- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രങ്ങളിലെ ഉത്സവ-വഴിപാട് ചെലവുകൾ ദുർവ്യയം; വിവാദ പരാമർശവുമായി ദേവസ്വം വകുപ്പ്; വിവാദ പരാമർശം ക്ഷേത്രജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച്, പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ; ആശങ്കയുമായി ദേവസ്വം ബോർഡുകൾ
കൊല്ലം:ക്ഷേത്രങ്ങളിലെ ചെലവ് സംബന്ധിച്ച് വിവാദ പരമാർശവുമായി ദേവസ്വം വകുപ്പ്.ഉത്സവച്ചെലവ്, വഴിപാട് ചെലവ്, തന്ത്രിദക്ഷിണ എന്നിവ ദുർവ്യയമാണെന്നാണ്
ദേവസ്വം വകുപ്പിന്റെ വിലയിരുത്തൽ.മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച്, പുറത്തിറക്കിയ സർക്കാർ ഉത്തരവിലാണ് വിവാദപരാമർശം.
ക്ഷേത്രവരുമാനത്തിൽനിന്നുള്ള ചെലവിനങ്ങൾ നിയന്ത്രിക്കുന്നതിനെപ്പറ്റി സൂചിപ്പിക്കുന്ന ഭാഗത്ത്, ദുർവ്യയങ്ങൾ പ്രത്യേകിച്ച് ഉത്സവച്ചെലവ്, വഴിപാട് ചെലവ്, തന്ത്രിദക്ഷിണ എന്നിവ പരമാവധി കുറയ്ക്കേണ്ടതാണെന്ന് പറയുന്നു. ഉത്സവനടത്തിപ്പ്, ഭണ്ഡാരം തുറന്ന് എണ്ണൽ തുടങ്ങിയ പ്രവൃത്തികൾ ക്ഷേത്രജീവനക്കാരുടെ ഔദ്യോഗിക ജോലിയാണെന്നും ഇവയ്ക്ക് അധികവേതനമോ അലവൻസുകളോ അനുവദിക്കരുതെന്നും നിബന്ധനകളിൽ പറഞ്ഞിട്ടുണ്ട്. സമാന്തര കമ്മിറ്റികൾ പ്രവർത്തിച്ച് ക്ഷേത്രവരുമാനം ചോർത്തിക്കൊണ്ടുപോകുന്നത് തടയുന്നതിന് ജീവനക്കാർക്ക് ബാധ്യതയുള്ളതാണെന്നും അവരുടെ ഉത്തരവാദിത്വമാണെന്നും ദേവസ്വം വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ക്ഷേത്രങ്ങളിലെ ചെലവ് അധികരിക്കുന്നതിനാൽ അർഹതപ്പെട്ട ശമ്പളം, കാലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന ക്ഷാമബത്ത എന്നിവ ക്ഷേത്രജീവനക്കാർക്ക് നൽകിവരുന്നില്ലെന്ന കാര്യം സർക്കാർ ഉത്തരവിൽ എടുത്തുപറയുന്നു. ഉത്സവ-വഴിപാട് ചെലവുകളും തന്ത്രിദക്ഷിണയും എസ്റ്റാബ്ലിഷ്മെന്റ് ചെലവായി കണക്കാക്കണമെന്നും പൊതുനിബന്ധനയിലുണ്ട്. ഈ ചെലവുകൾ വരുമാനത്തിന്റെ 50 ശതമാനത്തിൽ കൂടരുതെന്ന നിർദേശവും മുന്നോട്ടുവയ്ക്കുന്നു.
അതേസമയം പരമാർശത്തിനെതിരെ പ്രതിഷേധം ശക്തമായിക്കഴിഞ്ഞു. ക്ഷേത്രസങ്കല്പമനുസരിച്ച് വഴിപാടുകൾ, ഉത്സവങ്ങൾ എന്നിവ ഒഴിവാക്കാനാകാത്ത ആചാരവും തന്ത്രിദക്ഷിണ താന്ത്രികച്ചടങ്ങുകളുടെ ഭാഗമാണെന്നാണ് തന്ത്രി മണ്ഡലമടക്കമുള്ള സംഘടനകൾ പറയുന്നത്. ഇവയെ ദുർവ്യയമായി കണക്കാക്കാനാവില്ലെന്നും കുറവ് വരുത്താനാവില്ലെന്നും അവർ വാദിക്കുന്നു.
നിലവിൽ മലബാർ ദേവസ്വം ബോർഡിലെ കാര്യമാണെങ്കിലും ദേവസ്വം വകുപ്പിന്റെ നിർദേശമായതിനാൽ ഭാവിയിൽ മറ്റു ദേവസ്വം ബോർഡുകളിലും ബാധകമാകുമോ
യെന്ന ആശങ്കയുയർന്നിട്ടുണ്ട്.