മാരക്കാന: ലാറ്റിനമേരിക്കയുടെ ലോകകപ്പ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കോപ്പ അമേരിക്കയിലെ സ്വപ്ന ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം. വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തിൽ ബ്രസീൽ ഫൈനലിൽ ഞായറാഴ്ച പുലർച്ചെ അഞ്ചരയ്ക്ക് ചിരവൈരികളായ അർജന്റീനയെ നേരിടും. ലിയോണൽ മെസിയും-നെയ്മറും നേർക്കുനേർ വരുന്ന പോരാട്ടം ആരാധകപ്പോരിലും തീപാറിക്കും. ലോക ഫുട്‌ബോളിലെ ഏറ്റവും ആവശം നിറഞ്ഞ പോരാട്ടങ്ങളുടെ ചരിത്രമാണ് ഓരോ ബ്രസീൽ അർജന്റീന മൽസരങ്ങളും സമ്മാനിച്ചിട്ടുള്ളത്.

ഇക്കുറി കോപ്പ ആര് നേടുമെന്ന ചോദ്യം അവസാനിക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി. കിരീടം നിലനിർത്താൻ നെയ്മറുടെ ബ്രസീൽ ഇറങ്ങുമ്പോൾ 1993ന് ശേഷം ആദ്യ കിരീടത്തിനായി മെസിയുടെ അർജന്റീന കൊതിക്കുന്നു. നെയ്മറെ അധികം ആശ്രയിക്കാതെയാണ് കോച്ച് ടിറ്റെയുടെ തന്ത്രങ്ങൾ. ക്വാർട്ടറിലും സെമിയിലും ലൂകാസ് പക്വേറ്റയായിരുന്നു ഗോൾ സ്‌കോറർ. കലാശപ്പോരിൽ ബ്രസീൽ ടീമിൽ മാറ്റത്തിന് സാധ്യതയില്ല. ഓരോ കളിയിലും വ്യത്യസ്ത നായകന്മാരെ പരീക്ഷിക്കുന്ന ടിറ്റെ ഫൈനലിൽ ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുന്നത് സീനിയർ താരം തിയാഗോ സിൽവയെയാണ്.

അർജന്റൈൻ നിരയിലാവട്ടേ കോച്ച് ലിയണൽ സ്‌കലോണിയുടെ അടവുകളെല്ലാം തുടങ്ങുന്നതും അവസാനിക്കുന്നതും മെസിയുടെ ഇടങ്കാലിലൂന്നിയാണ്. ഫൈനലിൽ ഏതൊക്കെ താരങ്ങളെ കളിപ്പിക്കുമെന്ന കാര്യത്തിൽ സ്‌കലോണി ഇതുവരെ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. മെസിക്കൊപ്പം ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്, നിക്കോളാസ് ഓട്ടമെൻഡി, റോഡ്രിഗോ ഡി പോൾ, ഗുയ്‌ഡോ റോഡ്രിഗസ്, ലൗറ്ററോ മാർട്ടിനസ് എന്നിവരാണ് ടീമിൽ സ്ഥാനം ഉറപ്പിച്ച താരങ്ങൾ.

'ഫുട്‌ബോൾ വൈര്യത്തിന്റെ സത്ത്' എന്നാണ് ബ്രസീൽ അർജന്റീന മൽസരങ്ങളെ ഫിഫ വിശേഷിപ്പിച്ചിട്ടുള്ളത്. ലോകഫുട്‌ബോളിലെ ചിരവൈരികളുടെ പോരാട്ടങ്ങളിൽ ഒന്നാമത് നിൽക്കുന്നവയുടെ കൂട്ടത്തിൽ ബ്രസീൽ അർജന്റീന, ഇംഗ്ലണ്ട് സ്‌കോട്ലൻഡ് എന്നിവർ തമ്മിലുള്ള മൽസരങ്ങളാണ്. ബാറ്റിൽ ഓഫ് ദ് അമേരിക്കാസ് എന്നാണ് പരമ്പരാഗത വൈരികളായ അർജന്റീനയും ബ്രസീലും തമ്മിലുള്ള മൽസരങ്ങളെ വിശേഷിപ്പിക്കാറുള്ളത്.

ബ്രസീൽ അർജന്റീന ഫുട്‌ബോൾ പോരാട്ടങ്ങൾക്ക് ഒരു നൂറ്റാണ്ടിന്റെ കഥയുണ്ട് പറയാൻ. രാജ്യാന്തര ഫുട്‌ബോളിൽ ഇരുരാജ്യങ്ങളും ആദ്യമായി ഏറ്റുമുട്ടിയത് 1914 സെപ്റ്റംബർ 20നാണ്. ബ്യൂനസ് ഐറിസിൽ നടന്ന മൽസരത്തിൽ അർജന്റീന 30ന് ബ്രസീലിനെ തോൽപിച്ചു. ബ്രസീൽ ഫുട്‌ബോളിനെ നിയന്ത്രിക്കുന്ന ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷൻ പിറക്കുന്നതിനുമുൻപെ ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയിട്ടുണ്ട്.

