തിരുവനന്തപുരം: മലപ്പുറത്ത് മക്കന ധരിച്ച് ഫ്‌ളാഷ് മോബ് കളിച്ച പെൺകുട്ടികൾക്ക് നേരേ സമൂഹമാധ്യമങ്ങളിലൂടെ നടന്ന ആക്രമണത്തിന് പിന്നാലെ ശാസനയും മുന്നറിയിപ്പുമായി മതപണ്ഡിതരും രംഗത്തത്തി.മലപ്പുറം കുന്നുമ്മൽ ടൗണിന്റെ മധ്യത്തിൽ എയ്ഡ്‌സ് ബോധവൽകരണത്തിനായി നടത്തിയ ഫ്‌ളാഷ് മോബിലാണ് മക്കന ധരിച്ച പെൺകുട്ടികൾ പങ്കെടുത്തത്.ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ സോഷ്യൽ മീഡിയ രണ്ടുചേരിയായി തിരിഞ്ഞ് വിമർശനവും അഭിനന്ദനവും ചൊരിഞ്ഞിരുന്നു. ഇതിനിടെയാണ് ഇസ്ലാം മത പ്രഭാഷകനും ശാസനയുമായി എത്തിയത്.

തട്ടമിട്ട പെൺകുട്ടികൾ അന്യപുരുഷന്മാരുടെ മുന്നിൽ തുളുമ്പുമ്പോൾ നാളെ കബറിൽ പോകണമെന്നു ഓർക്കണമെന്നും പണ്ഡിതൻ പറയുന്നു. ഇതു നമ്മൾ പാലിച്ചില്ലെങ്കിൽ കത്തിയെരിയുന്ന കൊട്ടാരത്തിലേക്ക് വലിച്ചെറിഞ്ഞിട്ട് ഒരുപാട് യാതനകൾ അനുഭവിക്കേണ്ടി വരുമെന്നും ഓർമിപ്പിക്കുന്നു.വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ പുരോഗമിക്കുകയാണ്.

മക്കനയിട്ട മൊഞ്ചത്തികൾ നടുറോഡിൽ ജിമിക്കി പാട്ടിന് താളമിട്ട് തുള്ളുന്നതിനോട് യോജിപ്പില്ലെന്നും ഇവർ നരകത്തിൽ പോകുമെന്നും ഇസ്ളാം മതവിരുദ്ധമാണ് നൃത്തമെന്നും പറഞ്ഞ് ഒരു വിഭാഗം കടുത്ത എതിർപ്പുമായി എത്തിയതോടെ വിഷയം വലിയ വിവാദത്തിലേക്ക് വഴിമാറിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഡിസംബർ ഒന്നിനാണ് സംഭവം. ലോക എയ്ഡ്സ് ദിനാചരണം അന്നായിരുന്നു. എയ്ഡ്സ് എന്ന മാരക രോഗത്തിനെതിരെ ബോധവൽക്കരണ പരിപാടികൾ ലോകത്തെല്ലാം നടക്കുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് മലപ്പുറം ടൗണിൽ നടുറോഡിൽ ജിമിക്കി കമ്മിൽ നൃത്തവുമായി മൂന്ന് പെൺകുട്ടികൾ എത്തിയത്. ഇസ്ലാം മതവിരുദ്ധമാണ് നൃത്തമെന്നും മുസ്ലിം പെൺകുട്ടികൾ ഇങ്ങനെ പൊതു സ്ഥലത്ത് നൃത്തം ചെയ്തത് ശരിയല്ലെന്നുമുള്ള വാദവുമായി ഒരുകൂട്ടർ എത്തി.

സുഡാപ്പികളുടെ ഉഡായിപ്പൊന്നും ഇവിടെ ചെലവാകില്ലെന്നും ജബ്ര, ലിബ്ര, ശിർക്ക് വിളികളൊന്നും ഇവിടെ ഏശില്ലെന്നും നല്ല മതബോധമുള്ള കുട്ടികൾ തന്നെയാണ് മലപ്പുറത്തേതെന്നും വ്യക്തമാക്കി പെൺകുട്ടികളെ അഭിനന്ദിച്ച് നിരവധി പേരും എത്തുന്നു. എന്നാൽ എയ്ഡ്സ് രോഗത്തിന് എതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിക്ക് എതിരെ എന്തിനാണ് ഇത്തരത്തിൽ പ്രചരണം നടത്തുന്നതെന്ന ചോദ്യമാണ് മറ്റൊരു വിഭാഗം ഉയർത്തുന്നത്.

