- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
മുൻ ചീഫ് ജസ്റ്റിസിന്റെ മരുമകൻ; കണ്ണടച്ച് തുറക്കും മുമ്പ് കോൺഗ്രസ് നേതൃനിരയിൽ; അംബാനിയുടെയും ബെല്ലാരി ബ്രദേഴ്സിന്റെയും ഏജന്റെന്ന് ആരോപണം; കോൺഗ്രസ് വിട്ട് വന്നത് സിപിഎമ്മിൽ; സീറ്റിന് 30 കോടി കൊടുത്തെന്നും വിവാദം; ഇപ്പോൾ 20 ട്വന്റി പ്രവർത്തകന്റെ മരണത്തിലും ആരോപിതൻ; എന്നും വിവാദ നായകനായ പി.വി ശ്രീനിജന്റെ കഥ!
ആറാം തമ്പുരാനിലെ ജഗന്നാഥനെപ്പോലെയാണ് അയാൾ. ദൃഷ്ടിപതിയുന്നിടം അയാൾക്ക് സ്വന്തം! കേരളത്തിൽ ഇത്രയെറെ വിവാദ നായകനും ദുരുഹമായ പശ്ചാത്തലം ഉള്ളതുമായ ഒരു നേതാവ് ഉണ്ടാവില്ല. എന്നിട്ടും എല്ലായിടത്തും അയാൾ തന്നെ ജയിച്ചുകയറുന്നു. അതാണ്, ഇപ്പോൾ 20 ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽവരെ ആരോപണമുയർന്ന, കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻ.
എന്നും വിവാദത്തിലൂടെയായിരുന്നു ശ്രീനിജന്റെ യാത്ര. അനധികൃത സ്വത്ത് സമ്പാദമാണ് അതിൽ ഏറ്റവും പ്രധാനം. സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു കെ ജി ബാലകൃഷ്ണന്റെ ബിനാമി സ്വത്തുക്കളിൽ ഏറെയും, മകളുടെ ഭർത്താവായ ശ്രീനിജന്റെ പേരിലാണെന്നത് കഴിഞ്ഞ തെരെഞ്ഞടുപ്പുകാലത്തും ഏറെ വിവാദമായതാണ്. ശരിക്കും പറഞ്ഞാൽ ഒരു രാഷ്ട്രീയ അത്ഭുദം തന്നെയാണ് ശ്രീനിജൻ. പറയത്തക്കയാതൊരു രാഷ്ട്രീയ പാരമ്പര്യവും ഇല്ലാഞ്ഞിട്ടും കണ്ണടച്ച് തുടക്കും മുമ്പ് അയാൾ കോൺഗ്രസിൽ ഉന്നതങ്ങളിൽ എത്തി. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ടായി. 2006ൽ കോൺഗ്രസ് ടിക്കറ്റിൽ ഞാറയ്ക്കലിൽ മത്സരിച്ചു തോറ്റു.
പിന്നെ ഭാര്യാപിതാവായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. കൃഷ്ണ- ഗോദാവരീ തടത്തിലെ എണ്ണപ്പാടങ്ങളുമായി ബന്ധപ്പെട്ട് അംബാനിക്ക് ലാഭം കിട്ടിയ നടപടിയിൽ അഴിമതി ആരോപണത്തിന് വിധേയനായി. അംബാനിയുടെ ഏജന്റെന്ന് സിപിഎമ്മുകാർ അന്ന് വിമർശിച്ചു. പിന്നാലെ ബെല്ലാരിയിലെ റെഡ്ഡി ബ്രദേഴ്‌സിന്റെ കോൾപ്പാടത്ത് ഏജന്റായെന്ന് വിർശനം വന്നു.എന്നിട്ടും ശ്രീനിജനെ ഒരു ചുക്കം ചെയ്യാൻ ആർക്കും കഴിഞ്ഞില്ല. അന്ന് ശ്രീനിജനെതിരെ ചന്ദ്രഹാസമിളക്കിയ സിപിഎമ്മുകാർ പോലും ഒടുവിൽ ശ്രീനിജന് ജയ് വിളിച്ചു. പാർട്ടി മാറി സിപിഎമ്മിലെത്തിയ ഇയാൾ കുന്നത്തുനാടിൽ 30 കോടി കൊടുത്താണ് സീറ്റ് നേടിയതെന്നുപോലും ആരോപണമുണ്ടായി. ഏവരെയും അമ്പരപ്പിച്ച് തെരഞ്ഞെടുപ്പ് ജയിച്ച് എംഎൽഎ ആവുകയും ചെയ്തു. ശരിക്കും ഒരു രാഷ്ട്രീയ അത്ഭുദക്കുട്ടിതന്നെയാണ് ഇദ്ദേഹവും.
കോൺഗ്രസിൽ വളർച്ച പൊടുന്നനെ
കണ്ണടച്ച് തുറക്കും മുമ്പ് രാഷ്ട്രീയത്തിൽ ഉയരങ്ങളിൽ എത്തിയ വ്യക്തിയാണ് പി വി ശ്രീനിജൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ആരും ഇദ്ദേഹത്തിന്റെ പേര് കേട്ടിട്ടില്ല. ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മകൾ സോണിയെ ജീവിത പങ്കാളിയാക്കിയശേഷം ഡൽഹിയിൽ ഇരുവരും എൽഎൽഎം പഠനത്തിനായി പോകുമ്പോഴും കേരള രാഷ്ട്രീയത്തിൽ അത്രകണ്ട് പ്രാധാന്യമൊന്നും ശ്രീനിജന് ഇല്ലായിരുന്നു. ( ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മരുമകൻ എന്നതു മാത്രമായിരുന്നു എക്കാലത്തെയും അദ്ദേഹത്തിന്റെ മൂലധനം) എന്നാൽ കോൺഗ്രസുകാരെ ഞെട്ടിച്ചുകൊണ്ട് 2006 ൽ സംവരണ മണ്ഡലമായിരുന്ന ഞാറയ്്ക്കൽ സീറ്റ് ശ്രീനിജൻ സ്വന്തമാക്കി. ഡോ. എം എ കുട്ടപ്പന്റെ സ്ഥിരം സീറ്റായിരുന്ന ഇത് ശ്രീനിജൻ സ്വന്തമാക്കുമ്പോൾ അതിന് ഡൽഹിയിൽ നിന്നുള്ള പിന്തുണയുണ്ടായിരുന്നു. ആ പിന്തുണയ്ക്കുള്ള കാരണം കെ ജി ബാലകൃഷ്ണൻ എന്ന സുപ്രീം കോടതി ജസ്റ്റിസും.
