ന്യൂഡൽഹി: ബജറ്റിൽ അവതരിപ്പിച്ച ഇപിഎഫിന്മേലുള്ള നികുതി നിർദ്ദേശം ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പിൻവലിച്ചു. തൊഴിലാളി സംഘടനകളിൽനിന്നുൾപ്പടെ വൻവിമർശനം നേരിട്ടതിനെതുടർന്ന് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടിരുന്നു. നിർദ്ദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ലോക്‌സഭയിൽ അരുൺ ജെയ്റ്റ്‌ലി നികുതി പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്.

2016 ഏപ്രിൽ ഒന്നുനുശേഷം ഇപിഎഫിൽനിക്ഷേപിക്കുന്ന തുകയുടെ 60 ശതമാനത്തിന് പിൻവലിക്കുമ്പോൾ നികുതി ബാധകമാക്കിക്കൊണ്ടുള്ളതായിരുന്നു നിർദ്ദേശം. ബജറ്റിന് പിന്നാലെതന്നെ നികുതി നിർദ്ദേശം വിവാദമായപ്പോൾ, പെൻഷൻപറ്റുമ്പോൾ ലഭിക്കുന്ന തുകയുടെ 60 ശതമാനത്തിന്റെ പലിശയ്ക്കുമാത്രമാണ് നികുതി ബാധ്യതയുണ്ടാകുകയെന്ന് ധനമന്ത്രാലയം വിശദീകരണം നൽകുകയും ചെയ്തിരുന്നു. തുക പെൻഷൻ ലഭിക്കുന്ന ആന്വിറ്റി പ്ലാനുകളിൽ നിക്ഷേപിച്ചാൽ നികുതി ബാധ്യത ഒഴിവാക്കാമെന്നും വിശദീകരണം വന്നു.

എന്നാൽ വിവാദം ഇതുകൊണ്ടൊന്നും അവസാനിച്ചില്ല. ആർഎസ്എസ് അടക്കമുള്ള സംഘടനകളും രംഗത്തെത്തി. സോഷ്യൽ മീഡിയയിലും ഇതുസംബന്ധിച്ച് വിവാദം കത്തി. ഇതേതുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുകയായിരുന്നു. ഒടുവിൽ നികുതി പിൻവലിക്കുന്നതായി ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ലോക് സഭയിൽ പ്രഖ്യാപിക്കുകയായിരുന്നു. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് തീരുമാനം.