അവയക്ക് ഔദ്യോഗിക അംഗീകാരമുണ്ടായിരുന്നില്ല എന്നുമാത്രം. 19081913 കാലത്ത് 16 മൽസരങ്ങൾ നടന്നിരുന്നെങ്കിലും അവയ്ക് ഔദ്യോഗിക മൽസരങ്ങളുടെ പദവി ഉണ്ടായിരുന്നില്ല. 1908ൽ സാവോപോളോയിൽ നടന്ന മൽസരത്തിലാണ് ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയത്. അന്ന് മൽസരം സമനിലയിൽ പിരിഞ്ഞു (22).

ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബ്രസീലും അർജന്റീനയും തമ്മിലുണ്ടായിട്ടുള്ള സംഘർഷങ്ങളും രാഷ്ട്രീയ തർക്കങ്ങളും ആരും ഓർക്കാറില്ല. എന്നാൽ ഫുട്‌ബോളിലെ പരമ്പരാഗത വൈരികൾ എന്ന നിലയിൽ ഇവർ തമ്മിൽ നടന്നിട്ടുള്ള മൽസരങ്ങൾ കായികപ്രേമികളുടെ മനസിലുണ്ട്

ബ്രസീൽഅർജന്റീന മൽസരങ്ങൾ സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും ഫുട്‌ബോൾ നിയന്ത്രണസംഘടനകൾ സൂക്ഷിച്ചുവച്ചിട്ടുള്ള കണക്കുകളിൽ നേരിയ വ്യത്യാസം കാണാം. ഫിഫയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇരുടീമുകളും ഏറ്റുമുട്ടിയത് 105 തവണയാണ്.

ഇതിൽ ബ്രസീൽ 41 ജയവുമായി മുന്നിട്ടുനിൽക്കുമ്പോൾ അർജന്റീന കുറിച്ചത് 38 ജയങ്ങൾ. 26 മൽസരങ്ങൾ സമനിലയിൽ പിരിഞ്ഞു. ഗോളടിയിലും ബ്രസീലിനാണ് നേരിയ മുൻതൂക്കം: 163 ഗോളുകൾ. അർജന്റീന 160 തവണ ബ്രസീൽവല ചലിപ്പിച്ചു.

ഇരു ടീമുകളുടെയും ആരാധർക്ക് ഒരു പിടി നേട്ടങ്ങൾ സമ്മാനിച്ച ചരിത്രമുണ്ട്. ബ്രസീൽ അഞ്ചു തവണ ലോകകപ്പ് ഉയർത്തിയപ്പോൾ (1958, 62, 70, 94, 2002) അർജന്റീന രണ്ടു തവണ കിരീടം ചൂടി (1978, 1986). വൻകരകളുടെ മാറ്റ് തെളിയിക്കുന്ന കോൺഫഡറേഷൻസ് കപ്പിൽ ബ്രസീൽ നാലു തവണ മുത്തമിട്ടപ്പോൾ അർജന്റീന ഒരിക്കൽ ജേതാക്കളായി. അർജന്റീന 14 തവണ കോപ അമേരിക്ക സ്വന്തമാക്കി, ബ്രസീൽ ഒൻപത് തവണയും. ഒളിംപിക്‌സിൽ രണ്ടു തവണ അർജന്റീന സ്വർണമണിഞ്ഞപ്പോൾ ബ്രസീൽ ഒരിക്കൽ കിരീടം സ്വന്തമാക്കി (2016).

ലോകകപ്പിൽ ബ്രസീൽഅർജന്റീന ഫൈനലിനുവേണ്ടി ഫുട്‌ബോൾ ആരാധകർ കാത്തിരുന്നിട്ടുണ്ടെങ്കിലും അങ്ങനെയൊന്ന് ഇതേവരെ സംഭവിച്ചിട്ടില്ല. ലോകകപ്പിൽ ഇരുടീമുകളും നാലുതവണ ഏറ്റുമുട്ടിയപ്പോൾ ബ്രസീൽ രണ്ടു പ്രാവശ്യം ജയിച്ചു, അർജന്റീന ഒരിക്കലും. ദക്ഷിണ അമേരിക്കയുടെ ലോകകപ്പായ കോപ്പ അമേരിക്കയിൽ ഇരു ടീമുകളും 33 തവണ ഏറ്റുമുട്ടി. അർജന്റീന15, ബ്രസീൽ 10, സമനില 8 എന്നതായിരുന്നു കണക്കുകൾ.

ഇരുരാജ്യങ്ങളും പരസ്പരം പോരാടിയതിന്റെ ചരിത്രം പരിശോധിച്ചാൽ വ്യക്തിപരമായ നേട്ടങ്ങളുടെ കാര്യത്തിൽ രണ്ടു താരങ്ങൾ കൂടുതൽ തിളങ്ങി നിൽക്കുന്നു: കൂടുതൽ മൽസരങ്ങൾ എന്ന റെക്കോർഡ് ഹവിയർ സനേറ്റിയുടെ പേരിലും (16) കൂടുതൽ ഗോളുകൾ ലിയോണിഡാസിന്റെ പേരിലുണാണ് (എട്ട്). ഏറ്റവും വലിയ വിജയം അർജന്റീനയ്ക്ക് സ്വന്തം (61). 1940ലെ മൽസരത്തിലാണ് ഈ ജയം പിറന്നത്.