പക്ഷേ, ശ്രീനിജന് കളിയിൽ അടിതെറ്റി. കോൺഗ്രസിന്റെ സുരക്ഷിതമണ്ഡലമായിരുന്ന ഞാറയ്ക്കലിൽ അന്തരിച്ച സിപിഎം നേതാവ് പുരുഷോത്തമനോട് നാലായിരത്തിനടുത്ത് വോട്ടുകൾക്ക് ശ്രീനിജൻ പരാജയപ്പെടുകയാണ് ഉണ്ടായത്.അസംബ്ലി മോഹം പൊലിഞ്ഞെങ്കിലും കോൺഗ്രസ് രാഷ്ട്രീയത്തിൽ ശ്രീനിജൻ സജീവമായി. വീണ്ടും ഡൽഹിയിൽ നിന്നുള്ള കരുണ്യം ശ്രീനിജനുമേൽ ഉണ്ടാവുകയും ചെയ്തു. ഹൈക്കമാൻഡ് നോമിനേഷനിൽ രൂപീകരിച്ച സംസ്ഥാന യൂത്ത് കോൺഗ്രസിൽ പ്രസിഡന്റ് എം ലിജുവിന്റെ കീഴിൽ വൈസ് പ്രസിഡന്റായി ശ്രീനിജൻ വന്നു. മുറുമുറുപ്പുകളും എതിർപ്പുകളുമൊക്കെ ഉണ്ടായെങ്കിലും ശ്രീനിജൻ അതെല്ലാം മറികടന്ന് തന്റെതായൊരു സ്‌പേസ് കോൺഗ്രസിൽ ഉണ്ടാക്കിക്കൊണ്ടിരുന്നു.
2011 ലെ തെരഞ്ഞെടുപ്പ് വന്നപ്പോൾ ഞാറയ്ക്കൽ സംവരണത്തിൽ നിന്നും മാറി ജനറൽ സീറ്റ് ആയി മാറി. അതോടെ ശ്രീനിജന്റെ നോട്ടം എറണാകുളം ജില്ലയിൽപ്പെട്ട കുന്നത്തുനാട് മണ്ഡലത്തിലേക്ക് മാറി. കുന്നത്തുനാട് സംവരണമണ്ഡലമാണ്. കുന്നത്തുനാട്ടിൽ തന്റെ സ്വാധീനം ഉറപ്പാക്കാൻ താഴേത്തട്ടിൽ നിന്നു തന്നെ ശ്രീനിജൻ പ്രവർത്തിച്ചു തുടങ്ങി. പ്രാദേശിക നേതാക്കന്മാർക്കും സാധാരണ അണികൾക്കുമൊക്കെ പ്രിയപ്പെട്ടവനും വേണ്ടപ്പെട്ടവനുമാകാൻ ശ്രീനിജന് സാധിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ അകമഴിഞ്ഞ് സഹായിക്കനും പിന്തുണയ്ക്കാനും ഓടി നടന്ന് തന്റെ നിയമസഭ സീറ്റ് ഉറപ്പിക്കുകയായിരുന്നു ശ്രീനിജൻ.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ കെ ജി ബാലകൃഷ്ണനോട് കോൺഗ്രസ് ഹൈക്കമാൻഡിനുള്ള താൽപ്പര്യം അറിയാവുന്നവരൊക്കെ അദ്ദേഹത്തിന്റെ മരുമകൻ കേരളത്തിൽ കാണുന്ന സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമെന്ന് തന്നെ കരുതി. പോരാത്തതിന് ശ്രീനിജൻ മണ്ഡലത്തിൽ ഉണ്ടാക്കിയെടുത്ത സ്വാധീനവും കൂടി ചേർക്കുമ്പോൾ സീറ്റ് ശ്രീനിജന് തന്നെയെന്ന് ഉറപ്പിച്ചു എല്ലാവരും.
എന്നാൽ കുന്നത്തുനാടിന്റെ കുത്തക സ്വന്തമാക്കി വച്ചിരുന്ന ടി എച്ച് മുസ്തഫ എന്ന അതികായന് മാത്രം ശ്രീനിജൻ വെറുക്കപ്പെട്ടവനായിരുന്നു. പലർക്കും അയാൾ അങ്ങനെ തന്നെയായിരുന്നുവങ്കിലും പരസ്യപ്രതികരണത്തിനൊന്നും പോയില്ല. പക്ഷേ മുസ്തഫ പരസ്യമായി തന്റെ എതിർപ്പുകൾ പറഞ്ഞു. സമുന്നതരായ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിൽ വച്ചുപോലും ഒരുത്തൻ വന്നിറങ്ങിയിട്ടുണ്ടെന്നു ശ്രീനിജനെ കുത്തി തന്റെ പ്രതിഷേധം മുസ്തഫ പ്രകടിപ്പിച്ചു. എന്നാൽ, മുസ്തഫയുടെ തലയ്ക്കു മുകളിൽ ശ്രീനിജൻ വളർന്നിരുന്നു.
