മാരക്കാന: കാൽപന്തു കളിയിലെ കാവ്യനീതിയായി കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ട് അർജന്റീനയും സൂപ്പർ താരം ലയണൽ മെസിയും. കലാശപ്പോരാട്ടത്തിൽ ആതിഥേയരായ ബ്രസീലിനെ വീഴ്‌ത്തിയാണ് അർജന്റീന കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ടത്. മൂന്നു പതിറ്റാണ്ടോളമെത്തുന്ന കിരീട വരൾച്ചയ്ക്ക് വിരാമമിട്ടാണ് അർജന്റീനയുടെ കിരീടധാരണം. 1993ന് ശേഷം ഇതാദ്യമായണ് അർജന്റീന ഒരു പ്രധാന കിരീടം നേടുന്നത്.


ആദ്യ പകുതിയിൽ ബ്രസീൽ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത എയ്ഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനയ്ക്ക് വിജയവും കിരീടവും സമ്മാനിച്ചത്. രണ്ടാം പകുതിയിൽ അലകടലായെത്തിയ ബ്രസീൽ ആക്രമണങ്ങളെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ നേതൃത്വത്തിൽ വിജയകരമായി പ്രതിരോധിച്ചാണ് അർജന്റീന കിരീടം തൊട്ടത്.

കിക്കോഫ് മുതൽ ആവേശത്തിനൊപ്പം പലപ്പോഴും പരുക്കനായും മാറിയ മത്സരത്തിലാണ് എയ്ഞ്ചൽ ഡി മരിയയുടെ തകർപ്പൻ ഗോൾ ഫലം നിർണയിച്ചത്. 1993നുശേഷം അർജന്റീന നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്. ലോക ഫുട്‌ബോളിലെ ഇതിഹാസമായി വളർന്നപ്പോഴും സൂപ്പർ താരം ലയണൽ മെസിയുടെ പേരിൽ അർജന്റീന ജഴ്‌സിയിൽ കിരീടങ്ങളില്ലെന്ന പരിഹാസത്തിനും ഇതോടെ മുനയൊടിഞ്ഞു. 1916ൽ തുടക്കമായ കോപ്പ അമേരിക്ക ടൂർണമെന്റിൽ 15ാം കിരീടവുമായി യുറഗ്വായുടെ പേരിലുള്ള റെക്കോർഡിനൊപ്പമെത്താനും അർജന്റീനയ്ക്കായി. 22ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയ നേടിയ ഏക ഗോളിലാണ് അർജന്റീനയുടെ ജയം. രാജ്യന്തര കരിയറിലെ ആദ്യ കിരീടത്തിൽ മുത്തമിടാൻ ലയണൽ മെസിക്ക് വഴിയൊരുക്കിയതും സഹതാരം ഡി മരിയയുടെ ഗോളിലാണ്.


സ്വപ്ന ഫൈനലിന്റെ ആദ്യപകുതിയിൽ അർജന്റീനക്കായിരുന്നു മേൽക്കൈ. മാരക്കാനയിൽ 45 മിനുറ്റും ഒരു മിനുറ്റ് ഇഞ്ചുറിടൈമും പൂർത്തിയായപ്പോൾ മെസിയും സംഘവും 1-0ന് ലീഡ് ചെയ്യുകയായിരുന്നു. 22-ാം മിനുറ്റിൽ എഞ്ചൽ ഡി മരിയയുടെ കാലുകളിൽ നിന്നായിരുന്നു അർജന്റീനയുടെ ആരാധക ഹൃദയത്തിലേക്ക് സുന്ദരമായ ഗോൾ പറന്നെത്തിയത്. സ്റ്റാർട്ടിങ് ഇലവനിലേക്ക് ഡി മരിയയെ തിരിച്ചുവിളിച്ച സ്‌കലോണിയുടെ തന്ത്രങ്ങളാണ് 22-ാം മിനുറ്റിൽ ആഹ്ലാദത്തിന് വഴിതുറന്നത്.

കിക്കോഫ് മുതൽ ആവേശകരമായി മാറിയ കോപ്പ അമേരിക്ക ഫുട്‌ബോൾ ഫൈനലിന്റെ ആദ്യ പകുതിയിൽ 22ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയ നേടിയ ഏക ഗോളിലാണ് അർജന്റീന ബ്രസീലിനെതിരെ ലീഡ് നേടിയത്. ബ്രസീൽ പ്രതിരോധത്തിന്റെ വീഴ്ച മുതലെടുത്തായിരുന്നു ആദ്യ പകുതിയിൽ അർജന്റീനയ്ക്കായി മരിയ ഗോൾ നേടിയത്.

