തിരുവനന്തപുരം: കേരളത്തിലെ ബലിദാനികളുടെ ഓർമ്മയ്ക്കായി ബിജെപി പുറത്തിറക്കിയ സ്മരണികയായ ആഹുതിയിലെ മുഖചിത്രവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൻ വിവാദം. സിപിഐ(എം) മുഖപത്രമായ ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റർ പി. എം മനോജ് സ്മരണികയുടെ മുഖചിത്രം ഫോട്ടോഷോപ്പ് സൃഷ്ടി ആണെന്ന ആരോപണം ഫേസ്‌ബുക്കിലൂടെ ഉന്നയിച്ചതോടെ വിഷയം വൻ ആരോപണ പ്രത്യാരോപണങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.

മുഖചിത്രം വ്യാജമാണെന്ന് പറഞ്ഞ മനോജ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടും അത് യഥാർത്ഥ ചിത്രമാണെന്ന് വ്യക്തമാക്കിയും കേസരി പത്രാധിപർ എൻ ആർ മധു മറുപടി നൽകിയതോടെ സംഭവം വലിയ ചർച്ചയായി മാറി. മുഖചിത്രത്തിലെ കരയുന്ന പെൺകുട്ടി ഏത് ബലിദാനിയുടെ ബന്ധുവാണെന്ന് ചോദിച്ചായിരുന്നു പി.എം മനോജിന്റെ വെല്ലുവിളി. ഇത് ഏറ്റെടുത്തുകൊണ്ടാണ് കേസരി പത്രാധിപർ എൻ.ആർ മധു മറുപടി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധത്തിൽ പെട്ട വിനോദിന്റെ മകൾ ശിവദയാണ് കരയുന്നതെന്ന് എൻ.ആർ മധു വ്യക്തമാക്കി.

ഈ കണ്ണുനീരിനെ ഫോട്ടോഷോപ്പാണെന്ന് പറഞ്ഞയാളുടെ രണ്ട് സഹോദരന്മാരും ആർഎസ്എസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണെന്നും ഇയാളുടെ വീട്ടിൽ നിന്നാണ് കണ്ണൂർ കണ്ടതിൽവച്ചേറ്റവും വലിയ ബോംബുശേഖരം പിടികൂടിയതെന്നും വ്യക്തമാക്കി ബിജെപി നേതാവ് കെ സുരേന്ദ്രനും പോസ്റ്റിട്ടതോടെ വിവാദം കൊഴുത്തിരിക്കുകയാണ്. ഇതിനെല്ലാം ്മറുപടിയുമായി വീണ്ടും മനോജും പോസ്റ്റ് നൽകിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ 11 ന് തിരുവനന്തപുരം വൈകുണ്ഠം ഓഡിറ്റോറിയത്തിൽ എത്തിയാൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ശിവദ കരയുന്നതിന്റെ വീഡിയോദൃശ്യങ്ങൾ കാട്ടിത്തരാമെന്ന് എൻ.ആർ മധു പോസ്റ്റിൽ വ്യക്തമാക്കിയതോടെ ബലിദാനികളെ അപമാനിക്കുകയായിരുന്നു മനോജെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തമായിക്കഴിഞ്ഞു. എന്ന് സ്വന്തം അമ്മ എന്ന ഡോക്യുമെന്ററിയിലൂടെ ശിവദയുടെ മാത്രമല്ല ഒരുപാട് പേരുടെ വ്യാജമല്ലാത്ത കണ്ണുനീർ കാട്ടത്തരാമെന്നും ഫേസ്‌ബുക്കിലൂടെ നൽകിയ മറുപടിയിൽ എൻ.ആർ മധു വ്യക്തമാക്കിയിട്ടുണ്ട്.

മുഖചിത്രം ഒറിജനൽ ആണെങ്കിൽ തന്റെ പോസ്റ്റ് പിൻവലിച്ച് ഖേദം പ്രകടിപ്പിക്കാമെന്നും പി.എം മനോജ് വ്യക്തമാക്കിയിരുന്നു. വാക്കുകൾക്ക് വിലയുണ്ടെങ്കിൽ പി.എം മനോജ് മാപ്പു പറയാൻ തയ്യാറാകണമെന്ന് എൻ.ആർ മധു ആവശ്യപ്പെട്ടു ഫോട്ടോഷോപ്പ് ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും കണ്ണുനീർ ഇളനീര് പോലെ ചെത്തിയെടുത്ത് കണ്ണിനടുത്തുകൊണ്ടുവച്ചിരിക്കുകയാണെന്നും പി.എം മനോജ് പരിഹസിച്ചിരുന്നു.

കണ്ണൂരിലെ സിപിഐ(എം) അക്രമത്തിനെതിരെ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജനകീയ സദസ്സിൽ അക്രമത്തിൽ പരിക്കേറ്റ ശിവദ കരയുന്ന ചിത്രം കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രമുൾപ്പെടെ പുനപ്രസിദ്ധീകരിച്ചുകൊണ്ട് മനോജിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

കേരളത്തിൽ സംഘടനയ്ക്ക് വേണ്ടി ബലിദാനികളായവരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ആഹുതി പുറത്തിറക്കിയത്. കോഴിക്കോട് ബിജെപി ദേശീയ കൗൺസിൽ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്മരണിക പ്രകാശനം ചെയ്തത്. സിപിഐ(എം) അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ ആയിരുന്നു ആഹുതിയിൽ പ്രസിദ്ധീകരിച്ചിരുന്നത്. ആഹുതിയിലെ വിവരങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ മുഖ്യചർച്ചയാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ മുഖചിത്രത്തിന്റെ വിശ്വാസ്യത ദേശാഭിമാനി റസിഡന്റ് എഡിറ്റർ മനോജ് ചോദ്യംചെയ്തതോടെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തി. മനോജിന്റെ കുടുംബത്തിന്റെ ചെയ്തികൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി നിശിത വിമർശനമാണ് കെ സുരേന്ദ്രൻ ഉന്നയിച്ചത്.

ചിത്രം വ്യാജമല്ലെങ്കിൽ മാപ്പുപറയാമെന്ന് പറഞ്ഞ മനോജ് പക്ഷേ, വിമർശനം ശക്തമായതോടെ താൻ ഒരു ബലിദാനിയുടെ കുടുംബത്തിനെയും വിഷമിപ്പിച്ചിട്ടില്ലെന്നും സുരേന്ദ്രന്റെ കുലമഹിമയും വീരകഥകളും പറയാൻ മാത്രം താൻ ്അധപതിച്ചിട്ടില്ലെന്നും ഇമ്മാതിരി വൈകാരിക പിപ്പിടി കാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും വ്യക്തമാക്കി മറ്റൊരു പോസ്റ്റും നൽകിയതോടെ വിഷയം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരിക്കുകയാണ്.