- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനപ്രതിനിധികളുടെ മക്കൾക്ക് ആശ്രിത നിയമനത്തിന് അർഹതയില്ല; സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കുമ്പോൾ എൻട്രി കേഡർ നിയമനം മാത്രമേ ആകാവൂ എന്ന ചട്ടം കാറ്റിൽ പറത്തി; നേരിട്ട് ഗസറ്റഡ് ഓഫീസറാക്കി; അന്തരിച്ച ചെങ്ങന്നൂർ എംഎൽഎയുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടയിൽ; വിധി സർക്കാരിന് നിർണ്ണായകം
കൊച്ചി: ചെങ്ങന്നൂർ എംഎൽഎയായിരിക്കേ മരിച്ച കെ.കെ. രാമചന്ദ്രൻ നായരുടെ മകനു വൻശമ്പളത്തിൽ സർക്കാർ ജോലി നല്കിയിരിക്കെ നിയമനത്തിലെ ചട്ടലംഘന പ്രശ്നം വിവാദമാകുന്നു. രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പിൽ അസി. എൻജിനീയറായി ഗസറ്റഡ് തസ്തികയിൽ നിയമിച്ച നടപടി ചോദ്യം ചെയ്തു നൽകിയ ഹർജിയിൽ ഹൈക്കോടതി നിലപാട് അതിനിർണ്ണായകമാകും.
എംഎൽഎ സർക്കാർ ഉദ്യോഗസ്ഥനല്ലെന്നും സർക്കാരിന് ആശ്രിത നിയമനം നടത്താനാവില്ലെന്നും ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി എം.അശോക്കുമാറാണു ഹർജി നൽകിയത്. സർവീസിൽനിന്നു നീക്കം ചെയ്യണമെന്നും ഇതുവരെ നൽകിയ ആനുകൂല്യങ്ങൾ തിരിച്ചെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദധാരിയായ പ്രശാന്തിന്റെ നിയമനത്തിൽ അപാകതയില്ലെന്ന് എതിർ സത്യവാങ്മൂലത്തിൽ സർക്കാർ അറിയിച്ചു.
സൂപ്പർ ന്യൂമററി തസ്തികയായാണ് പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർ ആയി രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന് സർക്കാർ ജോലി കൊടുത്തത്. മാനദണ്ഡങ്ങൾ മറികടന്ന് ആർ. പ്രശാന്തിനെ 39,500-83,000 ശമ്പള സ്കെയിലിൽ പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രോണിക്സ്) തസ്തികയിലാണു നിയമിച്ചത്. രാമചന്ദ്രൻ നായർ മരിച്ചപ്പോൾ മകൻ പ്രശാന്തിന് (ബി.ടെക്) വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ സർക്കാർ ജോലി നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിന് കീഴ് വഴക്കമൊന്നും ഉണ്ടായിരുന്നില്ല.
ജനപ്രതിനിധികളുടെ മക്കൾക്ക് ആശ്രിത നിയമനത്തിന് അർഹതയില്ല. രണ്ടാമത് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കുമ്പോൾ എൻട്രി കേഡർ നിയമനം മാത്രമേ ആകാവൂ. രാമചന്ദ്രൻ നായരുടെ മകനായ ആർ.പ്രശാന്തിന്റെ പ്രശ്നം വന്നപ്പോൾ നേരിട്ട് ഗസറ്റഡ് ഓഫീസർ തസ്തികയിലാണ് ജോലി നൽകിയിരിക്കുന്നത്. രാമചന്ദ്രൻ നായരുടെ കുടുംബ പ്രശ്നങ്ങൾ സർക്കാരിന് മുന്നിലേക്ക് വരുമ്പോൾ എല്ലാ ചട്ടങ്ങളും ലംഘിച്ച് വാരിക്കോരിയാണ് സർക്കാർ ആനുകൂല്യങ്ങൾ നൽകിയത്.