കോപ്പ അമേരിക്കയിൽ ഇത്തവണ തോൽവി അറിയാതെയാണ് ബ്രസീലും അർജന്റീനയും കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ഇരു ടീമിന്റെയും ഫൈനലിലേക്കുള്ള വഴി എങ്ങനെയെന്ന് നോക്കാം.

ഷൂട്ടൗട്ട് കടന്ന് അർജന്റീന

ചിലെയോട് സമനില വഴങ്ങി തുടങ്ങിയ അർജന്റീന പിന്നെ പുറത്തെടുത്തത് ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനമായിരുന്നു. ഉറുഗ്വേയെയും പരാഗ്വേയെയും ഓരോ ഗോളിന് മറികടന്ന ലിയോണൽ മെസിയും സംഘവും ബൊളീവിയയെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത് ക്വാർട്ടർ പ്രവേശനം ആഘോഷമാക്കി. അർജന്റീന ക്വാർട്ടറിൽ ഇക്വഡോറിനെ മൂന്ന് ഗോളിന് വീഴ്‌ത്തിയപ്പോൾ സെമിയിൽ കൊളംബിയക്കെതിരെ ഷൂട്ടൗട്ട് അതിജീവിക്കേണ്ടിവന്നു. മൂന്ന് ഗംഭീര സേവുകളുമായി ഗോളി എമിലിയാനോ മാർട്ടിൻസാണ് രക്ഷകനായത്.

ബ്രസീലിനും ഒരു സമനില

അതേസമയം വെനസ്വേല, പെറു, കൊളംബിയ എന്നിവരെ തോൽപിച്ച ബ്രസീൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇക്വഡോറിനോട് സമനില വഴങ്ങി. ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ 10 ഗോൾ നേടിയപ്പോൾ രണ്ടെണ്ണം മാത്രമേ വഴങ്ങിയുള്ളൂ. അർജന്റീന ഏഴ് ഗോൾ കണ്ടെത്തിയപ്പോൾ രണ്ടെണ്ണം വാങ്ങി. ബ്രസീൽ ക്വാർട്ടറിൽ ചിലെയെയും സെമിയിൽ പെറുവിനെയും ഒറ്റ ഗോളിന് മറികടന്ന് ജൈത്രയാത്ര തുടർന്നു.

അർജന്റീനയുടെ അഞ്ചും ബ്രസീലിന്റെ ഒൻപതും താരങ്ങൾ ഗോൾപട്ടികയിൽ ഇതിനകം ഇടംപിടിച്ചിട്ടുണ്ട്. ആറ് മത്സരങ്ങളിൽ നാല് ഗോളുകളുമായി ലിയോണൽ മെസിയാണ് ഇവരിൽ മുന്നിൽ.

ഞായറാഴ്ച പുലർച്ചെ മാരക്കാന തിളയ്ക്കും

വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 5.30നാണ് കോപ്പയുടെ കലാശപ്പോരിൽ ബ്രസീലിനെ അർജന്റീന നേരിടുന്നത്. ലിയോണൽ മെസിയും-നെയ്മറും നേർക്കുനേർ വരുന്ന പോരാട്ടമാണിത്. ബ്രസീലാണ് കോപ്പ അമേരിക്കയിൽ നിലവിലെ ചാമ്പ്യന്മാർ. കിരീടം നിലനിർത്താൻ നെയ്മറുടെ ബ്രസീൽ ഇറങ്ങുമ്പോൾ 1993ന് ശേഷം ആദ്യ കിരീടമാണ് മെസിയുടെ അർജന്റീന ലക്ഷ്യമിടുന്നത്.

കലാശപ്പോരിന് അധികസമയം

നോക്കൗട്ട് മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി നിശ്ചിതസമയം സമനിലയിൽ അവസാനിച്ചാൽ അധികസമയം അനുവദിക്കും. അപ്പോഴും ഒപ്പത്തിനൊപ്പമെങ്കിൽ ജേതാക്കളെ ഷൂട്ടൗട്ടിലൂടെ നിശ്ചയിക്കും. സൗന്ദര്യ ഫുട്‌ബോളിന്റെ നാട്ടുകാരാണെങ്കിലും പ്രായോഗികതയുടെ വക്താക്കളാണ് ടിറ്റെയും സ്‌കലോണിയും. ചിരവൈരികളുടെ കലാശപ്പോരാട്ടത്തിൽ ജയത്തിൽ കുറഞ്ഞതെന്തും മരണത്തിന് തുല്യമാണ് എന്നാണ് ഫുട്‌ബോൾ പ്രേമികളുടെ വിശ്വാസം.