എല്ലാം തകർത്തത് ഒരു കത്ത്
പക്ഷേ, ശ്രീനിജന്റെ സ്വപ്നങ്ങളെല്ലാം തകർന്നതു പെട്ടെന്നായിരുന്നു. കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാർക്കും മാധ്യമപ്രവർത്തകർക്കുമെല്ലാം ഒരു ഊമക്കത്ത് കിട്ടുന്നു. അതിൽ ശ്രീനിജന്റെ അവിഹിത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു. അതിശക്തമായ വിമർശനങ്ങളായിരുന്നു അതിൽ ശ്രീനിജനെതിരേ ഉന്നയിച്ചിരുന്നത്. പക്ഷേ, കത്ത് കോൺഗ്രസ് നേതൃത്വം ആദ്യം അവഗണിക്കുകയാണ് ചെയ്തത്. എന്നാൽ ഏഷ്യാനെറ്റ് ഇത്് വാർത്തയാക്കി. ആദ്യത്തെ മൂന്നു ദിവസം വാർത്തയ്ക്ക് വലിയ അനക്കമൊന്നും ഉണ്ടാക്കാനായില്ല. ഏഷ്യാനെറ്റിനു പുറമെ മംഗളം പത്രം കൂടി ശ്രീനിജന്റെ സ്വത്ത് വിവാദം വാർത്തായാക്കി. മറ്റ് മാധ്യമങ്ങളൊന്നും വിഷയം വേണ്ടവിധത്തിൽ സ്വീകരിച്ചില്ല. എന്നാൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ വിഷയത്തിൽ ഇടപെട്ട് പ്രതികരണം നടത്തിയതോടെ കത്ത് കത്താൻ തുടങ്ങി. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് കൂടി വിഷയത്തിൽ ഉൾപ്പെട്ടതോടെ സംഭവം ദേശീയ വാർത്തയായി മാറി. ശ്രീനിജൻ, ഭാര്യ, ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ, അദ്ദേഹത്തിന്റെ സഹോദരൻ എന്നിവരിലേക്കെല്ലാം ആരോപണങ്ങൾ ചെന്നു നിന്നു.
2006ൽ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ ശ്രീനിജൻ ഹാജരാക്കിയ സ്വത്ത് വിവരത്തിൽ സ്വന്തം പേരിൽ ഭൂമി ഇല്ലെന്നായിരുന്നു പറഞ്ഞത്. ആകെ സമ്പാദ്യമെന്ന് പറഞ്ഞത് 25,000 രൂപ മാത്രം. ഭാര്യ കെ ബി സോണിയുടെ പേരിൽ തിരുവാങ്കുളത്ത് 29 സെന്റ് ഭൂമിയും കൈവശം 1,20,000 രൂപയും ഉണ്ടെന്നും സത്യവാങ്മൂലത്തിൽ സാക്ഷ്യപ്പെടുത്തിയിരുന്നു.
എന്നാൽ മൂന്നു കൊല്ലങ്ങൾക്കിപ്പുറം നൽകിയ ആദായനികുതി രേഖകളിൽ അഭിഭാഷക ദമ്പതിയായ ശ്രീനിജനും സോണിക്കും സ്വത്ത് വരുമാനത്തിൽ വലിയ വർദ്ധനവാണ് കാണിച്ചിരിക്കുന്നത്. ശ്രീനിജന് 25 ലക്ഷം രൂപയുടെയും ഭാര്യ സോണിക്ക് 15 ലക്ഷം രൂപയുടെയും വരുമാനം. അതിൽ നിന്നും ഒരു വർഷം കൂടി പിന്നട്ടപ്പോൾ ശ്രീനിജനും ഭാര്യയും ചേർന്നു കോടികൾ വിലമതിക്കുന്ന ഒട്ടേറെ സ്ഥലങ്ങളും ഫ്ലാറ്റുകളും സ്വന്തമാക്കിയിരിക്കുന്നു എന്ന തരത്തിലായിരുന്നു ശ്രീനിജനെതിരേ ആരോപണങ്ങൾ ഉയർന്നത്.
തൃശൂരിലെ അന്നമനടയിൽ പുഴയോരം ഉൾപ്പെടുന്ന രണ്ടര ഏക്കറിൽ ഒരു ആഡംബര റിസോർട്ട് നിർമ്മിക്കുന്നു, കൊച്ചിയിൽ അമ്മയുടെ പേരിൽ ഭൂമി വാങ്ങിച്ചിരിക്കുന്നു, വക്കീൽ ഓഫീസിനായി സ്വന്തം കെട്ടിടം വാങ്ങി. അങ്ങനെ പോകുന്ന ആരോപണ മഴ. അരക്കോടി വിലവരുന്ന ഫ്ളാറ്റ്, പലയിടങ്ങളിലായി ഭൂമി.എന്നിങ്ങനെ ശ്രീനിജനും ഭാര്യ സോണിയും ചുരുങ്ങിയ സമയത്തിനുള്ളിൽ വൻ സമ്പാദ്യമാണ് സ്വന്തമാക്കിയതെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു.
ചാലക്കുടിപ്പുഴ കൈയേറി
ഇതിനോടൊപ്പം ചാലക്കുടി പുഴ കൈയേറ്റം ഉൾപ്പെടെയുള്ള കേസുകളും ശ്രീനിജനെതിരേ ഉണ്ടായി. തുടർന്ന് നടന്ന അന്വേഷണത്തിൽ ചാലക്കുടി പുഴയോരം കൈയേറി കരിങ്കൽ ഭിത്തിയും പുൽത്തകിടിയും പടവുകളും നിർമ്മിച്ചതായും റവന്യൂ, പഞ്ചായത്ത്, ജലവിഭവ വകുപ്പുകളും ശ്രീനിജനെതിരെ റിപ്പോർട്ട് എഴുതി. ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സർപ്പിച്ചിച്ചത്. കല്ലൂർ വടക്കുംമുറി വില്ലേജിൽ കല്ലൂർ ഭാഗത്ത് ശ്രീനിജന്റെ പേരിലുള്ള 30 സെന്റ് സ്ഥലത്ത് പുഴ കയ്യേറി കരിങ്കൽ ഭിത്തി, പുൽത്തകിടി, പടവുകൾ തുടങ്ങിയ നിർമ്മിച്ചതായും റിപ്പോർട്ടിലുണ്ട്.ഒരേക്കറോളം സ്ഥലം കയ്യേറിയെന്നായിരുന്നു ആരോപണം.