ആദ്യ മിനിറ്റു മുതൽ പരുക്കൻ സ്വഭാവത്തിലേക്കു മാറിയ കലാശപ്പോരാട്ടത്തിൽ ബ്രസീൽ പ്രതിരോധത്തിന്റെ പിഴവിൽനിന്നാണ് എയ്ഞ്ചൽ ഡി മരിയ അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. ബ്രസീലിന്റെ മുന്നേറ്റത്തിന്റെ മുനയൊടിച്ച് അർജന്റീന താരങ്ങൾ പ്രത്യാക്രമണത്തിലേക്കു കടക്കുമ്പോൾ സ്വന്തം ബോക്‌സിൽ പന്ത് റോഡ്രിഗോ ഡി പോളിന്. അപകടങ്ങളൊന്നും ഒളിച്ചിരുപ്പില്ലാത്തൊരു നീക്കം.



എന്നാൽ, ഡിപോളിന്റെ അപാരമായ വിഷനും കിറുകൃത്യം പാസിങ്ങും ഒത്തുചേർന്നതോടെ ആ നീക്കം അപകടകരമായത് ഞൊടിയിടയിൽ. അർജന്റീന ബോക്‌സിനുള്ളിൽ പന്തു ലഭിച്ച ഡി പോൾ രണ്ടു ചുവടു മുന്നോട്ടുവച്ച് പന്ത് ബ്രസീൽ ബോക്‌സിനു സമീപം വലതുവിങ്ങിൽ എയ്ഞ്ചൽ ഡി മരിയയ്ക്ക് മറിച്ചു. മരിയയിലെത്തും മുമ്പ് പന്ത് ക്ലിയർ ചെയ്യുന്നതിൽ റെനാൻ ലോദിക്ക് പിഴച്ചതാണ് കാനറികൾക്ക് തിരിച്ചടിയായത്.

മാർക്ക് ചെയ്യാൻ നിന്ന ലോധിയുടെ പിഴവ് മുതലെടുത്ത് ഓഫ്‌സൈഡ് കെണിയിൽ പെടാതെ പന്ത് നിയന്ത്രിച്ച് മരിയയുടെ മുന്നേറ്റം. ബ്രസീൽ പ്രതിരോധം ഒരുനിമിഷം കാഴ്ചക്കാരായതോടെ മരിയയുടെ മുന്നേറ്റം തടയാൻ ഗോൾകീപ്പർ എഡേഴ്‌സൻ മുന്നോട്ട്. എന്നാൽ, എഡേഴ്‌സനെ കാഴ്ചക്കാരനാക്കി മരിയ ചിപ് ചെയ്ത പന്ത് വലയിൽ. സ്‌കോർ 1 - 0.

തൊട്ടുപിന്നാലെയും ആക്രമണങ്ങൾ കൊണ്ട് അർജന്റീന കളംനിറഞ്ഞു. ആദ്യ പകുതിയിൽ മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാൻ ബ്രസീലിന് സാധിച്ചില്ല. 29-ാം മിനിറ്റിൽ ഡി മരിയ വീണ്ടും ബ്രസീലിനെ ഞെട്ടിച്ചു. എന്നാൽ താരത്തിന്റെ ഷോട്ട് മാർക്കിന്യോസ് തടഞ്ഞു. 33-ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ മെസിയുടെ ഷോട്ട് പുറത്തേക്ക് പോകുകയും ചെയ്തു.

നെയ്മറെ 33-ാം മിനുറ്റിൽ ഫൗൾ ചെയ്ത പരേഡസ് മഞ്ഞക്കാർഡ് കണ്ടെങ്കിലും ബോക്‌സിന് പുറത്തുനിന്നുള്ള ഫ്രീകിക്ക് നെയ്മർക്ക് മുതലാക്കാനായില്ല. 43-ാം മിനുറ്റിൽ ബ്രസീലിനെ ഒപ്പമെത്തിക്കാൻ എവർട്ടൻ ശ്രമിച്ചെങ്കിലും മാർട്ടിനസ് അനായാസമായി പന്ത് പിടികൂടി. പിന്നാലെ ലഭിച്ച കോർണർ കിക്കും ബ്രസീലിന് ഗുണകരമായില്ല.

ഫ്രഡിന് പകരം ഫിർമിനോയെ ഇറക്കിയാണ് രണ്ടാം പകുതി ബ്രസീൽ തുടങ്ങിയത്. രണ്ടാം പകുതിയിൽ ഫ്രെഡിനെ പിൻവലിച്ച് റോബർട്ടോ ഫിർമിനോയെ കളത്തിലിറക്കിയതോടെ ബ്രസീൽ ആക്രമണങ്ങൾക്ക് ജീവൻ വെച്ചു. 53-ാം മിനുറ്റിൽ റിച്ചാർലിസൺ വല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡ് ഫ്‌ളാഗുയർന്നു. തൊട്ടുപിന്നാലെ റിച്ചാർലിസണ് മറ്റൊരു സുവർണാവസരം ലഭിച്ചെങ്കിലും അർജന്റൈൻ ഗോളി മാർട്ടിനസ് രക്ഷകനായി. 62-ാം മിനുറ്റിൽ ലീഡുയർത്താൻ ലഭിച്ച ഫ്രീകിക്ക് മെസിക്ക് ഗോളിലേക്ക് വഴിതുറക്കാനായില്ല. 87-ാം മിനിറ്റിൽ ഗബ്രിയേൽ ബാർബോസയുടെ ഗോളെന്നുറച്ച വോളിയും എമിലിയാനോ മാർട്ടിനെസ് രക്ഷപ്പെടുത്തി.