അത്തിമുത്തുവിന്റെ ജിവൻ രക്ഷിക്കാൻ പണപ്പിരിവിനിറങ്ങുന്ന മുനവ്വറലി തങ്ങളുടെ നന്മയുടെതാണ് മലപ്പുറം. ചാമ്പലായ അയ്യപ്പൻ കോവിൽ പുനർ നിർമ്മിച്ചു നൽകിയ ആലിക്കുട്ടി ഡോക്ടറുടെ നന്മയുടെതാണ് മലപ്പുറം. എതിർപ്പുമായി എത്തുന്നവർ അതോർക്കണമെന്ന് പറഞ്ഞാണ് ചിലരുടെ പോസ്റ്റ്.
ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് നടന്ന ബോധവൽക്കരണത്തിന്റെ ഭാഗമാണ് ഈ ഫ്ളാഷ് മോബ്. ഇതിനെ നബിദിനവും സുനാമിയുമായി ചേർത്ത് കെട്ടി വിശദീകരിച്ച് വഷളാക്കുകയാണ് ചിലർ. വ്യക്തി സ്വാതന്ത്ര്യമെന്നത് ഹാദിയക്ക് മാത്രമല്ല ഇവർക്കും വകവെച്ച് കൊടുക്കാം. നടുറോഡിൽ നഗ്നരായി മലർന്നു കിടന്നല്ലല്ലോ കുട്ടികൾ മഹാവിപത്തിനെ തുരത്താൻ മുന്നറിയിപ്പ് നൽകിയത്. പ്രതിഷേധിക്കാൻ ചുംബന സമരക്കാരുടെ മാർഗവും രീതിയും സ്വീകരിച്ചിട്ടുമില്ല. - മറ്റൊരാൾ ഓർമിപ്പിക്കുന്നു. ഇത്തരത്തിൽ നിരവധി പേരാണ് മലപ്പുറത്തെ ജിമിക്കി കമ്മൽ നൃത്തത്തിനെ എതിർത്തും അനുകൂലിച്ചും രംഗത്തെത്തുന്നത്.

ഹാദിയക്ക് കിട്ടിയ സ്വാതന്ത്ര്യം മലപ്പുറത്ത് ഡാൻസ് ചെയ്ത പെൺകുട്ടികൾക്കും കിട്ടണമെന്ന് വാദിക്കുന്നവർ ഹാദിയക്ക് ഇപ്പോൾ കിട്ടിയ സ്വാതന്ത്ര്യം അത്രക്കങ്ങു പിടിക്കാത്തവരും ,ഒരു പക്ഷെ ആ സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു ചെറുവിരൽ പോലും അനക്കാത്തവരുമാവാം, ഹാദിയ അനുഭവിച്ച തടവറയിലല്ല മലപ്പുറത്തെ ഈ പെൺകുട്ടികൾ ഡാൻസ് ചെയ്തത് ,മലപ്പുറത്തിന്റെ നെറുകയിലാണ് എന്നതുകൊണ്ട് തന്നെ ഹാദിയക്ക് ലഭിച്ച സ്വാതന്ത്ര്യത്തിനും ഇവർക്ക് മലപ്പുറത്ത് നൃത്തം ചെയ്യാൻ ലഭിച്ച സ്വാതന്ത്ര്യവും കൂട്ടി പറയേണ്ട കാര്യമില്ല- ഇത്തരത്തിൽ ചില വാദങ്ങളും ഉയരുന്നു.

അതേസമയം നൃത്തം ചെയ്ത കുട്ടികളെ സോഷ്യൽ മീഡിയയിൽ കൂടി വിമർശിച്ചവർക്കെതിരെ നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.ഡാൻസ് കളിച്ച മിടുക്കികളുടെ വീഡിയോയ്ക്ക് താഴെ പോസ്റ്റിട്ടവർക്ക് വിവിധ പേരുകൾ ഇട്ടാണ് ട്രോളുകൾ.