തൃശൂർ ജില്ലയിലെ അന്നമനട കല്ലൂരിൽ പുഴയോരത്ത് ഏതാനും വർഷങ്ങൾക്കുമുമ്പാണ് ശ്രീനിജൻ 2.79 ഏക്കർ ഭൂമി വാങ്ങിയത്. ഇവിടെയാണ് റിസോർട്ട് മാതൃകയിലുള്ള വീട് പണിതിരുന്നു. വീടിരിക്കുന്ന സ്ഥലത്ത് കിഴക്കുവശത്തുള്ള പുഴയോര ഭൂമിയാണ് കൈയേറിയതായി കണ്ടെത്തിയിരിക്കുന്നത്. 2011 ലാണ് ഈ സ്ഥലത്ത് ആദ്യമായി പരിശോധന നടത്തിയത്. മുകുന്ദപുരം താലൂക്കിൽ നിന്നും ഉദ്യോഗസ്ഥർ എത്തി നടത്തിയ പരിശോധനയിൽ ഈ സ്ഥലത്ത് കൈയേറ്റം നടന്നതായി കണ്ടെത്തിയിരുന്നു.പുറമ്പോക്ക് ഭൂമിയിൽ അന്യായമായ കയ്യേറ്റമാണ് ശ്രീനിജൻ നടത്തിയതെന്ന് വിവിധ സർക്കാർ വകുപ്പുകളുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഈ കേസ് പിന്നീട് കോടതി തള്ളിക്കളയുകയാണുണ്ടത്.
ഇതിനൊപ്പം നിരവധി ആരോപണങ്ങൾ വേറേയും ഉയർന്നു. കൊച്ചി എളമക്കര കീർത്തിനഗറിൽ 2009 ജൂണിൽ 30 സെന്റ് ഭൂമിയും തന്റെയും ഭാര്യ അഡ്വ. കെ ബി സോണിയുടെയും പേരിൽ സ്വന്തമാക്കിയെന്നാണ് ആരോപണം. ഇതിനടുത്ത് അമ്മയുടെ പേരിൽ 15 സെന്റ് ഭൂമിയും സ്വന്തമാക്കി. ഇവിടെ കൂറ്റൻ ബംഗ്ലാവിന്റെ പണിയും നടക്കുന്നു. ഹൈക്കോടതിക്ക് സമീപം എംപയർ ബിൽഡിങ്ങിൽ 20 ലക്ഷം രൂപ വിലമതിക്കുന്ന ഓഫീസ് മന്ദിരം, ഇടപ്പള്ളി ട്രാവൻകൂർ കോർട്ടിൽ ഭാര്യയുടെ പേരിൽ ഫൽറ്റും ഇടക്കാലം കൊണ്ട് ശ്രീനിജൻ സ്വന്തമാക്കിയെന്നും ആക്ഷേപമുണ്ട്.
കീർത്തിനഗറിൽ സെന്റിന് എട്ട്പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയുടേതായി ആധാരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് കേവലം ഒരു ലക്ഷം രൂപ മാത്രമാണ്. അമ്മയുടെ പേരിൽ വാങ്ങിയ ഭൂമിയുടെയും വില കേവലം ഒരു ലക്ഷം മാത്രം. അന്നമനടയിൽ രണ്ടര ഏക്കർ ഭൂമിക്ക് ഒട്ടാകെ രേഖപ്പെടുത്തിയിട്ടുള്ളത് 14 ലക്ഷം രൂപ മാത്രമാണ്. ഇവിടെ രണ്ട് ലക്ഷത്തോളം രൂപയാണ് സെന്റ് ഭൂമിയുടെ വില. ഇടപ്പള്ളിയിലെ കണ്ണായ സ്ഥലത്തുള്ള ഫൽറ്റിന്റെ വിലയാകട്ടെ ആധാരത്തിൽ കേവലം ഒമ്പത് ലക്ഷം രൂപ മാത്രവും. ഇവയ്ക്ക് പുറമെ ആർഭാട കാറായ ടയോട്ട കൊറോളയും സമീപവർഷം ശ്രീനിജൻ സ്വന്തമാക്കിയെന്നാണ് മറ്റൊരു പരാതി.
ശ്രീനിജന്റെ പേരിൽ 10.59 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കഴിഞ്ഞ വർഷം കുന്നത്തുനാട്ടിൽ മത്സരിച്ചപ്പോഴുള്ള സത്യവാങ്്മൂലം തെളിയിക്കുന്നത്.
ഭാര്യയ്ക്ക് 4.07 കോടി രൂപയുടെ ആസ്തിയുണ്ട്. ശ്രീനിജന്റേയും ഭാര്യയുടേയും കയ്യിൽ 25,000 രൂപ വീതമുണ്ട്. ശ്രീനിജന്റെ പേരിൽ വിവിധ ബാങ്കുകളിലായി 61.70 ലക്ഷം രൂപയുടെ നിക്ഷേപവും, 13.03 ലക്ഷം രൂപയുടെ പോളിസിയുമുണ്ട്.
ഭാര്യയുടെ പേരിൽ വിവിധ ബാങ്കുകളിലായി 84.99 ലക്ഷം രൂപയുടേയും, മക്കളുടെ പേരിൽ 31.60 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. ശ്രീനിജന്റെ കയ്യിൽ 600 ഗ്രാം സ്വർണവും, ഭാര്യയുടെ പക്കൽ 800 ഗ്രാം സ്വർണവും, മക്കൾക്ക് 400 ഗ്രാം സ്വർണവുമുണ്ട്. 167 ആർ കാർഷിക ഭൂമിയും, 3.29 ആർ കാർഷികേതര ഭൂമിയുമാണ് ശ്രീനിജന്റെ പേരിലുള്ളത്. 2500 ചതുരശ്രയടി വിസ്തീർണമുള്ള വീടും, 1600 ചതുരശ്രയടിയുള്ള വാണിജ്യ കെട്ടിടവുമുണ്ട്. ഇത്രയും സ്വത്തുക്കളാണ് അദ്ദേഹത്തിന് ഉള്ളതെന്നാണ് ഔദ്യോഗിക ഭാഷ്യം. വെറും അഭിഭാഷക വൃത്തിമാത്രമാണ് തന്റെ തൊഴിൽ എന്നാണ് അദ്ദേഹം പറയുന്നത്. പിന്നെ എങ്ങനെയാണ് ഇത്രയും വരുമാനമെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.