ആക്രമണത്തിന് മൂർച്ചകൂട്ടാൻ രണ്ടാംപകുതിയിൽ ബ്രസീൽ ഏറെ മാറ്റം വരുത്തിയെങ്കിലും വിലപ്പോയില്ല. അതേസമയം അർജന്റീന കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു. 83-ാം മിനുറ്റിൽ ബാർബോസ മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും കോർണറിൽ അവസാനിച്ചു. ഒരു മിനുറ്റിന്റെ ഇടവേളയിൽ കിട്ടിയ കോർണറും ബ്രസീൽ മുതലാക്കാൻ മറന്നു. 87-ാം മിനുറ്റിൽ ബാർബോസയുടെ വോളി മാർട്ടിനസ് രക്ഷിച്ചു. 89-ാം മിനുറ്റിൽ ഓപ്പൺ ചാൻസ് മെസി പാഴാക്കുന്നതിനും മാരക്കാന സാക്ഷിയായി. പിന്നാലെയും ബ്രസീൽ ആക്രമിച്ച് കളിച്ചെങ്കിലും സമനില ഗോൾ പിറന്നില്ല.



സ്വപ്ന ഫൈനലിൽ ശക്തമായ സ്റ്റാർട്ടിങ് ഇലവനെയാണ് ഇരു ടീമും അണിനിരത്തിയത്. സെമിഫൈനലിൽ കൊളംബിയയെ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച ടീമിൽ അഞ്ച് മാറ്റങ്ങൾ വരുത്തിയാണ് പരിശീലകൻ ലയണൽ സ്‌കലോനി അർജന്റീന ടീമിനെ ഫൈനലിൽ വിന്യസിച്ചത്. ആ മാറ്റങ്ങളുടെ കൂട്ടത്തിലാണ് എയ്ഞ്ചൽ ഡി മരിയ ആദ്യ ഇലവനിൽ ഇടംപിടിച്ചത്. മറുവശത്ത് പെറുവിനെ തോൽപ്പിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ബ്രസീൽ കളത്തിലിറങ്ങിയത്. ക്വാർട്ടർ ഫൈനലിൽ ചുവപ്പുകാർഡ് കണ്ട സ്‌ട്രൈക്കർ ഗബ്രിയേൽ ജെസ്യൂസ് പുറത്തിരുന്നു.

റിച്ചാർലിസണെയും നെയ്മറെയും എവർട്ടനെയും ആക്രമണത്തിന് നിയോഗിച്ച് 4-3-3 ശൈലിയിലായിരുന്നു ടിറ്റെയുടെ ബ്രസീൽ. ഫ്രഡും കാസിമിറോയും ലൂക്കാസ് പക്വേറ്റയും മധ്യനിരയിൽ. പ്രതിരോധത്തിൽ പരിചയസമ്പന്നനായ നായകൻ തിയാഗോ സിൽവയ്ക്കൊപ്പം മാർക്വീഞ്ഞോസും റെനാൻ ലോദിയും ഡാനിലോയും അണിനിരന്നു. എഡേഴ്സണായിരുന്നു ഗോൾബാറിന് കീഴെ ഗ്ലൗസണിഞ്ഞത്.

അതേസമയം 4-4-2 ശൈലിയാണ് കളത്തിൽ സ്‌കലോണി സ്വീകരിച്ചത്. സ്ട്രൈക്കർമാരായി  മെസിയും ലൗറ്ററോ മാർട്ടിനസും ബൂട്ടുകെട്ടിയപ്പോൾ എഞ്ചൽ ഡി മരിയയും റോഡ്രിഗോ ഡി പോളും ലിയാൻഡ്രോ പരേഡസും ജിയോവനി ലോ സെൽസോയും മധ്യനിരയിൽ അണിനിരന്നു. പ്രതിരോധക്കോട്ടയിൽ നിക്കോളാസ് ഓട്ടമെൻഡിയും ക്രിസ്റ്റ്യൻ റൊമേറോയും ഗോൺസാലോ മോണ്ടിയേലും മാർക്കോസ് അക്യൂനയും സ്റ്റാർട്ടിങ് ഇലവനിലെത്തി. സെമി ഷൂട്ടൗട്ടിലെ ഹീറോ എമിലിയാനോ മാർട്ടിനസായിരുന്നു ഗോൾബാറിന് കീഴെ.