ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ഫുട്‌ബോൾ ടൂർണമെന്റിനുള്ള 28 അംഗ അർജന്റീനൻ ടീമിനെ പരിശീലകൻ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചു. ലിയോണൽ മെസി, സെർജിയോ അഗ്യൂറോ, എഞ്ചൽ ഡി മരിയ തുടങ്ങിയ സൂപ്പർ താരങ്ങളുണ്ട്. എന്നാൽ പ്രതിരോധ താരം ഫോയ്ത്ത്, സ്ട്രൈക്കർ ഒക്കാമ്പസ് എന്നിവരെ ഒഴിവാക്കി. സ്‌കലോണി ചുമതലയേറ്റ 2018 മുതൽ ഇരുവരും ടീമിലെ സ്ഥിര സാന്നിധ്യങ്ങളായിരുന്നു.

റിയോയിൽ ചൊവ്വാഴ്ച പുലർച്ചെ 2.30ന് ചിലെക്കെതിരെയാണ് ഗ്രൂപ്പ് ബിയിൽ അർജന്റീനയുടെ ആദ്യ മത്സരം. ഉറുഗ്വേ, ബൊളീവിയ, പരാഗ്വേ എന്നിവരാണ് അർജന്റീനയ്ക്കൊപ്പം ഗ്രൂപ്പിലുള്ള മറ്റ് ടീമുകൾ.

കോപ്പ അമേരിക്ക ഫുട്ബോളിനുള്ള 24 അംഗ ബ്രസീൽ ടീമിനെ പരിശീലകൻ ടിറ്റെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കളിച്ച ടീമിൽ നിന്ന് ഒരു വ്യത്യാസം മാത്രമാണ് സ്‌ക്വാഡിലുള്ളത്. ഫ്‌ളെമംഗോയുടെ റോഡ്രിഗോ പുറത്തായപ്പോൾ മുതിർന്ന പ്രതിരോധ താരം തിയാഗോ സിൽവയെ ഉൾപ്പെടുത്തി. ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെയേറ്റ പരിക്കിനെ തുടർന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ സിൽവ കളിച്ചിരുന്നില്ല.

പരിക്കുമൂലം കഴിഞ്ഞ കോപ്പ വിജയത്തിൽ പങ്കാളിയാവാൻ കഴിയാതെ വന്ന സൂപ്പർതാരം നെയ്മറാണ് ഇത്തവണ ബ്രസീൽ ആക്രമണം നയിക്കുക. കഴിഞ്ഞ തവണ കിരീടത്തിലേക്ക് നയിച്ച വെറ്ററൻ താരം ഡാനി ആൽവസിനെയും ഫിലിപെ കുടീഞ്ഞോയേയും പരിക്കുമൂലം ടിറ്റെ പരിഗണിച്ചില്ല. ഫിർമിനോ, റിച്ചാർലിസൺ, ഗബ്രിയേൽ ജീസസ്, മാർക്വീഞ്ഞോസ്, കാസിമിറോ, അലിസൺ തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിലുണ്ട്.

വെനസ്വേലക്ക് എതിരെ തിങ്കളാഴ്ച ഇന്ത്യൻസമയം പുലർച്ചെ 2.30നാണ് ബ്രസീലിന്റെ ആദ്യ മത്സരം. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ആരാധകർക്ക് സ്റ്റേഡിയത്തിൽ പ്രവേശനമുണ്ടായിരിക്കില്ല. ഗ്രൂപ്പ് എയിൽ കൊളംബിയ, ഇക്വഡോർ, പെറു എന്നിവരും ബ്രസീലിനൊപ്പമുണ്ട്.