തിരുവനന്തപുരം: കോപ്പ അമേരിക്ക ഫുട്‌ബോളിലെ സ്വപ്ന ഫൈനലിൽ ബ്രസീലിനെ മാരക്കാനയിൽ കീഴടക്കി അർജന്റീന കിരീടത്തിൽ മുത്തമിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലും ചർച്ചകളും ട്രോളുകളും പരിഹാസ പോസ്റ്റുകളും വീഡിയോകളും നിറയുകയാണ്.

ഇതിൽ ഏറ്റവും രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അർജന്റീനാ ആരാധകനായ മകൻ വീടിനുള്ളിൽ ആഘോഷം തുടങ്ങിയപ്പോൾ പ്രകോപിതനായ ബ്രസീൽ ആരാധകനായ പിതാവ് കസേര കൊണ്ട് തല്ലാനോങ്ങുന്നതാണ് വീഡിയോ. മത്സരം പൂർത്തിയായതിന് പിന്നാലെ കസേരയിൽ ഇരിക്കുകയായിരുന്നു പിതാവിന് ചുറ്റും മകൻ ആഘോഷച്ചുവടുകൾ വെയ്ക്കുകയായിരുന്നു. ഇതിൽ കുപിതനായ പിതാവ് കസേര കൊണ്ട് മകനെ തല്ലാനോങ്ങി.


12th man സിനിമയുടെ തിരക്കഥാകൃത്തായ കൃഷ്ണകുമാർ ഈ വീഡിയോ ഫേസ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.'എന്റെ വീട്ടിലെ അതേ സ്ഥിതി. അപ്പൻ ബ്രസീൽ. മോൻ അർജന്റീന' എന്നാണ് വീഡിയോ പങ്കുവെച്ച് കൃഷ്ണകുമാർ ഫേസ്‌ബുക്കിൽ കുറിച്ചത്.

ബ്രസീൽ ആരാധകന്റെ വീട്ടിൽ നിന്ന് ബിരിയാണി ഉണ്ടാക്കാനായി ആടിനെ കൊണ്ടുപോകുന്ന അർജന്റീനാ ആരാധകരുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. പന്തയത്തിൽ തോറ്റതോടെയാണ് ബ്രസീൽ ആരാധകന് ആടിനെ നഷ്ടമായത്.പന്തയംവെച്ച് തോറ്റതിന്റെ സങ്കടവും ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്.

കേരളത്തിലെ പ്രശസ്തരായ വ്യക്തികളും കോപ്പ അമേരിക്ക ഫൈനൽ വിജയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടുട്ടുണ്ട്. മെസ്സിയെ സഹതാരങ്ങൾ ആകാശത്തൊട്ടിലാട്ടുന്ന ചിത്രം പങ്കുവെച്ച് 'നീലവാനച്ചോലയിൽ' എന്നാണ് ചലച്ചിത്ര താരം മഞ്ജു വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചത്. നമ്മളെ 'അനാവശ്യമായി ചൊറിയാൻ വന്നാൽ നമ്മളങ്ങ് കേറി മാന്തും' എന്നാണ് മന്ത്രി എം.എം മണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. കളി കാണുന്ന ചിത്രവും എം.എം മണി പങ്കുവെച്ചിട്ടുണ്ട്.