യുകെയിലെ ക്‌നാനായക്കാരുടെ സമുദായ സംഘടനയായ യുകെകെസിഎയുടെ ശക്തമായ യൂണിറ്റുകൾ ചേർന്ന് രൂപം കൊടുത്ത നോർത്ത് ഈസ്റ്റ് റീജിയന്റെ മൂന്നാമത് കൺവെൻഷന് പ്രൗഢ ഗംഭീരമായ പരിസമാപ്തി.

ന്യൂകാസിൽ, മിഡിൽബ്രോ, യോർക്ക്‌ഷെയർ, ലീഡ്‌സ്, ഷെഫീൽഡ് & ഹാംഷെയർ എന്നിവിടങ്ങളിൽ താമസിക്കുന്ന ക്‌നാനായക്കാർ തങ്ങളുടെ സ്‌നേഹബന്ധവും ആത്മബന്ധവും ഊട്ടി ഉറപ്പിക്കുന്നതിനായി രൂപം കൊടുത്ത നോർത്ത് ഈസ്റ്റ് ക്‌നാനായ റീജിയന്റെ കീഴിൽ ന്യൂകാസിൽ വച്ച് വളരെ വിപുലമായ രീതിയിൽ മൂന്നാമത് കൺവെൻഷൻ നടത്തപ്പെട്ടു. രാവിലെ പത്തരയ്ക്ക് 6 യൂണിറ്റ് പ്രസിഡന്റുമാരും റീജിയൻ കോ-ഓർഡിനേറ്ററും ചേർന്ന് പതാക ഉയർത്തി കൺവെൻഷന് തുടക്കം കുറിച്ചു. തുടർന്ന് ഫാ. ജോബി മാപ്രാപ്പള്ളിയുടേയും ഫാ.സജി തോട്ടത്തിലിന്റെയും കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന ഓണത്തിന്റെ ഓർമ്മ പുതുക്കാനായി നടത്തപ്പെട്ട ഓണസദ്യ എല്ലാവരിലും പരിചയം പുതുക്കുന്നതിനും, പിറന്ന നാടിന്റെ ഓർമ്മ അയവിറക്കുന്നതിനും ഒരുപാട് സഹായകമായി.

ഉച്ചകഴിഞ്ഞ് 3 മണിയോടെ ആരംഭിച്ച ഔദ്യോഗിക ചടങ്ങിൽ ന്യൂകാസിലെ കുട്ടികൾ ക്‌നാനായ സമുദായത്തിന്റെ ചടങ്ങുകളും പാരമ്പര്യങ്ങളും കോർത്തിണക്കിക്കൊണ്ട് നടത്തിയ സ്വാഗതനൃത്തം എല്ലാവരുടെയും പ്രശംസയ്ക്ക് പാത്രമായി.

തുടർന്ന് ന്യൂകാസിൽ യൂണിറ്റ് പ്രസിഡന്റ് ജിജോ കണ്ണച്ചാൻ പറമ്പിൽ സ്വാഗതം ആശംസിക്കുകയും, ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന നോർത്ത് ഈസ്റ്റ് റീജിയൻ കോ ഓർഡിനേറ്റർ സിറിൽ തടത്തിൽ ഫാ. സജി തോട്ടത്തിൽ, ഫാ. ജോബി മുപ്രാപള്ളി, യുകെകെസിഎ പ്രസിഡന്റ് ബിജു മടുക്കക്കുഴി,  സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തൻപുരയ്ക്കൽ, മിഡിൽബ്രോ സെക്രട്ടറി രാജേഷ് ജോർജ്ജ്, യോർക്ക് ഷെയർ യൂണിറ്റ് പ്രസിഡന്റ് തോമസ് കുട്ടി മാത്യു, ഷെഫീൽഡ് യൂണിറ്റ് പ്രസിഡന്റ് പ്രിൻസ് ജെയിംസ്, ഹംബർസൈഡ് യൂണിറ്റ് പ്രസിഡന്റ് ഷൈൻ ഫിലിപ്പ് എന്നിവർആശംസകൾ അര#്പ്പിക്കുകയും ന്യൂകാസിൽ യൂണിറ്റ് സെക്രട്ടറി സുനിൽ ചേലക്കൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. യുകെകെസിഎയ്ക്കു ന്യൂസ് ലെറ്ററിന്റെ കോപി സജി തോട്ടത്തിലിന്റെ കൈയിൽ നിന്നും ന്യൂകാസിൽ യൂണിറ്റ് പ്രസിഡന്റ് ജിജോ കണ്ണച്ചാപറമ്പിൽ ഏറ്റുവാങ്ങുകയും ജിസിഎസ്ഇയ്ക്ക് റീജിയണൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുകയും, മിഡിൽസ്‌ബോ യൂണിറ്റിലെ സ്റ്റീവ് തോമസിന് ബഹുമാനപ്പെട്ട ജോബി മുപ്രാപള്ളി അച്ചനും എ ലെവൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ന്യൂകാസിൽ യൂണിറ്റിലെ ജസ്റ്റിൻ ജെയ്‌മോന് ബഹുമാനപ്പെട്ട സജി തോട്ടത്തിലച്ചനും അവാർഡുകൾ സമ്മാനിച്ചു.

തുടർന്ന് നോർത്ത് ഈസ്റ്റ് റീജിയണിലെ 6 യൂണിറ്റുകൾ തങ്ങളുടെ കലാവൈഭവത്തിന്റെ അതിർവരമ്പുകൾ ലംഘിച്ച്‌കൊണ്ട് നടത്തിയ കലാപരിപാടികൾ കൺവെൻഷനിൽ പങ്കെടുത്ത എല്ലാവരെയും ആനന്ദ നൃത്തത്തിൽ ആറാടിച്ചു. ഏതാണ്ട് 6 മണിയോടെ കലാപരിപാടികൾ അവസാനിക്കുകയും, അടുത്ത വർഷത്തെ കൺവെൻഷൻ ആതിഥേയത്വം വഹിക്കുന്ന ഷെഫീൽഡ് യൂണിറ്റിന് റീജിയന്റെ ഫ്‌ലാഗ് കൈമാറിക്കൊണ്ട് മൂന്നാമത് നോർത്ത് ഈസ്റ്റ് റീജിയൺ ക്‌നാനായ കൺവെൻഷൻ തിരശീല വീണു.