റിയോ: കോപ്പ അമേരിക്കയിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ബ്രസീൽ വെള്ളിയാഴ്ച ഇറങ്ങും. പെറുവാണ് എതിരാളികൾ. ഇന്ത്യൻ സമയം പുലർച്ചെ അഞ്ചരയ്ക്ക് കളി തുടങ്ങും. തോൽവി അറിയാതെ കുതിക്കുന്ന ബ്രസീൽനിര താരസമ്പന്നമാണ്. കോച്ച് ടിറ്റെയ്ക്ക് ആരെ കളിപ്പിക്കണമെന്നേ ആശയക്കുഴപ്പമുള്ളൂ.

കോപ്പ നിലനിർത്താൻ ഇറങ്ങുന്ന ബ്രസീൽ വെനസ്വേലയെ തകർത്ത് എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ജയം. ഗോളടിച്ചും ഗോളടിപ്പിച്ചും കളംനിറയുന്ന നെയ്മറെ പൂട്ടുക പെറുവിന്റെ യുവനിരയ്ക്ക് അത്ര എളുപ്പമാവില്ല.

മാർക്വീഞ്ഞോസ് നയിക്കുന്ന പ്രതിരോധത്തിലും കാസിമിറോയുടെ മേൽനോട്ടത്തിലുള്ള മധ്യനിരയിലും മാറ്റത്തിന് സാധ്യതയില്ല. നെയ്മർ, റിച്ചാർലിസൺ എന്നിവർക്കൊപ്പം മുന്നേറ്റത്തിൽ ഗബ്രിയേൽ ബാർബോസ, റോബർട്ടോ ഫിർമിനോ, ഗബ്രിയേൽ ജെസ്യൂസ് എന്നിവരിൽ ആരെ കളിപ്പിക്കുമെന്ന് മാത്രമേ അറിയാനുള്ളൂ.

അതേസമയം പരിചയസമ്പന്നരായ റൗൾ റൂയിഡിയാസ്, പൗളോ ഗെറോറോ തുടങ്ങിയവരെ ഒഴിവാക്കിയാണ് പെറു കോപ്പയ്ക്ക് എത്തിയിരിക്കുന്നത്. യുവനിരയെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് കോച്ച് റിക്കാർഡോ ഗരേക്ക നയം വ്യക്തമാക്കിക്കഴിഞ്ഞു.

നേർക്കുനേർ കണക്കിൽ ബ്രസീലിന് വ്യക്തമായ ആധിപത്യമുണ്ട്. ഇതുവരെ 48 കളിയിൽ ഏറ്റുമുട്ടിയപ്പോൾ ബ്രസീൽ തോറ്റത് അഞ്ച് കളിയിൽ മാത്രം. മുപ്പത്തിനാല് കളികളിൽ ബ്രസീൽ ജയിച്ചപ്പോൾ ഒൻപത് കളി സമനിലയിലായി.