കോഴിക്കോട്: ദേശീയ ഗെയിംസിന് എത്തുന്ന പുതിയ അവതാരമാണ് ബീച്ച് ഹാൻഡ് ബോൾ. സാധാരണ ആതിഥേയ സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങളാകും പുതിയ ഗെയിംസുകളെ ഉൾപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തുക. എന്നാൽ കേരളം അത്തരം നീക്കമൊന്നും നടത്താത്തതിനാൽ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന് തോന്നിയത് ചെയ്തു. എന്നാലും അതിന്റെ ഗുണം ലഭിക്കണം. അതിന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനി സെൽവൻ തന്നെ രംഗത്ത് വന്നു. ബീച്ച് ഹാൻഡ്‌ബോൾ-കേരളത്തിൽ ആ്‌രും കളിക്കാത്ത ഗെയിം. ഹാൻഡ്‌ബോളിൽ തന്നെ പഴയ പ്രതാപമൊന്നും കേരളത്തിന് ഇല്ല. അപ്പോഴാണ് ബീച്ച് ഹാൻഡ്‌ബോളിന്റെ അവതരണം.

ഇരുപത് കളിക്കാർക്ക് ടീമിൽ ഇടം കിട്ടും. മറ്റ് സംസ്ഥാനങ്ങളിലും അത്ര പ്രചാരമില്ല. അതുകൊണ്ട് തന്നെ ആതിഥേയ സംസ്ഥാനത്തിന്റെ ആനുകൂല്യം മുതലെടുത്ത് വെങ്കലമെങ്കിലും നേടാനാകും. വെങ്കലം കിട്ടിയാലും സർക്കാർ കാഷ് അവാർഡ് കിട്ടും. അതോടൊപ്പം മറ്റ് ചില നേട്ടങ്ങളുമുണ്ട്. ഈ ചിന്തയിലാകണം പത്മിനി സെൽവൻ നീങ്ങിയതെന്നാണ് ആക്ഷേപം. തുടക്കം ഗംഭീരമായിരുന്നു. ഒടുക്കം പാളുകയും ചെയ്തു. അങ്ങനെ മകളുടെ ഭർത്താവ് കെ.ജെ. ക്‌ളിന്റനെ ദേശീയ ഗെയിംസിലെ ബീച്ച് ഹാൻഡ്ബാൾ ടീമിൽ ഉൾപ്പെടുത്താനുള്ള നീക്കം പൊളിഞ്ഞതായാണ് സൂചന. ടീമിലെ സഹകളിക്കാർ കഌന്റണിന്റെ ബന്ധുബലം അറിഞ്ഞതോടെ പ്രശ്‌നമായി. ഇയാൾ ക്യാമ്പ് വിടുകയും ചെയ്തു. വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് മുങ്ങിയ ക്ലിന്റൺ ടീമിലുണ്ടാകുമോ എന്ന് ഉറപ്പിക്കാൻ സംസ്ഥാന ഹാൻഡ്‌ബോൾ അസോസിയേഷൻ സെക്രട്ടറി ദാമോദരനും കഴിയുന്നില്ല.

പത്മിനി തോമസിന്റെ മരുമകനാണോ എന്നൊന്നും അറിയില്ല. എറണാകുളത്ത് നിന്നുള്ള ഒരു ക്ലിന്റൺ ടീമിലുണ്ട്. ഇരുപതംഗ ടീമിൽ സെലക്ഷൻ കിട്ടി വന്നതാണ്. ഇനി ഒരു ഒരു സെലക്ഷൻ കൂടിയുണ്ട്. പക്ഷേ ക്ലിന്റൺ അഞ്ചു ദിവസമായി ക്യാമ്പിൽ ഇല്ല. വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് പോയതാണ് തിരിച്ചുവരുമോ എന്നൊന്നും അറിയില്ല. അതിനാൽ ടീമിൽ കളിക്കുമോ എന്നും പറയാനാകില്ല-ബീച്ച് ഹാൻഡ്‌ബോൾ ടീമിലെ പത്മിനി തോമസിന്റെ മരുമകന്റെ സാന്നിധ്യത്തെ കുറിച്ച് ദാമോദരൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ഇതിൽ ഒരുപാട് കള്ളങ്ങൾ ഒളിച്ചിരിപ്പുണ്ട്. ക്ലിന്റണെ എറണാകുളത്ത് നിന്നുള്ള ബീച്ച് ഹാൻഡ് ബോൾ താരമായാണ് അവതരിപ്പിച്ചത് എന്നതാണ് യാഥാർത്ഥ്യം.

എന്നാൽ മുൻ ലോങ്ജംപ് താരമായ കെ.ജെ. ക്‌ളിന്റൺ ദക്ഷിണ റെയിൽവേയിൽ ടിക്കറ്റ് എക്‌സാമിനറാണ്. ജൂനിയർ തലത്തിൽ ലോങ്ജംപിലെ പ്രകടനമികവുമായി റെയിൽവേയിൽ ജോലിക്ക് കയറിയ ക്ലിന്റൺ അത്‌ലറ്റിക്‌സിനോട് വിടപറഞ്ഞു. അതിന് ശേഷമാണ് ദേശീയ ഗെയിംസിലെ സാമ്പത്തിക താൽപ്പര്യം തിരിച്ചറിഞ്ഞ് പുതിയ നീക്കം നടത്തിയത്. ഇതോടൊപ്പം ബീച്ച് വോളിയുടെ ക്യാമ്പിൽ പങ്കെടുക്കുമ്പോൾ റെയിൽവേ ശമ്പളത്തോടെയുള്ള അവധിയും നൽകും. തിരുവനന്തപുരം ഹാൻഡ് ബോൾ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ പത്മിനി തോമസിന്റെ ഭർത്താവ് സെൽവനായിരുന്നു ഈ നീക്കത്തിന് പിന്നിൽ. അസോസിയേഷനിലെ ബന്ധങ്ങളുപയോഗിച്ച് ക്ലിന്റണെ എറണാകുളത്തെ പാവം പയ്യനായി അവതരിപ്പിച്ചു. എന്നാൽ ടീം സെലക്ഷനെത്തിയ എല്ലാവർക്കും ക്ലിന്റണെ അറിയാമായിരുന്നു. അങ്ങനെ 20 അംഗ ടീമിൽ കടന്നുകൂടാനായി.

