- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.എസ്.സിയെ നോക്കുകുത്തിയാക്കി വൈദ്യുതി ബോർഡിൽ കരാർ നിയമനം; ലാസ്റ്റ്ഗ്രേഡ് നിയമനങ്ങൾ മുഴുവൻ കുടുംബശ്രീക്ക് വിടാൻ നീക്കം
കൊച്ചി: പി.എസ്.സിയെ നോക്കുകുത്തിയാക്കി വൈദ്യുതി ബോർഡിൽ കരാർ നിയമനം. വൈദ്യുതിബോർഡിലെ ലാസ്റ്റ്ഗ്രേഡ് നിയമനങ്ങൾ മുഴുവൻ കുടുംബശ്രീക്കു വിടാനാണ് നീക്കം. ഒഴിവുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കുടുംബശ്രീയിൽനിന്ന് ആളെയെടുക്കാൻ ഡയറക്ടർബോർഡ് അനുമതി നൽകി. വൈദ്യുതിബോർഡ് ആസ്ഥാനത്തു തന്നെയാണ് ആദ്യം ഇത് നടപ്പാക്കുക. ആദ്യഘട്ടത്തിൽ ഹ്യുമൻ റിസോഴ്സ്, ചീഫ് ഇന്റേണൽ ഓഡിറ്റർ, സെക്രട്ടറി (ഭരണവിഭാഗം), സാമ്പത്തികഉപദേശകൻ എന്നീ ഓഫീസുകളിൽ മൂന്നുമാസത്തിനുള്ളിൽ ഈ രീതിയിൽ നിയമനം നടത്തണം. സ്ഥിരംജീവനക്കാരെ മറ്റു വിഭാഗങ്ങളിലേക്കു മാറ്റി ഓരോ സെക്ഷനും പൂർണമായി കുടുംബശ്രീയെ ഏൽപ്പിക്കും.
ഇതോടെ പി.എസ്.സി. വഴി ലാസ്റ്റ്ഗ്രേഡ് തസ്തികകളിലേക്ക് ഇനി നിയമനമുണ്ടാകില്ലെന്നുറപ്പായി. ഒട്ടേറെ തൊഴിൽരഹിതരെ ബാധിക്കുന്നതാണ് ഈ നടപടി. വൈദ്യുതിബോർഡ് ആസ്ഥാനമായ വൈദ്യുതിഭവനിൽ 78 ഓഫീസ് അറ്റൻഡന്റ് തസ്തികകളാണുള്ളത്. ഇതിൽ ഒഴിവുള്ളതിൽ കുടുംബശ്രീയിൽനിന്ന് നിയമനം നടത്താനാണ് കമ്പനി സെക്രട്ടറിയുടെ ഉത്തരവ്. വൈദ്യുതിബോർഡിൽ 514 ഓഫീസ് അറ്റൻഡന്റുമാരുടെ തസ്തികകളാണ് ആകെ ഉണ്ടായിരുന്നത്. സ്ഥാനക്കയറ്റം, ജീവനക്കാരുടെ മരണം, പുറത്താക്കൽ എന്നിവയ്ക്കുശേഷം 397 പേരാണ് ഒടുവിലുള്ളത്. ബാക്കി 117 ഒഴിവുകളിലും നിയമനം നടന്നിട്ടില്ല. വർഷങ്ങളായി ഈ ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാറുമില്ല.
വൈദ്യുതിഭവനിൽ വർഷങ്ങളായി ക്ലീനേഴ്സ്, ഹെൽപ്പേഴ്സ് എന്നപേരിൽ കുടുംബശ്രീയുടെ കീഴിലുള്ള ‘കേരളശ്രീ സോഷ്യൽ സർവീസ് സൊസൈറ്റി' വഴിയാണ് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തിയിരുന്നത്. ഇതിന് കുടുംബശ്രീമിഷനുമായി ഒരുവർഷത്തെ കരാറും ബോർഡ് ഉണ്ടാക്കിയിരുന്നു. ഓരോ വർഷവും ഇത് പുതുക്കാറാണ് പതിവ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താത്കാലിക നിയമനങ്ങളും ഇതിലൂടെ അട്ടിമറിച്ചു.
മറുനാടന് ഡെസ്ക്