- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് കേസുകളില്ലാത്ത ഇടമലക്കുടിയിൽ വ്ലോഗറുമൊത്ത് സന്ദർശനം; ഇടുക്കി എംപി വിവാദത്തിൽ; രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ആരോപണം; പൊലീസിൽ പരാതി നൽകി; പോയത് സർക്കാർ ട്രൈബൽ സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനെന്ന് ഡീൻ കുര്യാക്കോസ്
മൂന്നാർ: സംസ്ഥാനത്ത് കോവിഡ് കേസ് റിപ്പോർട്ട് ചെയ്യാത്ത ഒരേയൊരു പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് യൂട്യൂബ് ചാനൽ ഉടമയുമായി പോയ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് വിവാദത്തിൽ. ഒന്നര വർഷമായി ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ആദിവാസി ഗ്രാമമാണ് ഇടമലക്കുടി. അതീവ പ്രാധാന്യമുള്ള ഇടമലക്കുടിയിലേക്ക് ട്രാവൽ വ്‌ലോഗർ കൂടിയായ സുജിത്ത് ഭക്തനെയുംകൊണ്ട് ഇടുക്കി എംപി ഉല്ലാസയാത്ര നടത്തിയെന്നാണ് ആരോപണം.
അനാവശ്യമായി പുറത്തുനിന്ന് ആളെ കൊണ്ടുവന്നതുവഴി കുടിയിൽ രോഗവ്യാപനമുണ്ടാകുമെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. ഇതുകൂടാതെ സംരക്ഷിത വനമേഖലയ്ക്കുള്ളിൽ കടന്ന് വനത്തിന്റെയും ആദിവാസികളുടെയും ദൃശ്യങ്ങൾ ചിത്രീകരിച്ച യുട്യൂബ് ചാനൽ ഉടമ സുജിത് ഭക്തൻ, ഇയാളെ കുടിയിലെത്തിച്ച ഡീൻ കുര്യാക്കോസ് എംപി. എന്നിവർക്കെതിരേ എ.ഐ.വൈ.എഫ്. പൊലീസിൽ പരാതി നൽകി. ദേവികുളം മണ്ഡലം പ്രസിഡന്റ് എൻ.വിമൽരാജാണ് മൂന്നാർ ഡിവൈ.എസ്‌പി, സബ്കളക്ടർ എന്നിവർക്ക് പരാതി നൽകിയത്. സിപിഎം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനും എംപിക്കെതിരേ രംഗത്തുവന്നു.
മാസ്‌ക്ക് ധരിക്കാതെ ഇടുക്കി എംപിയും സുജിത്ത് ഭക്തനും ഇടമലക്കുടിയിൽ വെച്ചെടുത്ത ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം ട്രൈബൽ സ്‌കൂളിന്റെ നിർമ്മാണ ഉദ്ഘാടനത്തിനാണ് പോയതെന്നും, താൻ ക്ഷണിച്ചിട്ടാണ് സുജിത്ത് ഭക്തൻ വന്നതെന്നുമാണ് ഡീൻ കുര്യാക്കോസ് നൽകുന്ന വിശദീകരണം. സ്‌കൂളിലേക്ക് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങിനൽകാമെന്ന് സുജിത്ത് വാഗ്ദാനം ചെയ്തത് അനുസരിച്ചാണ് അദ്ദേഹത്തെ കൂട്ടിയതെന്നും എംപി പറയുന്നു.
അവധി ദിവസം ഇങ്ങനൊരു പരിപാടി ആരുമറിയാതെ നടത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. യുട്യൂബറിന്റെ കച്ചവട താത്പര്യത്തിനായി സംരക്ഷിത വനമേഖലയുടെയും ഗോത്രവർഗ സമൂഹത്തിന്റെയും ദൃശ്യങ്ങൾ പകർത്താൻ എംപി. വഴിയൊരുക്കുകയായിരുന്നെന്നും ആക്ഷേപം ഉണ്ട്. നിരോധിത വനമേഖഖലയിൽ കടന്നുകയറി ചിത്രീകരണം നടത്തിയതിന് യുട്ഊബർക്കെതിരേ നേരത്തെയും കേസുണ്ട്.
കോവിഡ് കേസ് റിപ്പോർട്ട് ചെയ്യാത്ത ആദിവാസി പഞ്ചായത്തിലേക്ക് പരിശോധന നടത്താതെയും കോവിഡ് മാനദണ്ഡം പാലിക്കാതെയും എംപി നടത്തിയ യാത്രയെക്കുറിച്ച് അന്വേഷണം വേണമെന്ന് സിപിഎമ്മും സിപിഐയും ആവശ്യപ്പെട്ടിട്ടുണ്ട്.എംപിക്കൊപ്പം ഉല്ലാസയാത്ര നടത്തിയെന്ന് ആദ്യം തലക്കെട്ട് നൽകിയ യൂട്യൂബ് ചാനൽ ഉടമ, സംഭവം വിവാദമായതോടെ അത് മാറ്റുകയായിരുന്നുവെന്നും സിപിഐ പ്രാദേശിക നേതൃത്വം ആരോപിക്കുന്നു.
സമ്പൂർണ ലോക്ക്‌ഡൗൺ ദിവസമായ ഞായറാഴ്ച യൂട്യൂബറെ കൂട്ടി ട്രൈബൽ സ്‌കൂൾ നിർമ്മാണ ഉദ്ഘാടനം നടത്താനെത്തിയ എംപിയുടെ നടപടിയിൽ ദുരൂഹതയുണ്ടെന്നാണ് സിപിഎം ഉൾപ്പടെ ആരോപിക്കുന്നത്. സ്‌കൂളിലേക്ക് ടിവി സംഭാവന നൽകാനാണ് യൂട്ഊബർ എത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂട്ഊബർ സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
യൂട്യൂബറുടെ കച്ചവട താൽപര്യത്തിനായി ഇടമലക്കുടിയിലെ സംരക്ഷിത വനമേഖലയുടെയും ഗോത്രവർഗ സമൂഹത്തിന്റെയും ദൃശ്യങ്ങൾ പകർത്താൻ എംപി അവസരമൊരുക്കിയെന്നാണ് ആരോപണം ഉയരുന്നത്. കോവിഡ് വ്യാപനം ആരംഭിച്ചതുമുതൽ കർശനമായ നിയന്ത്രണങ്ങളാണ് ഇടമലക്കുടിയിൽ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പുറത്തുനിന്ന് ആളുകൾ വന്നതോടെ രോഗവ്യാപനം ഉണ്ടാകുമോയെന്ന ഭീതിയിലാണ് ഇടമലക്കുടിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ആരോപിക്കുന്നു. എംപിക്കും മറ്റുമെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതം: ഡീൻ കുര്യാക്കോസ് എംപി
തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ഡീൻ കുര്യാക്കോസ് എംപി പ്രതികരിച്ചു. ഇടമലക്കുടിയിലെ സർക്കാർ ട്രൈബൽ സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനാണ് പോയതെന്നും, താൻ ക്ഷണിച്ചിട്ടാണ് സുജിത്ത് ഭക്തൻ വന്നതെന്നുമാണ് ഡീൻ കുര്യാക്കോസ് നൽകുന്ന വിശദീകരണം. സ്‌കൂളിലേക്ക് ആവശ്യമായ ടെലിവിഷൻ വാങ്ങിനൽകാമെന്ന് സുജിത്ത് വാഗ്ദാനം ചെയ്തത് അനുസരിച്ചാണ് അദ്ദേഹത്തെ കൂട്ടിയതെന്നും എംപി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