കൊച്ചി: സേവനങ്ങളൊക്കെ പിന്നെ പതിയെന്നും ഇപ്പോൾ ആഘോഷം നടക്കട്ടെ എന്ന നിലപാടിൽ സംസ്ഥാന സഹകരണ വകുപ്പ്. കഴിഞ്ഞ 18ന് എറണാകുളം മറൈൻ ഡ്രൈവിൽ തുടങ്ങിയയിൽ പങ്കെടുക്കാൻ ഓഫീസ് അന്റഡന്റ് മാർക്കടക്കം ഔദ്യോഗികാനുമതി നൽകി ഉത്തരവിറക്കിയിരിക്കുകയാണ് സഹകരണ വകുപ്പ്. ഓരോ ഉദ്യോഗസ്ഥർക്കും പ്രത്യേകമായി തലസ്ഥാനത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രാനുമതിയും നൽകിയിട്ടുണ്ട്.

സർക്കാറിന്റെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായാണ് സഹകരണ വകുപ്പ് എക്‌സ്‌പോ 18ന് തുടങ്ങിയത്. ഇതിന്റെ പേരിൽ ദിവസങ്ങളായി സഹകരണ വകുപ്പിന്റെ എല്ലാ പ്രവർത്തനങ്ങൾ നിശ്ചലമാണ്. എക്‌സ്‌പോ തുടങ്ങിയതു മുതൽ വകുപ്പ് സെക്രട്ടറി മുതൽ 14 ജില്ലാ ജോയിന്റ് രജിസ്ട്രാർ, അസി. രജിസ്ട്രാർ, ഓഡിറ്റ് വിഭാഗം ഉൾപ്പടെ മുഴുവൻ ഉദ്യോഗസ്ഥരും മറൈൻ ഡ്രൈവിൽ എക്‌സ്‌പോ ഉല്ലാസത്തിലാണ്. ഇതോടെ സാമ്പത്തിക വർഷാവസനത്തെ പ്രവർത്തനങ്ങൾ പൂർണമായി നിശ്ചലമായി. പുതിയ സാമ്പത്തിക വർഷാരംഭത്തിലെ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ നിൽക്കുകയുമാണ്.

ഈ എക്‌സ്‌പോയിലേക്കാണ് സെക്രട്ടറിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫീസ് അറ്റൻഡന്റുമാർക്കടക്കം ഔദ്യോഗിക യാത്രാനുമതി നൽകിക്കൊണ്ട് സർക്കാർ പ്രത്യേക ഉത്തരവിറക്കിയിരിക്കുന്നത്. ഇതോടെ ഉദ്യോഗസ്ഥർക്ക് അവധിയും ശമ്പളവും യാത്രബത്തയുൾപ്പടെ സർക്കാർ ഖജനാവിൽ നിന്ന് നൽകേണ്ടി വരും. വകുപ്പ് പ്രവർത്തനം നിശ്ചലമാക്കി ഇത്തരം ധൂർത്ത് നടത്തുന്നതുകൊണ്ട് പൊതുജനങ്ങൾക്കോ പ്രാഥമിക സംഘങ്ങൾക്കോ പ്രത്യേകിച്ചൊരു നേട്ടവുമില്ലെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിട്ടുണ്ട്.

സംഘങ്ങളുടെ ഫണ്ട് വിനിയോഗിക്കുന്നതിന് ബന്ധപ്പെട്ട സഹകരണ ഉദ്യോഗസ്ഥന്റെ മുൻകൂർ അനുമതി വേണമെന്ന ചട്ടം മറികടന്ന് സംസ്ഥാനത്തെ 12000 ലധികം പ്രാഥമിക സംഘങ്ങളിൽ നിന്ന് 5000 രൂപ വീതം എക്‌സ്‌പോക്കായി പിരിച്ചെടുത്തിട്ടുണ്ട്. 300 ഓളം സ്റ്റാളുകളൊരുക്കുന്നതിന് 5 ലക്ഷം രൂപാവരെ വാടകയിനത്തിനും സംഘങ്ങളിൽ നിന്ന് പിരിച്ചെടുത്തിട്ടുമുണ്ട്.

ഇതിന് പുറമെ ഇവിടെ നടക്കുന്ന സെമിനാറുകളിൽ വകുപ്പ് ഉദ്യോഗസ്ഥർ സർമ്മദ്ദം ചെലുത്തിയാണ് സംഘങ്ങളിൽ നിന്ന് ഡയറക്ടർമാരെയും ജീവനക്കാരെയും പങ്കെടുപ്പിക്കുന്നത്. ഇതിനുവേണ്ടിയും സംഘങ്ങൾ പണം ചെലവഴിക്കണം. എക്‌സ്‌പോയുടെ പേരിലുള്ള ധൂർത്തും ആർഭാടവും കഴിഞ്ഞ് കഴിഞ്ഞ് സഹകരണ വകുപ്പിന്റെ പ്രവർത്തനം സാധാരണ ഗതിയിലെത്താൻ ഇനിയും ദിവസങ്ങളെടുക്കും. കോടികളുടെ പ്രവർത്തന നഷ്ടമുണ്ടാക്കുന്ന എക്‌സ്‌പോക്കെതിരെ സഹകാരികളിൽ നിന്ന് കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്