വി പി സജീന്ദ്രൻ ജയിച്ചത് തിരിച്ചടി
ഇതിനിടയിൽ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനും ശ്രീനിജൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കുമെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ഒരു അഭിഭാഷകൻ സുപ്രീംകോടതിയിൽ ഹർജിയും നൽകി. പക്ഷേ അതും എവിടെയും എത്തിയില്ല.
ഇതോടെ കേസുകളും ആരോപണങ്ങളും ഉയർന്നതോടെ ശ്രീനിജൻ തകർന്നു. രാഷ്ട്രീയമായും മാനസികമായും ഒറ്റപ്പെട്ടു. വീട്ടിൽ നിന്നും പുറത്തിറങ്ങാതെയും ആരെയും അഭിമുഖീകരിക്കാതെയും ശ്രീനിജൻ ഉൾവലിഞ്ഞു. ഇതോടൊപ്പം അതുവരെ കൂടെ ഉണ്ടായിരുന്നവരുടെയും താൻ കൈയഴിഞ്ഞ് സഹായിച്ചവരുടെയും കാലുവാരലുകളും ശ്രീനിജന് കാണേണ്ടി വന്നു. ആദ്യം ഐ ഗ്രൂപ്പുകാരനായിരുന്ന ഇദ്ദേഹം കുന്നത്തുനാട്ടിലേക്ക് മാറുന്നതോടെ ഗ്രൂപ്പും മാറിയിരുന്നു. കോൺഗ്രസിലേയും യൂത്ത് കോൺഗ്രസിലേയും എ ഗ്രൂപ്പുകാർക്ക് വേണ്ടപ്പെട്ടവനായി ശ്രീനിജൻ മാറിയിരുന്നെങ്കിലും ആരോപണങ്ങളിൽ ആ നേതാവ് ദുർബലനായി എന്നറിഞ്ഞതോടെ ചാനലുകളിൽ കയറിയിരുന്ന് ശ്രീനിജനെ തള്ളിപ്പറയാൻ മത്സരിച്ചവരും എ ഗ്രൂപ്പുകാരായിരുന്നു.
ശ്രീനിജൻ തീർത്തും ദുർബലനായി മാറിയ സാഹചര്യത്തിലാണ് 2011 ൽ കുന്നത്തുനാട്ടിൽ മത്സരിക്കാനായി കോട്ടയത്തു നിന്നും വി പി സജീന്ദ്രൻ എത്തുന്നത്. വൈക്കം മണ്ഡലത്തിൽ നിന്നു മത്സരിച്ച് പരാജയപ്പെട്ടുകൊണ്ടിരുന്ന സജീന്ദ്രൻ കോൺഗ്രസിന്റെ സുരക്ഷിത ഇടമായ കുന്നത്തുനാട്ടിലേക്ക് വരുന്നത് വിജയം ഉറപ്പിച്ചാണ്.എന്നാൽ സജീന്ദ്രന്റെ ആക്‌സമികമായ വരവിൽ ശ്രീനിജന് ഉണ്ടായ സംശയങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു സജീന്ദ്രന്റെ മാധ്യമപ്രവർത്തകയായ ഭാര്യയുടെ മേൽ ഉണ്ടായത്. തനിക്കെതിരേ ചാനലുകളിൽ വാർത്തകൾ വന്നതിനു പിന്നിൽ ഭർത്താവിന് സീറ്റ് ഉറപ്പിക്കാനുള്ള ഒരു ഭാര്യയുടെ തന്ത്രം ഉണ്ടായിരുന്നുവെന്ന് ശ്രീനിജൻ വിശ്വസിച്ചു. പക്ഷേ, പ്രതികരിക്കാൻ തീർത്തും അശക്തനായിരുന്നു.
സാഹചര്യങ്ങൾ കൂടുതൽ ദുർബലനാക്കി മാറ്റുകയായിരുന്നു ശ്രീനിജനെ. 2011 ജൂൺ 25 ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ശ്രീനിജൻ നിർബന്ധക്കപ്പെട്ടു. പാളയത്തിൽ നിന്നും തന്നെ ഉണ്ടായ പടയായിരുന്നു അത്. ശ്രീനിജനെതിരെ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസിൽ നിന്ന് തന്നെ ആവശ്യമുയർന്നിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നു മാത്രമല്ല, യൂത്ത് കോൺഗ്രസിൽ നിന്നു തന്നെ പുറത്താക്കാനുള്ള നീക്കവും നടക്കുന്നുണ്ടായിരുന്നുവത്രേ. അതിനുള്ള അവസരം നൽകാതെ ശ്രീനിജൻ സ്ഥാനം രാജിവച്ചു.2011 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വി പി സജീന്ദ്രൻ കുന്നത്തുനാട്ടിൽ നിന്നും വിജയിക്കുകയും ചെയ്തു.
കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക്
കോൺഗ്രസ് പാർട്ടിയിൽ നിന്നും താൻ പുറന്തളപ്പെടുന്നുവെന്ന വസ്തുത സ്വീകരിച്ച്, കേസുകളിൽ നിന്നും മോചിതനാകുന്നതിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് സജീവ രാഷ്ട്രീയത്തിൽ നിന്നും സ്വയം പിൻവാങ്ങിയായിരുന്നു പിന്നീടുള്ള ശ്രീനിജന്റെ പ്രവർത്തനങ്ങൾ. 2016 നിയമസഭ തെരഞ്ഞെടുപ്പ് വന്നതോടെയാണ് ശ്രീനിജൻ വീണ്ടും ഉണർന്നത്. കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് വന്നു. എറണാകുളം ഏരിയ കമ്മറ്റിക്ക് കീഴിലുള്ള കറുകപ്പള്ളി ബ്രാഞ്ചിൽ പാർട്ടി അംഗമായി. ഇടതു സ്വതന്ത്രനായി ഒരു ടിക്കറ്റ് തരപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ, ഏകാഭിപ്രായം ശ്രീനിജന്റെ കാര്യത്തിൽ ഉണ്ടാക്കാൻ പാർട്ടിക്കു കഴിയാകെ വന്നതോടെ ഷിജി ശിവജി കുന്നത്തുനാട്ടിലെ ഇടതു സ്ഥാനാർത്ഥിയായി.
