കോഴിക്കോട്: സംഘടനാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോൾ ലീഗ് നേത്യത്വത്തിൽ ചിലരുടെ ബുദ്ധിയിലുദിച്ച ഓർഗനൈസിങ് സെക്രട്ടറി നിയമനം നേതൃത്വത്തിന് പൊല്ലാപ്പായി.കെ.എസ്.ഹംസ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതായി മലയാള മനോരമ പത്രത്തിൽ തൃശൂർ എഡിനിൽ വന്ന ഫോട്ടോയാണ് വിവാദങ്ങൾക്ക് ചൂട് പകർന്നത്. പത്ര ഓഫീസിലേക്ക് പ്രവർത്തകൻ വിളിച്ച ഫോൺ കോളുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

പത്രത്തിൽ വാർത്ത വന്നതോടെ നിജസ്ഥിതി അറിയാൻ ലീഗ് അണികൾ പത്ര ഓഫീസിലേക്ക് വിളിയായി. പത്രത്തിൽ പരസ്യ താൽപര്യം മുൻനിർത്തി ഫോട്ടോ നൽകിയതാണെന്ന് പത്രത്തിൽ നിന്ന് ലഭിച്ച മറുപടിയിലൂടെ പ്രവർത്തകർ അറിഞ്ഞു. പാർട്ടി നേത്യത്വം അറിയാതെ ഫോട്ടോ നൽകിയത് എന്താണെന്ന് പ്രവർത്തകർ പത്ര ഓഫീസിലേക്ക് വിളിച്ച ഫോൺകോളിൽ ചോദിക്കുന്നുണ്ട്. ഇങ്ങനെ ചോദിക്കുന്ന പ്രവർത്തകനോട് ഓർഗനൈസിങ് സെക്രട്ടറിയിയി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിൽ അത് ലീഗ് നേത്യത്വം പത്രകുറിപ്പ് ഇറക്കട്ടെയെന്നാണ് പത്രഓഫീസിൽ നിന്നും ലഭിച്ച മറുപടി.

സംസ്ഥാന സെക്രട്ടരിയായി നിയമിച്ച തന്നെ ഓർഗനൈസിങ് സെക്രട്ടറിയാകണമെന്നുള്ള ആഗ്രഹവുമായി ഹംസ നേരത്തെ തന്നെ കളിക്കളത്തിൽ സജീവമായി രംഗത്തിറങ്ങിയിരുന്നു. പിന്തുണയുമായി പി.വി.അബ്ദുൽ വഹാബ് എംപി.യും മുന്മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെയും പിന്തുണയുടെ കരുത്തായിരുന്നു ഹംസയുടെ തന്റേടം. എം.കെ.മുനീറിന്റെ രഹസ്യ പിന്തുണയുണ്ടെന്നും കേൾക്കുന്നുണ്ട്. ഇബ്രാഹം കുഞ്ഞ് പൂർണമായും പിന്തുണക്കുന്നതിന് പിന്നിലെ കഥകൾ പാർട്ടി അണികളിൽ പാട്ടാണ്. മകനെതിരെയുള്ള ആരോപണങ്ങൾ തീർപ്പ് കൽപ്പിച്ചതിന്റെ പത്യുപകാരമാണ് ഹംസക്കുള്ള പിന്തുണയെന്നാണ് അണികൾ അടക്കം പറയുന്നത്.

രണ്ട് ദിവസം മുമ്പ് കോഴിക്കോട് വെച്ച് നടന്ന ലീഗ് നേത്യത്വ യോഗത്തിൽ ഭാരവാഹികളുടെ ചുമതലകൾ വീതിച്ചു നൽകിയിരുന്നു.സംഘടനാ ചുമതല ഹംസക്ക് നൽകാനായിരുന്നു തീരുമാനം.ഇതിനെതിരെ യോഗത്തിൽ ശക്തമായ വാക് തർക്കങ്ങൾ ഉടലെടുത്തിരുന്നു. ലീഗ് നേതാക്കളായ പി.വി.അബ്ദുൽവഹാബും പി.എം.സാദിഖലിയും തമ്മിലായിരുന്നു തമ്മിൽ ശക്തമായ വാക് തർക്കം. ഹംസയുടെ നിയമനത്തിനെതിരെ യോഗത്തിൽ സംസാരിച്ചവർക്കെതിരെ പി.വി.അബ്ദുൽ വഹാബ് എംപി 'കുഞ്ഞാലിക്കുട്ടി സ്റ്റൈലിലാണ്' പ്രതികരിച്ചതെന്ന് ചില നേതാക്കൾ പറയുന്നു.

ഹംസക്ക് പുതിയ നിയമനം നൽകാനുള്ള പ്രതവാർത്ത വന്നതോടെ ഇതിന് പിന്നിലെ ചരട് വലികളും മറ്റും ചൂണ്ടിക്കാട്ടി ശക്തമായ നിലപാടുമായി എംഎ‍ൽഎ.മാരായ കെ.എം.ഷാജി,അഡ്വ:എം.ഷംസുദീൻ എന്നിവരും രംഗത്തെത്തി.ഇതോടെ ഹൈദരലി തങ്ങളുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് തൽക്കാലം ഓർഗനൈസിങ്ങ് സെക്രട്ടറി സ്ഥാനം തൽക്കാലം മരവിപ്പിക്കാൻ തീരുമാനിച്ചത്. ഓർഗനൈസിങ് സെക്രട്ടറിയായി നിയമിച്ചെന്ന വാർത്ത, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് പാർട്ടി പത്രത്തിലൂടെ നിഷേധിച്ചു.

മാധ്യമങ്ങളിലൂടെ ലീഗിന്റെ ഉന്നത തലത്തിൽ നടക്കുന്ന വാർത്തകൾ പുറത്ത് വരുന്നതിന് പിന്നിൽ ഹംസയാണെന്ന ആരോപണവും ഇതിനിടെ ശക്തമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ഉന്നത തല യോഗത്തിന് പിന്നാലെ മാധ്യമ പ്രവർത്തകന്റെ ഫോൺ വന്നതും അതിന് നേതാവ് കമന്റ് പറഞ്ഞതും പാർട്ടി അണികളിൽ ചൂടുള്ള ചർച്ചയായിട്ടുണ്ട്.ഇക്കാര്യം ഒരു വിഭാഗം നേതാക്കൾ പാണക്കാട് തങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.