്രവർത്തിയെ സഹായിക്കാൻ നിരവധി പ്രമുഖരും രംഗത്തെത്താറുണ്ട്.

പത്തനാപുരം ഗാന്ധിഭവൻ മേധാവിയായ പുനലൂർ സോമരാജൻ. പുനലൂർ, ഐക്കരക്കോണം സ്വദേശിയായ അദ്ദേഹത്തിന്റെ കീഴിൽ നടത്തുന്ന ഗാന്ധിഭവൻ എന്ന വലിയൊരു ജീവകാരുണ്യ പ്രസ്ഥാനം പ്രവർത്തിക്കുന്നത്. എഴുന്നൂറോളം അന്തേവാസികളുള്ള ഇവിടെ നാനാ ജാതിമതസ്ഥരും വിശ്വാസമില്ലാത്തവരും അവരവരുടെ ആദർശമനുസരിച്ച് ജീവിക്കുന്നു. ഗാന്ധിഭവൻ ജനറൽ സെക്രട്ടറിയും അവർ നടത്തുന്ന സ്‌നേഹരാജ്യം മാഗസിന്റെ മാനേജിങ് എഡിറ്ററുമായ പുനലൂർ സോമരാജൻ ഒരു പാട് കുടുംബങ്ങൾക്ക് അഭയമായി മാറിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ സേവനം പരിഗണിച്ചാണ് മറുനാടൻ അവാർഡിനായി പരിഗണിച്ചത്.


തിരുവനന്തപുരത്ത് തെരുവിലുള്ളവർക്ക് വർഷങ്ങളായി പൊതിച്ചോർ എത്തിക്കുന്ന അശ്വതി സോഷ്യൽ മീഡിയയിലും സജീവമാണ്. സ്വന്തം പോക്കറ്റിൽ നിന്നും പണം എടുത്താണ് അശ്വതി ജ്വാല തന്റെ സേവന പ്രവർത്തനങ്ങൾ നടത്തുന്നത്. കേരളത്തിലെ പല ബ്രേക്കിങ് ന്യൂസുകൾക്കും പിന്നിലെ ചാലക ശക്തിയാണ് ജോയ് കൈതാരം. പല അഴിമതി കേസുകളും പുറത്തുകൊണ്ടുവന്നത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വഴിയായിരുന്നു. പ്രതിഫല ഇച്ഛ ഏതുമില്ലാതെയാണ് ജോയി കൈതാരത്തിന്റെ പ്രവർത്തനങ്ങൾ.

തിങ്കളാഴ്ച മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുക. നാളെയും മറ്റന്നാളുമായി പത്ത് വിഭാഗങ്ങളിലെയും ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും. അതിന് ശേഷം ഓരോ വിഭാഗത്തിലും ഓരോരുത്തരെ വീതം തെരഞ്ഞെടുക്കാൻ ആയി വായനക്കാർക്ക് വോട്ട് ചെയ്യാം.

പത്ത് വിഭാഗത്തിലായി ആണ് അവാർഡുകൾ നൽകുന്നത്. ഈ പത്ത് വിഭാഗത്തിലും അഞ്ച് പേരെ വീതം തെരഞ്ഞെടുത്ത ശേഷമാണ് വോട്ടിങ്ങ് ആരംഭിക്കുക. ഇന്നത്തോടെ 6 വിഭാഗങ്ങളുടെ ഫൈനൽ ലിസ്റ്റ് പ്രഖ്യാപിച്ചു. സാമൂഹ്യ പ്രതിബന്ധതയുള്ള ബിസിനസ് സ്ഥാപനങ്ങളെയും ക്യാമ്പസ് പ്രതിഭകളെയുമാണ് നാളെ പ്രഖ്യാപിക്കുക. ഞായറാഴ്ച പ്രവാസികൾക്കുള്ള രണ്ട് അവാർഡുകൾക്കുമായി ഫൈനലിൽ ഇടം നേടിയ പത്ത് പേരുകൾ പ്രഖ്യാപിക്കും. ഈ പത്ത് വിഭാഗങ്ങളിലും ഓരോരുത്തർക്ക് വീതം വോട്ട് ചെയ്യാം. 14 ാം തീയതി തിങ്കളാഴ്ച മുതൽ 31 ാം തീയതി വ്യാഴാഴ്ച വരെ 18 ദിവസമാണ് വോട്ടിങ് കൊടുക്കുന്നത്. ജനുവരി നാലാം തീയതി തിങ്കളാഴ്ച ആയിരിക്കും അവാർഡ് പ്രഖ്യാപിക്കുന്നത്. അവാർഡ് പ്രഖ്യാപനത്തിന് ശേഷം ഏതാനും ആഴ്ചകൾക്കുള്ളിൽ തിരുവനന്തപുരത്ത് വച്ച് തന്നെ പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതാണ്.