പക്ഷേ, ശ്രീനിജൻ സിപിഎമ്മിനെ വിട്ടുപോയില്ല. പകരം ഇടതു സ്ഥാനാർത്ഥിക്കായി അരയും തലയും മുറുക്കിയിറങ്ങി. ഷിജിയുടെ വിജയത്തേക്കാൾ സജീന്ദ്രന്റെ പരാജയമായിരുന്നു ശ്രീനിജൻ ആഗ്രഹിക്കുന്നതെന്ന് മണ്ഡലത്തിലുള്ളവർ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലും ഗൃഹസന്ദർശനങ്ങളിലും കുടുംബയോഗങ്ങളിലും എല്ലാം ശ്രീനിജൻ സജീവമായി. സീറ്റ് മോഹത്തിൽ തന്നെ തകർത്തുകളഞ്ഞ സജീന്ദ്രനും അയാൾക്കൊപ്പം നിന്നവർക്കുമെതിരേ ചെയ്യാവുന്ന ഏറ്റവും നല്ല പ്രതികാരമാണ് തെരഞ്ഞെടുപ്പിൽ നൽകുന്ന പരാജയം എന്ന് ശ്രീനിജന് അറിയാമായിരുന്നു.
അതിന്റെ തെളിവ് എന്നപോലെയാണ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ പരന്ന ഒരു ഫോൺ സംഭാഷണം. സജീന്ദ്രനെ പരാജയപ്പെടുത്താൻ കോൺഗ്രസിന്റെ ജില്ലയിലെ പ്രധാനികൾ തന്നെ ശ്രമിക്കുന്നുണ്ടെന്ന തരത്തിലുള്ള ഉൾപ്പാർട്ടി രഹസ്യങ്ങൾ, തനിക്ക് പൂർണമായി വിശ്വസിക്കാൻ കഴിയുമെന്ന് കരുതിയ ഒരാളമായി സജീന്ദ്രന്റെ മാധ്യമപ്രവർത്തകയായ ഭാര്യ, വിവിധ സമയങ്ങളിലായി നടത്തിയ സംഭാഷണങ്ങൾ എഡിറ്റ് ചെയ്ത് ചേർത്ത് ഒരുക്കിയ ഒരു കെണിയായിരുന്നു അത്. സജീന്ദ്രനും ഭാര്യയ്ക്കും ഈ ഓഡിയോ ക്ലിപ്പ് ഉണ്ടാക്കിയ തിരിച്ചടി വലുതായിരുന്നു. പല കേന്ദ്രങ്ങളുടെയും തെറ്റിദ്ധാരണയ്ക്കും വിമർശനങ്ങൾക്കും ഇരുവരും പാത്രമായി. സജീന്ദ്രൻ കുന്നത്തുനാട്ടിൽ തോൽക്കുമെന്ന വിശ്വാസത്തിന് ബലംവച്ചു. അതിനിടയിലാണ് സജീന്ദ്രന്റെ ഭാര്യയുടെ ആത്മഹത്യാശ്രമം. താൻ വിശ്വാസവഞ്ചനയ്ക്ക് ഇരയായതിന്റെ മനോവിഷമത്തിലായിരുന്നു അവർ അതിന് തുനിഞ്ഞത്. പക്ഷേ, അതോടെ ചിത്രം മാറി. കോൺഗ്രസുകാർ ആത്മാർത്ഥമായി സജീന്ദ്രനുവേണ്ടി പ്രവർത്തനത്തിന് ഇറങ്ങി. അനിശ്ചിതത്വം നിലനിന്നുവെങ്കിലും ചെറിയ ഭൂരിപക്ഷത്തിൽ, ഒരുതരത്തിൽ പറഞ്ഞാൽ അപ്രതീക്ഷിത വിജയം എന്നപോലെ വി പി സജീന്ദ്രൻ കുന്നത്തുനാട്ടിൽ രണ്ടാംവട്ടവും വിജയിച്ചു. ശ്രീനിജൻ തോറ്റു!
30 കോടി കോഴ കൊടുത്ത് സീറ്റ് നേടിയോ?
2016 ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം അധികാരത്തിൽ വന്നു. ശ്രീനിജന്റെ ഭാര്യ കെ ബി സോണി ഹൈക്കോടതിയിലെ ഗവ. പ്ലീഡർ ആയി. സജീവരാഷ്ട്രീയത്തിൽ നിന്നും വീണ്ടും പിന്മാറി അഭിഭാഷകവൃത്തിയിലേക്ക് കൂടുതൽ ശ്രദ്ധിച്ചു ശ്രീനിജൻ. ഒപ്പം സിപിഎം സഹയാത്രികനെന്ന നിലയിലുള്ള പ്രവർത്തനങ്ങളും.
2018 മെയിൽ വീണ്ടും ശ്രീനിജനും ജസ്റ്റിസ് കെ ജി ബാലകൃഷ്നും വാർത്തകളിൽ നിറഞ്ഞു നിന്നു. അനധികൃത ഖനനത്തിലൂടെ കുപ്രസിദ്ധി നേടിയ കർണാടകയിലെ ബിജെപി നേതാവും മുൻ മന്ത്രിയുമായ ജി ജനാർദ്ധൻ റെഡ്ഡിയുടെ ഒബ്ബാലപുരം മൈനിങ് കമ്പനി സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന് കോഴ നൽകിയതിന്റെ തെളിവുകൾ ഒളികാമറ ഓപ്പറേഷനിലൂടെ കന്നഡ ചാനൽ പുറത്തു വിട്ടതോടെയാണിത്. ചീഫ് ജസ്റ്റിസിന് കോഴയായി വാഗ്ദാനം ചെയ്ത 160 കോടിയിൽ ബാക്കി കിട്ടാനുള്ള 60 കോടി രൂപ ആവശ്യപ്പെടുന്നതടക്കമുള്ള ദൃശ്യ തെളിവുകളാണ് ചാനൽ പുറത്തു വിട്ടിരിക്കുന്നത്.
