- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെസിക്ക് ഇത് സ്വപ്ന കോപ്പ; ആദ്യ രാജ്യാന്തര കിരീടത്തിൽ മുത്തമിട്ട് ഫുട്ബോൾ മിശിഹ; ഒരു ലോകകപ്പിലും മൂന്ന് കോപ്പയിലും പൊലിഞ്ഞ സ്വപ്നം മെസിക്കായി യാഥാർത്ഥ്യമാക്കി ഡി മരിയ; ആറ് ബാലൻദ്യോർ പുരസ്കാരങ്ങളടക്കം നേട്ടങ്ങളുടെ നെറുകയിലുള്ള മെസിക്ക് അഭിമാനമായി ദേശീയ ജേഴ്സിയിലെ ആദ്യ കിരീടവും
മാരക്കാന: ഫുട്ബോളിലെ വ്യക്തിഗത നേട്ടങ്ങൾ ഓരോന്നോരോന്നായി സ്വന്തം പേരിലാക്കുമ്പോഴും ചൂണ്ടിക്കാണിക്കാൻ ദേശീയ ജേഴ്സിയിൽ പേരിനൊരു കിരീടം പോലും സൂപ്പർതാരം ലയണൽ മെസിക്ക് ഇല്ലെന്ന പഴി ഇനി മറക്കാം. കാൽപ്പന്തു കളിയുടെ കാവ്യനീതിയായി മാരക്കാനയിലെ സ്വപ്‌നഫൈനലിന് ഒടുവിൽ ആദ്യ രാജ്യാന്തര കിരീടത്തിൽ മുത്തമിട്ട് ഫുട്‌ബോളിന്റെ ഒരേയൊരു മിശിഹ.
ആറ് ബാലൻദ്യോർ പുരസ്‌കാരങ്ങളും യൂറോപ്യൻ ഫുട്‌ബോളർ ഓഫ് ദി ഇയർ, ഫിഫ ലോക ഫുട്‌ബോളർ, ചാമ്പ്യൻസ് ലീഗ്. ക്ലബ്ബ് ലോകകപ്പ് തുടങ്ങിയ നേട്ടങ്ങളെല്ലാമുണ്ടെങ്കിലും കരിയറിൽ അപൂർണമായി ബാക്കിനിന്ന ഒരു രാജ്യാന്തര കിരീടം അർജന്റീന ജേഴ്സിയിൽ മുത്തമിടാൻ ഒടുവിൽ വഴി തുറന്നത് എന്നും ഒപ്പമുണ്ടായിരുന്ന സഹതാരം എഞ്ചൽ ഡി മരിയയും.
#CopaAmérica ????
- Copa América (@CopaAmerica) July 11, 2021
???????? ¡BAILA COMO EL PAPU! ????????????
???????? Argentina ???? Brasil ????????#VibraElContinente #VibraOContinente pic.twitter.com/rLdxv4GcdV
അർജന്റീനയുടെ തലമുറകൾ കാത്തിരുന്ന മാലാഖയായി ഏയഞ്ചൽ ഡി മരിയ മാറക്കാനയിൽ പറന്നിറങ്ങിയപ്പോൾ ആഹ്ലാദത്തിന്റെ പൂത്തിരി കത്തിയത് മെസി ആരാധകരുടെ മനസിലാണ്. ചരിത്രത്തിലേക്ക് നീട്ടിയ മരിയയുടെ ഒറ്റഗോളിന്റെ ബലത്തിൽ കോപ്പ കിരീടം നെഞ്ചോടക്കുമ്പോൾ വൻകരകൾക്കും രാജ്യാതിർത്തികൾക്കും അപ്പുറത്ത് അർജന്റീനിയൻ ആരാധകർക്ക് ഇത് അനർഘ നിമിഷങ്ങളായി.
ലാറ്റിനമേരിക്കൻ ഫുട്‌ബോൾ മഹായുദ്ധത്തിൽ കാനറിക്കിളികളെ നിശബ്ദരാക്കിയാണ് ലിയോണൽ മെസിയുടെ അർജന്റീന സ്വപ്ന കോപ്പ സ്വന്തമാക്കിയത്. എഞ്ചൽ ഡി മരിയയിലൂടെ വിരിഞ്ഞ എതിരില്ലാത്ത ഒരു ഗോളിനാണ് മാരക്കാനയിൽ നീലാകാശം നിറവോടെ പിറവികൊണ്ടു.
ഫുട്ബോളിന്റെ വാഗ്ദത്തഭൂമിയിൽ ഒടുവിൽ കിരീടധാരണം. ഇന്നോളം വിമർശകർ പരിഹസിച്ച കിട്ടാക്കനിയായ കിരീടം നേടി മിശിഹായുടെ സ്ഥാനാരോഹണം. 1993ന് ശേഷം ഇതാദ്യമായാണ് അർജന്റീന ഒരു പ്രധാന കിരീടം നേടുന്നത്.
