ദുബായ്: യുഎഇയിൽപരക്കെ മഞ്ഞ് മൂടിയ കാലാവസ്ഥ.  പൊടിയും മഞ്ഞും കാരണം കാഴ്ചകൾ അവ്യക്തമായി.  ഫുജൈറയിലും ഖോർ ഫാക്കനിലും ഇന്നലെ മുതൽ ഇരുണ്ട കാലാവസ്ഥയാണ്.  നാഷണൽ സെന്റർ ഫോർ മെറ്ററോളജി ആൻഡ് സെയ്‌സ്‌മോളജിയുടെ റിപ്പോർട്ട് അനുസരിച്ച് കാലാവസ്ഥ ഇരുണ്ടതും മഞ്ഞ് മൂടിയതുമായി തുടരും.  

കൂടിയ താപനിലയോടെയാണ് മാസം തുടങ്ങിയതെങ്കിലും തീര പ്രദേശത്തും താപനില കുറയുകയാണ്.  വ്യാഴാഴ്ച മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ അടിച്ച കാറ്റ് ജബേൽ അലി, അബുദാബി, ദുബായ് പടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവിടങ്ങളെ പൊടിയിൽ മുക്കി. രാജ്യത്തെ കുറഞ്ഞ താപനില അബുദാബിയുടെ കിഴക്കൻ പ്രദേശങ്ങളിൽ രേഖപ്പെടുത്തി.  

പൊടിക്കാറ്റിന്റെ ശല്യം രൂക്ഷമായതിനാൽ വാഹനമോടിക്കുമ്പോൾ കാഴ്ച മങ്ങാൻ ഇടയുണ്ടെന്ന് മുന്നറിപ്പുണ്ട്. കാറ്റ് ശക്തമായി വീശിയടിക്കുന്നതിനാൽ കടലും പ്രക്ഷോഭിച്ചിരിക്കും. വെള്ളിയാഴ്ച കുറയാൻ തുടങ്ങുന്ന ചൂടിന് ശനിയാഴ്ചയോടെ അല്പം ശമനം ഉണ്ടാകും. അബുദാബിയിൽ 40 ഡിഗ്രിയും ദുബായിൽ 39 ഡിഗ്രിയുമായിരിക്കും താപനില. കിഴക്കൻ തീരപ്രദേശങ്ങളിൽ താപനില 37 ഡിഗ്രിയായിരിക്കും രേഖപ്പെടുത്തുകയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.