കെ ജി ബാലകൃഷ്ണൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് ശ്രീനിജനും ഭാര്യ കെ ബി സോണിക്കും എതിരേ ഉയർന്ന അനധികൃത സ്വത്ത് സമ്പാദന കേസുകളിൽ നിന്നും തലയൂരി വരുന്നതിനു പിന്നാലെയാണ് വളരെ ഗുരുതരമായ തെളിവുകൾ ശ്രീനിജനെതിവെയും ഉയർന്നുവന്നത്്. ഇതോടെ ശ്രീനിജന്റെ രാഷ്ട്രീയ ഭാവി ഇതോടെ തീർന്നുവെന്നാണ് പലരും കരുതിയത്. പക്ഷേ കുന്നത്തുനാട്ടിൽ ശ്രീനിജൻ ഇടതുമുന്നണി സ്ഥാനാർത്ഥിയാവുന്ന കാഴ്ചയാണ് ഏവരും കണ്ടത്.
ഇതോടെ പാർട്ടികകത്തും ആരോപണ- പ്രത്യാരോപണങ്ങൾ ഉയർന്നു. ഈ സീറ്റിന് മുപ്പത് കോടി രൂപ ശ്രീനിജൻ പാർട്ടിക്ക് കൊടുത്തുവന്നൊണ് പ്രചാരണം ഉണ്ടായത്.
ശ്രീനിജനെതിരെ സിപിഎം അണികൾ പരസ്യപ്രതിഷേധം ഉയർത്തി. വ മുപ്പത് കോടിക്ക് സീറ്റ് വിറ്റു എന്നു പോസ്റ്ററുകൾ പാർട്ടിക്കാർ തന്നെ എഴുതിയൊട്ടിച്ചു. ഇതോടെ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഈ മണ്ഡലത്തിൽ തോൽവി ഉറപ്പായപോലെയായി എൽഡിഎഫിന് അകത്തെ കാര്യങ്ങൾ.
പക്ഷേ ഫലം വന്നപ്പോൾ എല്ലാവരും ഞെട്ടി. സംസ്ഥാനമൊട്ടാകെ വീശിയടിച്ച പിണറായി തരംഗത്തിൽ ശ്രീനിജനും കരയ്ക്ക് കയറി. സജീന്ദ്രനോട് ശ്രീനിജന് മധുര പ്രതികാരം. സത്യത്തിൽ യുഡിഎഫും എൽഡിഎഫും 20 ട്വന്റിയുമായി ത്രികോണ മത്സരത്തിൽ വോട്ട് ഭിന്നിച്ച് പോയതുകൊണ്ട് മാത്രമാണ് ശ്രീനിജൻ ജയിച്ചത്. ആ അർഥത്തിൽ ശ്രീനിജൻ വിജയത്തിന് കടപ്പെട്ടിരിക്കുന്നത് 20 ട്വന്റിയോടാണ്. പക്ഷേ അധികാരത്തിലേറി അധികം കഴിയുന്നതിന് മുമ്പ്, 20 ട്വന്റിയെയും കിറ്റക്സിനെയും തീർക്കുക എന്ന പകവച്ചാണ് ശ്രീനിജൻ പ്രവർത്തിക്കാൻ തുടങ്ങിയത്.
ശ്രീനിജനെ അറസ്റ്റ് ചെയ്യണമെന്ന് 20 ട്വന്റി
ഏതാനും വർഷങ്ങളായി കിഴക്കമ്പലത്ത് 20 ട്വന്റി പ്രവർത്തകർക്കെതിരെ സിപിഎം-കോൺഗ്രസ് പ്രവർത്തകർ ആക്രമണങ്ങൾ അഴിച്ചു വിടുന്നുണ്ടെങ്കിലും ഒരാളുടെ ജീവനെടുക്കുന്നത് ഇത് ആദ്യമാണ്. പഞ്ചായത്തുകളിൽ പ്രതിപക്ഷമില്ലാതെ ആധിപത്യം സ്ഥാപിച്ച ഈ പാർട്ടിയെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ കടുത്ത വൈരത്തോടെയാണ് കാണുന്നത്. ശ്രീനിജൻ എംഎൽഎ ആയതോടെ കളി പുതിയ തലത്തിലേക്ക് കടുന്നു. സംസ്ഥാന ഭരണം കയ്യാളുന്ന പാർട്ടിയുടെ എംഎൽഎ, ഇവിടെ നടപ്പാക്കുന്ന പല പദ്ധതികൾക്കും തുരങ്കം വയ്ക്കുന്നതായി ആദ്യം മുതൽ തന്നെ ആക്ഷേപമുണ്ടായിരുന്നു.
കിഴക്കമ്പലത്ത് വഴിവിളക്കുകൾ തെളിക്കുന്നതിനായി നടപ്പാക്കിയ സ്ട്രീറ്റ് ലൈറ്റ് ചാലഞ്ചിനെതിരെ ശ്രീനിജൻ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയതിൽ പ്രതിഷേധിച്ചായിരുന്നു 20 ട്വന്റിയുടെ നേതൃത്വത്തിൽ വിളക്കണയ്ക്കൽ സമരം നടത്തിയത്. എംഎൽഎ കെഎസ്ഇബി ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തി സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതി നടപ്പാക്കുന്നതു തടയുന്നു എന്നായിരുന്നു ആക്ഷേപം. 12ന് വൈകിട്ട് 7 മുതൽ 7.15 വരെയായിരുന്നു സമരം. ഈ സമരത്തിൽ പങ്കെടുത്ത് സ്വന്തം വീട്ടിൽ വിളക്കണച്ച ശേഷം അടുത്ത വീട്ടിലേയ്ക്കു പോകുമ്പോൾ കാത്തു നിന്ന സിപിഎം പ്രവർത്തകർ ദീപുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഈ മർദനമാണ് ദീപുവിന്റെ മരണത്തിൽ കലാശിച്ചത്. ഈ സംഭവത്തിന്റെ ആസൂത്രകൻ ശ്രീനിജൻ എംഎൽഎ ആണെന്നാണ് 20 ട്വന്റി ആരോപിക്കുന്നത്. ''പത്ത് മാസമായി കിഴക്കമ്പലത്തും ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലും ക്രമസമാധാനം ഇല്ലാത്ത അവസ്ഥയാണ്. പഞ്ചായത്തുകളിലും വകുപ്പ് ഓഫീസുകളിലും എംഎൽഎയുടെ നിർദ്ദേശത്തിലാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. ആരെങ്കിലും അനുസരിച്ചില്ലെങ്കിൽ അവരെ ഭീഷണിപ്പെടുത്തുന്നു. ''- ട്വന്റി ട്വന്റിയുടെ ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബ് ചൂണ്ടിക്കാട്ടുന്നു.
