തിരുവനന്തപുരം: പൊതുജനങ്ങളിൽ നിന്നു നിക്ഷേപമായി സ്വീകരിച്ച പഴയ നോട്ടുകൾ മാറ്റി വാങ്ങാൻ ജില്ലാ സഹകരണ ബാങ്കുകൾക്കു റിസർവ്വ് ബാങ്ക് അനുമതി ലഭിച്ചേക്കും. ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നുള്ള പണം സ്വീകരിച്ച് പുതിയ നോട്ടുകൾ നൽകാൻ സംസ്ഥാന സഹകരണ ബാങ്കിനും പൊതുമേഖലാ ബാങ്കുകൾക്കും നിർദ്ദേശം നൽകുമെന്ന് റിസർവ് ബാങ്ക് റീജനൽ ഡയറക്ടർ എസ്.എം.നരസിംഹ സ്വാമി അറിയിച്ചു. സംയുക്തസമരസമിതി നേതാക്കൾക്കാണ് ഈ ഉറപ്പ് ലഭിച്ചത്. പ്രാഥമിക സഹകരണ സംഘങ്ങളുടെ കാര്യത്തിലും വിട്ടു വീഴ്ച ചെയ്‌തേക്കും. എന്നാൽ കെ വൈ സി മാനദണ്ഡം പാലിക്കണമെന്ന് റിസർവ്വ് ബാങ്ക് നിഷ്‌കർഷിക്കും.

ഏകദേശം 2100 കോടി രൂപയുടെ പഴയ നോട്ടുകളാണ് ജില്ലാ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത്. നോട്ട് അസാധുവാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനു പിന്നാലെ കഴിഞ്ഞ 10 മുതലാണ് ജില്ലാ ബാങ്കുകൾ പഴയ നോട്ടുകൾ സ്വീകരിച്ചു പകരം പുതിയ നോട്ടുകൾ നൽകിയത്. നോട്ട് അസാധുവാക്കിക്കൊണ്ടുള്ള റിസർവ് ബാങ്കിന്റെ ആദ്യ ഉത്തരവിൽ ജില്ലാ ബാങ്കുകളെ ഉൾപ്പെടുത്തിയിരുന്നില്ല. തുടർന്ന് സംസ്ഥാന സർക്കാരും ജില്ലാ സഹകരണ ബാങ്ക് അധികൃതരും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് റിസർവ് ബാങ്ക് റീജനൽ ഓഫിസ് അധികൃതർ അനുമതി നൽകിയത്. റിസർവ് ബാങ്ക് റീജനൽ ഡപ്യൂട്ടി ജനറൽ മാനേജർ എൻ.ഗിരീശനാണ് ഇതുസംബന്ധിച്ച് ഉത്തരവ് നൽകിയത്. എന്നാൽ, 14ന് ജില്ലാ ബാങ്കുകൾ പഴയ നോട്ടുകളിൽ നിക്ഷേപം സ്വീകരിക്കുന്നതു വിലക്കി റിസർവ് ബാങ്ക് ഉത്തരവിട്ടു. ഇതോടെ പ്രതിസന്ധിയായി.

ഇന്നലെ റിസർവ് ബാങ്കിനു മുന്നിൽ സമരത്തിനുശേഷം ജില്ലാ സഹകരണബാങ്ക് സംയുക്ത സമരസമിതി നേതാക്കൾ റീജനൽ ഡയറക്ടറുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രശ്‌നം ഉന്നയിച്ചതിനെത്തുടർന്നാണ് ഇതിനകം സ്വീകരിച്ച പഴയ നോട്ടുകൾ മാറ്റിനൽകുന്ന കാര്യത്തിൽ അനുകൂലതീരുമാനമെടുക്കാമെന്ന് ഉറപ്പ് ലഭിച്ചത്. പൊതുജനങ്ങളിൽ നിന്ന് പഴയ നോട്ടുകൾ വാങ്ങി പുതിയതു നൽകാനുള്ള അനുമതി ജില്ലാ ബാങ്കുകൾക്കു നൽകണമെന്ന ആവശ്യം റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നും അദ്ദേഹം അറിയിച്ചു. റിസർവ് ബാങ്കിന്റെ നിർദ്ദേശം ലഭിച്ചാൽ ജില്ലാ ബാങ്കുകൾക്ക് നോട്ടുകൾ മാറ്റിനൽകുമെന്ന് സംസ്ഥാന സഹകരണബാങ്ക് വൃത്തങ്ങൾ പറഞ്ഞു. ജില്ലാ ബാങ്കുകളുടെ അക്കൗണ്ടിൽ നിന്നുള്ള പണം ലഭ്യതയ്ക്കനുസരിച്ച് വിതരണം ചെയ്തുതുടങ്ങിയിട്ടുണ്ട്. റിസർവ് ബാങ്കിൽ നിന്നു പുതിയ നോട്ടുകൾ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ തുക വിതരണം ചെയ്യുമെന്നും അവർ അറിയിച്ചു.

സംസ്ഥാനത്ത് 796 ബ്രാഞ്ചുകളിലായി 35 ലക്ഷത്തിലേറെ ഇടപാടുകാരാണ് ജില്ലാ ബാങ്കുകൾക്കുള്ളത്. 62,000 കോടി രൂപയുടെ നിക്ഷേപവും 33,000 കോടി രൂപയുടെ വായ്പയും ഇവയ്ക്കുണ്ട്. നോട്ട് അസാധുവാക്കലിന് ശേഷം 2100 കോടി രൂപയാണ് മാറ്റിയെടുക്കാൻ ജില്ലാ സഹകരണ ബാങ്കിൽ എത്തിയത്. ഇത് കെട്ടികിടക്കുന്നത് ഏറെ പ്രശ്‌നങ്ങൾ ഉയർത്തിയിരുന്നു. ഇതിനാണ് താൽകാലിക പരിഹാരമുണ്ടാകുന്നത്.