പതിറ്റാണ്ടുകളായി തുടരുന്ന ഫൈനൽ വീഴ്ചകളുടേയും കിരീട വരൾച്ചയുടെയും നിറം മങ്ങിയ കഥകളിലേക്ക് കിരീടത്തിളക്കത്തിന്റെ വർണമഴ പെയതിറങ്ങുമ്പോൾ ഇതിഹാസ താരം ലയണൽ മെസ്സിക്കും ഇത് സംതൃപതിയുടെ ദിവസമാണ്. ചാമ്പ്യന്മാരെന്ന പകിട്ടോടെയെത്തിയ ബ്രസീലിനും ആരാധകർക്കും ഓർക്കാനിഷടമില്ലാത്ത മറ്റൊരു മാറക്കാന മത്സരം കൂടി.
കോപ്പ കിരീടം ഇതുവരെ സ്വന്തമാക്കാൻ അർജന്റീന നായകൻ ലയണൽ മെസ്സിക്കോ ബ്രസീൽ സൂപ്പർതാരം നെയ്മർക്കോ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇരുവരും മുഖാമുഖം വന്ന മാരക്കാനയിലെ സ്വപ്നഫൈനലിൽ സൂപ്പർതാരങ്ങളിൽ ആര് കിരീടത്തിൽ മുത്തമിടുമെന്ന ചോദ്യമായിരുന്നു ആരാധകരുടെ മനസിൽ.
അന്താരാഷ്ട്ര തലത്തിൽ മെസ്സിക്ക് ഇതുവരെ കിരീടനേട്ടങ്ങളുണ്ടായിരുന്നില്ല. 2007, 2015, 2016 വർഷങ്ങളിൽ മെസ്സി കോപ്പ ഫൈനലിൽ കളിച്ചെങ്കിലും ഫൈനലിൽ അർജന്റീന പരാജയം നുകർന്നു. 2014 ലോകകപ്പ് ഫൈനലിൽ ജർമനിയോടും അർജന്റീന കീഴടങ്ങി.
ഒടുവിൽ നീലയും വെള്ളയും കലർന്ന കുപ്പായക്കാരുടെ ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു. 28 വർഷങ്ങൾക്കു ശേഷം ഒടുവിൽ ഒരു സീനിയർ ഫുട്ബോൾ കിരീടം മാറഡോണയുടെയും മെസ്സിയുടെയും നാട്ടുകാർക്ക് മാരക്കാനയിൽ സ്വന്തമായി.
#CopaAmérica ????@Argentina salió campeón de América y estas fueron las acciones más destacadas de la final ante Brasil
- Copa América (@CopaAmerica) July 11, 2021
???????? Argentina ???? Brasil ????????#VibraElContinente #VibraOContinente pic.twitter.com/uXB9krhnbB
ഞായറാഴ്ച പുർച്ചെ നടന്ന ഫൈനലിൽ നിലവിലെ ജേതാക്കളായ ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് അർജന്റീന കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ടത്. ഇതിനു മുമ്പ് 1993-ലായിരുന്നു ടീമിന്റെ കിരീട നേട്ടം. 2004, 2007 വർഷങ്ങളിൽ ഫൈനലിലെത്തിയെങ്കിലും ബ്രസീലിനോട് കാലിടറി. പിന്നാലെ 2015, 2016 വർഷങ്ങളിലും ഫൈനലിലെത്തിയെങ്കിലും രണ്ടു തവണയും ചിലിയോട് തോൽക്കാനായിരുന്നു വിധി. ഇത്തവണ പക്ഷേ ആ കേട് മെസ്സിയും സംഘവും തീർത്തു.
ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിനു ചേർന്ന കളിയൊന്നുമായിരുന്നില്ല ഇരു ടീമും കാഴ്ച വെച്ചത്. എങ്കിലും ലഭിച്ച അവസരം ഏയ്ഞ്ചൽ ഡി മരിയ മുതലാക്കിയപ്പോൾ അത് അർജന്റീനയ്ക്ക് ലഭിച്ച ഭാഗ്യമായി. പിന്നീടങ്ങോട്ട് ബ്രസീലിന്റെ കടുത്ത മുന്നേറ്റങ്ങൾ തടഞ്ഞ അർജന്റീന പ്രതിരോധവും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസും കിരീട വിജയത്തിൽ നിർണായക പങ്കു വഹിച്ചു.
2014-ലെ ലോകകപ്പ് ഫൈനലിലെ തോൽവി അർജന്റീനയെ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു. അടുത്തടുത്തായി മൂന്ന് പ്രധാന ടൂർണമെന്റുകളുടെ കലാശപ്പോരിലാണ് അവർക്ക് കാലിടറിയത്. എന്നാൽ ഇത്തവണ അത് സംഭവിച്ചില്ല. കാത്തിരിപ്പിനൊടുവിൽ അർജന്റീന ആരാധകർക്ക് എന്നും ഓർത്തിരിക്കാവുന്ന ഒരു കിരീട നേട്ടം.