പിണറായി സർക്കാരിന്റെ ഈ തീരുമാനത്തിൽ കടുത്ത രോഷമാണ് സംസ്ഥാനത്തു നിന്നും ഉയരുന്നത്. സാധാരണക്കാർ സർക്കാർ ആനുകൂല്യങ്ങൾ തേടി നടന്നു ചെരിപ്പ് തേഞ്ഞ അവസ്ഥയിൽ വീട്ടിൽ തന്നെ കുത്തിയിരിക്കുമ്പോഴാണ് മറുഭാഗത്ത് മുഖ്യമന്ത്രി തലത്തിൽ തന്നെ വേണ്ടപ്പെട്ടവർക്ക് സർക്കാർ സഹായം വീട്ടിലെത്തിച്ച് നൽകുന്നത്. രാമചന്ദ്രൻ നായരുടെ മകന് ഉന്നത തസ്തികയിൽ നേരിട്ട് നിയമനം നൽകാൻ മുഖ്യമന്ത്രി തലത്തിൽ തന്നെ തീരുമാനം വന്നപ്പോൾ നിയമനത്തിന് ആധാരമാക്കിയത് രാമചന്ദ്രൻ നായരുടെ മകന്റെ യോഗ്യതയാണ്. പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രോണിക്സ്) എന്ന തസ്തികയിൽ ഒഴിവില്ലായിരുന്നു. അതിനാലാണ് ഇത്തരമൊരു തസ്തിക സൃഷ്ടിച്ച് നിയമനം നൽകിയത്. ഈ തസ്തികയിൽ നിലവിലുള്ള ഉദ്യോഗസ്ഥൻ വിരമിക്കുന്ന മുറക്ക് തസ്തിക സ്ഥിരപ്പെടും.
രാമചന്ദ്രൻ നായരുടെ കുടുംബത്തിന് വേണ്ടി സർക്കാർ നേരിട്ട് നടത്തിയ സഹായങ്ങൾ എല്ലാം തന്നെ ചട്ടലംഘനത്തിനു പരിധിയിൽപെടുന്നതാണ്. രാമചന്ദ്രൻ നായർ മരിച്ചപ്പോൾ വ്യക്തിഗത കടങ്ങൾ തീർക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നാണ് 8.66 ലക്ഷം രൂപ തുക അനുവദിച്ചത്. ചെങ്ങന്നൂർ എംഎൽഎയായിരിക്കെയാണ് പൊടുന്നനെ അസുഖബാധിതനായി രാമചന്ദ്രൻ നായർ മരിക്കുന്നത്. പക്ഷെ സഹായത്തിന്റെ പ്രശ്നങ്ങൾ വന്നപ്പോൾ സർക്കാർ രാമചന്ദ്രൻ നായരുടെ കുടുബത്തിനു വേണ്ടി ചട്ടങ്ങൾ എല്ലാം മാറ്റിവയ്ക്കുകയായിരുന്നു. കടക്കെണിൽ നിൽക്കക്കള്ളിയില്ലാതെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് എന്തിനും ഏതിനും കാശ് കൊടുക്കാം. ഒരു വ്യവസ്ഥയുമില്ല. ഇതാണ് ഖജനാവിനും ദോഷം ചെയ്യുന്നത്. രാമചന്ദ്രൻ നായർക്ക് നിരവധി ബാങ്കുകളിൽ കടമുണ്ടായിരുന്നു. ഇതെല്ലാം സർക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കൊടുത്തു തീർത്തു. അതുകൂടാതെയാണ് ഇപ്പോൾ മകന് ഗസറ്റഡ് റാങ്കിൽ നേരിട്ട് ജോലി നൽകിയത്. നേരത്തെ എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന്റെ മരണത്തിലും സമാന തീരുമാനം ഉണ്ടായിരുന്നു. ഉഴവൂരിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. ഇതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നായിരുന്നു.
ഏതെങ്കിലും രാഷ്ട്രീയ നേതാവ് മരിച്ചാൽ കുടുംബത്തെ ഇങ്ങനെ സഹായിക്കാൻ സർക്കാരിന് കഴിയുമോ എന്ന ചോദ്യമാണ് അന്ന് സോഷ്യൽ മീഡിയ സജീവമാക്കിയത്. എന്നാൽ പ്രതിപക്ഷം ഇത് കണ്ടില്ലെന്ന് നടിച്ചു. ഇതോടെ രാമചന്ദ്രൻ നായരുടെ കാര്യത്തിൽ ഒരു പിടികൂടി കടന്നു മുഖ്യമന്ത്രി മുന്നോട്ടു നീങ്ങുകയായിരുന്നു.'
മറുനാടന് മലയാളി ബ്യൂറോ