തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിലെ അഴിമതി തടയാൻ ഇനി നിയമഭേദഗതി. വർഷങ്ങൾ ഒരാൾ തന്നെ സംഘങ്ങൾ കൈയാളുന്നത് മാറ്റാനാണ് തീരുമാനം. പല സംഘങ്ങളും കുത്തക പോലെ ചിലർ ഭരിക്കുകയാണ്. ഇത് മറികടക്കാനാണ് പുതിയ നീക്കം. സഹകരണ രംഗത്തു ക്രമക്കേടുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണു നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനം.

സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗത്വം ഒരാൾക്ക് തുടർച്ചയായി 2 തവണയായി പരിമിതപ്പെടുത്തണമെന്നും മൂന്നിലൊന്ന് അംഗത്വം സ്ത്രീകൾക്ക് സംവരണം ചെയ്യണമെന്നും ശുപാർശ. റിട്ട.അഡീഷനൽ രജിസ്റ്റ്രാർ ജോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ കരടു ശുപാർശകൾ മന്ത്രി വി.എൻ.വാസവന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്തു. 51 വകുപ്പുകളിലായി 121 ഭേദഗതികളാണു ശുപാർശ ചെയ്തിരിക്കുന്നത്.

ജീവനക്കാരുടെ നിയമനത്തിന് പൊലീസ് വെരിഫിക്കേഷൻ നിർബന്ധിതമാക്കും. എല്ലാ വിഭാഗം സംഘങ്ങളിലെയും പാർട് ടൈം സ്വീപ്പർ ഒഴികെയുള്ള തസ്തികകളിലേക്കുള്ള പരീക്ഷാ നടത്തിപ്പു ചുമതല സഹകരണ പരീക്ഷാ ബോർഡിനു നൽകും. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് ഓഡിറ്റർമാർക്കും സ്ഥാപന മേധാവികൾക്കും പൊലീസിനും വിജിലൻസിനും പരാതിപ്പെടാനുള്ള വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തും. ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ കാരണക്കാരനായ ജീവനക്കാരനിൽ നിന്ന് തുക തിരിച്ചു പിടിക്കും.

കരുവന്നൂർ മാതൃകയിലെ തട്ടിപ്പ് മറികടക്കുന്നത് ലക്ഷ്യമിട്ടാണ് പ്രധാന ശുപാർശകൾ. ക്രമക്കേടിലൂടെ സംഘത്തിനു നഷ്ടം വരുത്തുന്നവരിൽ നിന്നു തുക ഈടാക്കാൻ വ്യവസ്ഥ വേണമെന്നാണ് നിർദ്ദേശം. സഹകരണ വിജിലൻസിന് ക്രിമിനൽ നടപടി ചട്ടം അനുസരിച്ചു പ്രവർത്തിക്കാൻ അധികാരം നൽകണം. ഇത് അഴിമതി കുറയ്ക്കാൻ കാരണമാകും. സഹകരണ യൂണിയൻ തിരഞ്ഞെടുപ്പ് സംസ്ഥാന കമ്മിഷൻ നടത്തും. ഓഡിറ്റ് ചെയ്യുന്നവർ ഒരു സംഘത്തിൽ 2 തവണയിൽ കൂടുതൽ പോകാൻ പാടില്ല.

ഓഡിറ്റ് പിഴവു സംഭവിച്ചാൽ നടത്തിയവരുടെ ചെലവിൽ വീണ്ടും ഓഡിറ്റ്, പ്രാഥമിക സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്‌വെയർ എന്നിവയും ശുപാർശയുടെ ഭാഗമാണ്. സംഘങ്ങളിലെ പരിശോധന, ഓഡിറ്റ്, അന്വേഷണം എന്നിവ കാര്യക്ഷമവും സമയബന്ധിതവുമാക്കാനുള്ള നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. ഓഡിറ്റിൽ കണ്ടെത്തുന്ന ക്രമക്കേടുകൾ വിജിലൻസ് ഓഫീസർക്കോ പൊലീസിലോ റിപ്പോർട്ട് ചെയ്യണം. നഷ്ടം ഉത്തരവാദികളിൽനിന്ന് ഈടാക്കുന്നത് മേൽനോട്ട ഉദ്യോഗസ്ഥന്റെ ചുമതലയാക്കണം. കർക്കശവും സമയബന്ധിതവുമായ പരിശോധനയ്ക്ക് പ്രത്യേക സംഘം വേണം. അനുബന്ധ, പങ്കാളിത്ത സ്ഥാപനങ്ങളിലും പരിശോധനയും ഓഡിറ്റും നിർബന്ധമാക്കണം.

സഹകരണ വിജിലൻസ് ഓഫീസർക്ക് സിആർപിസി പ്രകാരം നടപടിയെടുക്കാൻ അധികാരം നൽകണം. ഒരു അന്വേഷണവും ആറുമാസം അധികരിക്കരുത്. സഹകരണ യൂണിയൻ ജീവനക്കാരെയും പെൻഷൻ പദ്ധതിയുടെ ഭാഗമാക്കണം. മുൻ അഡീഷണൽ രജിസ്ട്രാർ ജോസ് ഫിലിപ്പ്, സഹകരണ പരിശീലനകേന്ദ്രം മുൻ പ്രിൻസിപ്പൽ മദനചന്ദ്രൻനായർ, മുൻ അസിസ്റ്റന്റ് രജിസ്ട്രാർ എൻ ജി പ്രദീപ് കുമാർ എന്നിവർ അംഗങ്ങളായും സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലെ ലാ ഓഫീസർ കൺവീനറുമായുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.