ഒരുഗോൾകൂടി നേടിയാൽ ഫുട്‌ബോൾ ഇതിഹാസം പെലെയ്ക്കൊപ്പമെത്താനും മെസ്സിക്കാമായിരുന്നെങ്കിലും സ്വപ്ന ഫൈനലിൽ ലഭിച്ച രണ്ട് അവസരങ്ങളും ലക്ഷ്യത്തിലെത്തിക്കാൻ മെസിക്ക് കഴിഞ്ഞില്ല. പെലെയുടെ നേട്ടത്തിന് ഒപ്പമെത്താൻ മെസി ഇനിയും കാത്തിരിക്കണം. കരിയറിൽ പെലെയ്ക്ക് 77 ഗോളും മെസ്സിക്ക് 76 ഗോളുമാണുള്ളത്. നിലവിൽ നാല് ഗോളുമായി ടൂർണമെന്റിലെ ടോപ് സ്‌കോറർ കൂടിയാണ് മെസ്സി.
ഒപ്പത്തിനൊപ്പം ഇരുടീമുകളും മുന്നേറിയ മത്സരത്തിൽ 22ാം മിനിറ്റിൽ ഏയഞ്ചൽ ഡി മരിയ കുറിച്ച ഗോളാണ് അർജന്റീനയുടെ വിധി മാറ്റി മറിച്ചത്. ഡി പോളിന്റെ സുന്ദരമായ പാസ് ബ്രസീൽ പ്രതിരോധത്തിന്റെ പഴുതിലൂടെ സ്വീകരിച്ച മരിയ പന്ത് ചിപ്പ് ചെയ്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പന്ത് വലയിലേക്ക് താഴ്ന്നിറങ്ങുമ്പോൾ നിസഹായതയോടെ നോക്കി നിൽക്കാനേ ബ്രസീൽ ഗോളി എഡേഴ്‌സണായുള്ളൂ. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും സുന്ദരമായ മുന്നേറ്റങ്ങളൊന്നും അധികം കണ്ടില്ല.
രണ്ടാം പകുതിയിൽ കൂടുതൽ കരുത്തോടെയാണ് ബ്രസീലെത്തിയതെങ്കിലും പ്രതിരോധത്തിൽ വട്ടമിട്ട അർജന്റീനയുടെ ആകാശനീലക്കുപ്പായക്കാരെ മറികടക്കാനായില്ല. 51ാം മിനിറ്റിൽ റിച്ചാൽസൺ കാനറികൾക്കായി വലകുലുക്കിയെങ്കിലും ഓഫ് സൈഡ് പതാക ഉയർന്നതോടെ ആരവങ്ങളൊതുങ്ങി. 87ാം മിനിറ്റിൽ ഗബ്രിയേൽ ബർബോസയുടെ തകർപ്പൻ വോളി അർജന്റീനയുടെ ഗോൾകീപ്പർ എമി മാർട്ടിനസ് തടുത്തിട്ടു. 88ാം മിനിറ്റിൽ ഒറ്റക്ക് പന്തുമായി മുന്നേറിയ ലണയൽ മെസ്സി സുന്ദരമായ സുവർണാവസരം കളഞ്ഞുകുളിച്ചു.
സ്വന്തം മണ്ണിൽ ആദ്യ കോപ്പ കിരീടത്തിൽ മുത്താമിടാമെന്ന നെയ്മറുടെ മോഹം പൊലിഞ്ഞ് കണ്ണീരണിഞ്ഞ് മാരക്കാന വിടുന്നതിനും മത്സരം സാക്ഷിയായി. മത്സരത്തിന് ശേഷം ബാഴ്‌സലോണയിലെ പഴയ സഹതാരം ലയണൽ മെസിക്ക് അഭിനന്ദനവുമായി നെയ്മർ എത്തുന്ന കാഴ്ചയും ആരാധകർ കണ്ടു.
RESPETO ????
- Copa América (@CopaAmerica) July 11, 2021
Ney ???? Leo #VibraElContinente #CopaAmérica pic.twitter.com/9d5Ql6KBdV
കഴിഞ്ഞവർഷം ബ്രസീൽ കോപ്പയിൽ കിരീടം തിരിച്ചുപിടിച്ചപ്പോൾ നെയ്മർ ടീമിലുണ്ടായിരുന്നില്ല. പരിക്ക് കാരണം സൂപ്പർതാരം ടീമിന് പുറത്തായിരുന്നു. നെയ്മറുടെ കരിയറിൽ അന്താരാഷ്ട്ര കിരീടമായി 2013-ലെ കോൺഫെഡറേഷൻ കപ്പ് വിജയവുമുണ്ട്. 110 കളിയിൽ നിന്ന് ബ്രസീലിനായി 68 ഗോളുകളും താരം നേടിയിട്ടുണ്ട്.
സ്പോർട്സ് ഡെസ്ക്