'' ദീപുവിനെ മർദ്ദിക്കാനാണ് സിപിഎം പ്രവർത്തകർ അവിടെയെത്തിയത് ബക്കറ്റ് പിരിവിനല്ല. വിളക്കണക്കൽ സമരത്തെ കുറിച്ച് പറയാൻ കോളനിയിലെ വീടുകൾ കയറി നടക്കുമ്പോൾ പതിയിരുന്നാണ് ആക്രമിച്ചത്.പ്രൊഫഷണൽ രീതിയിലുള്ള ആക്രമണമായിരുന്നു. പുറത്തേക്ക് യാതൊരു പരിക്കും ഏൽക്കാതെ ആന്തരികമായ ക്ഷതമേൽപ്പിക്കുന്ന മർദ്ദനമാണ് നടത്തിയത്. വാർഡ് മെമ്പർ സ്ഥലത്ത് എത്തുമ്പോൾ ദീപുവിനെ മതിലിനോട് ചേർത്ത് നിർത്തി മർദ്ദിക്കുകയായിരുന്നു. ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണം. ദീപുവിന്റെ അയൽവാസികൾ പോലും എംഎൽഎയ്ക്ക് എതിരെ പ്രതികരിക്കാൻ ഭയക്കുന്നു. ആരെങ്കിലും പ്രതികരിച്ചാൽ അവർക്കെതിരെ ഭീഷണി ഉയർത്തുകയാണ്. വിളക്കണക്കൽ സമരത്തിന്റെ 90 ശതമാനം പോസ്റ്ററുകളും കീറിക്കളഞ്ഞു. പിവി ശ്രീനിജൻ എംഎൽഎയായ ശേഷം തങ്ങളുടെ 50 പ്രവർത്തകർ ആക്രമിക്കപ്പെട്ടു.''- സാബു മാധ്യമങ്ങളോട് പറയുന്നു.
''അക്രമി സംഘം ശ്രീനിജൻ എംഎൽഎയുമായി കൃത്യം നടത്തുന്നതിന് മുൻപും ശേഷവും ബന്ധപ്പെട്ടിട്ടുണ്ട്. ശ്രീനിജനാണ് കേസിലെ ഒന്നാം പ്രതി. രാഷ്ട്രീയ ബലവും, കോടതികളിൽ ഉള്ള സ്വാധീനവും ഉപയോഗിച്ച് ശ്രീനിജൻ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആർക്കും പരാതി പറയാൻ പോലും ധൈര്യമില്ല. 10 മാസം കൊണ്ടു അഞ്ച് പൈസയുടെ പ്രയോജനം എംഎൽഎയെ കൊണ്ട് ഉണ്ടായിട്ടില്ല. അർഹത ഇല്ലാത്തവർക്ക് അധികാരം കിട്ടുന്നതിന്റെ ഇരയാണ് ദീപു''- സാബു എം ജേക്കബ് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ശ്രീനിജൻ ഇക്കാര്യം നിഷേധിക്കുകയാണ്. തനിക്ക് ഈ പറഞ്ഞ ആളുകളുമായി യാതൊരു ബന്ധവും ഇല്ലെന്നു വേണമെങ്കിൽ തന്റെ ഫോൺ രേഖകൾ അടക്കം പരിശോധിക്കാമെന്നും അദ്ദേഹം പറയുന്നു. പക്ഷേ ഒരു കാര്യം നിഷ്്പക്ഷരായ ആളുകൾ പറയുന്നുണ്ട്. ശ്രീനിജൻ എംഎൽഎ ആയതിനുശഷമാണ് കിഴക്കമ്പലത്ത് ഗുണ്ടാ വിളയാട്ടവും അക്രമവും ശക്തമായത്. ഇതുവരെയുള്ള എല്ലാ കടമ്പകളും തട്ടിത്തെറിപ്പിച്ച് വന്ന ആറാംതമ്പുരാനാണ് ശ്രീനിജൻ. 20 ട്വന്റിയാവട്ടെ തീയിൽ കുരുത്ത സംഘടനയും. ഇവർ തമ്മിൽ നേർക്കുനേർ വരുമ്പോൾ ആര് ജയിക്കും. കാത്തിരുന്ന് കാണാം.
വാൽക്കഷ്ണം: ദീപുവിന്റെ മരണത്തശേഷം നടന്ന സംഭവങ്ങൾക്ക് പിന്നിലും ഒരു ക്രിമിനിൽ ബുദ്ധി പ്രകടമാണ്. അയാൾ മരിച്ചത് ലിവർ സീറോസിസുകൊണ്ടാണെന്ന് വരുത്തി തീർക്കാൻ ആസൂത്രിത ശ്രമം ഉണ്ടായി. മരിച്ച് ഒരു മണിക്കൂറിനകം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാൻ അംബുലർസ് റെഡിയായിവരുന്നു. 20 ട്വന്റി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഈ നീക്കം ഇല്ലാതായത്. ഈ ആസൂത്രണങ്ങൾക്കൊക്കെ ചുക്കാൻ പിടിക്കുന്ന തല ആരുടേതാണ് എന്നാണ് ചോദ്യം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