കൈക്കൂലിക്കേസിൽ ഇന്ത്യൻ റെയിൽവേ ജോലിയിൽ നിന്ന് പുറത്താക്കിയ ആളാണ് സെൽവൻ. റെയിൽവേയിൽ ചീഫ് ടിക്കറ്റ് എക്‌സാമിനറായിരുന്ന സെൽവനെ റെയിൽവേയുടെ വിജിലൻസ് വിഭാഗം കൈയോടെ പിടികൂടുകയായിരുന്നു. ഈ വ്യക്തിയാണ് വിവധ കായിക സംഘടനകളിൽ ഭാര്യയുടെ അധികാരത്തിന്റെ പിൻബലത്തിൽ ചുവടുറപ്പിക്കുന്നത്. കേരളാ സ്പോർട്സ് കൗൺസിലിലെ അഞ്ചിലധികം അഫിലിയേറ്റ് ചെയ്ത കായിക സംഘടനകളുടെ പ്രതിനിധിയാണ് സെൽവൻ. ഇദ്ദേഹത്തെ ഭാരവാഹിയാക്കിയാലേ സ്പോർട്സ് കൗൺസിലിൽ നിന്ന് എളുപ്പത്തിൽ ഗ്രാന്റ് ലഭിക്കൂ എന്നതാണ് അവസ്ഥ. അതുകൊണ്ട് പലരും സെൽവനെ കായിക സംഘടനകളുടെ തലപ്പത്തുകൊണ്ട് വന്ന് ഫണ്ട് തട്ടിയെടുക്കാനുള്ള എളുപ്പ വഴിയൊരുക്കുന്നു. ഇതു തന്നെയാണ് ഹാൻഡ്‌ബോളിലും നടന്നത്.

സാൻഡ് ബാൾ എന്നറിയപ്പെടുന്ന ബീച്ച് ഹാൻഡ്ബാളിൽ പങ്കെടുക്കുന്ന ഓരോ ടീമംഗത്തിനും അഞ്ചുലക്ഷം രൂപ സമ്മാനമായി ലഭിക്കും. ഇതിന്റെ ഭാഗവും ടീമിലെത്തിയാൽ ക്ലിന്റണ് കിട്ടും. പത്മിനി തോമസിന്റെ മരുമകനാണ് ക്ലിന്റണെന്ന് അറിഞ്ഞതോടെ ക്യാമ്പിൽ കലാപമായി. അങ്ങനെയാണ് കഌന്റൺ ക്യാമ്പ് വിട്ടതെന്നതാണ് സൂചന. കോഴിക്കോട്ടാണ് ക്യാമ്പ് നടക്കുന്നത്. തിരുവനന്തപുരം ശംഖുമുഖം ബീച്ചിലാണ് ഫെബ്രുവരി ഒന്ന് മുതൽ അഞ്ചുവരെ ബീച്ച് ഹാൻഡ്ബാൾ മത്സരങ്ങൾ നടക്കുന്നത്. തിരുവനന്തപുരത്ത് കോച്ചിങ് ക്യാമ്പ് നടത്താൻ നിരവധി ബീച്ചുകൾ ഉണ്ടെന്നിരിക്കെ, കോഴിക്കോട് കടപ്പുറത്ത് കോച്ചിങ് ക്യാമ്പ് നടത്തിയതും വിവാദമായി. തിരുവനന്തപുരത്തുകാർ 'ആളെ' തിരിച്ചറിയാതിരിക്കാൻ ക്യാമ്പ് കോഴിക്കോട്ടേക്ക് മാറ്റിയെന്നാണ് വിവരം.

എന്നാൽ ഇതിനിടെയിലും ചെറിയൊരു അമിളി പത്മിനി തോമസിനും ഭർത്താവിനും പറ്റി. കോഴിക്കോട്ടെ ക്യാമ്പ് സന്ദർശിക്കാൻ ഇരുവരുമെത്തി. കളിക്കാരെ ഔദ്യോഗികമായി പരിചയപ്പെട്ടു. ഇതിനിടെയിലാണ് കഌന്റൺ ആരെന്ന് കളിക്കാർ അറിയുന്നതും വിവാദമാകുന്നതും. ഹാൻഡ് ബോൾ അസോസിയേഷനിലെ വിമതർ ഇതോടെ കലാപവുമായി രംഗത്ത് എത്തി. തിരുവനന്തപുരം ഹാൻഡ് ബോൾ അസോസിയേഷൻ പ്രസിഡന്റായി സെൽവൻ എത്തുന്നതും ആരും അറിയാതെയാണ്. ഇതിനെതിരെ പരാതിയും നിലവിലുണ്ട്. സംസ്ഥാന അസോസിയേഷനിലെ അധികാരതർക്കങ്ങളും കോടതി നടപടികളും കാരണമാണ് പരാതിയിൽ തീരുമാനം വൈകുന്നത്. അതിനിടെയാണ് മരുമകനേയും ഹാൻഡ് ബോൾ അസോസിയേഷന്റെ ഭാഗമായ ബീച്ച് വോളിയിൽ തിരുകി കയറ്റാൻ ശ്രമം നടന്നത്.