- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോപ്പയിൽ ബ്രസീലിന്റെ തേരോട്ടം; തുടർച്ചയായ രണ്ടാം മത്സരത്തിലും ആധികാരിക ജയം; പെറുവിനെ തകർത്തത് എതിരില്ലാത്ത നാലു ഗോളുകൾക്ക്; ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും തകർപ്പൻ ഫോമിൽ നെയ്മർ
റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ തേരോട്ടം തുടരുന്നു.ഗോളടിച്ചും ഗോളിനു വഴിയൊരുക്കിയും സൂപ്പർതാരം നെയ്മർ കളം നിറഞ്ഞപ്പോൾ തുടർച്ചയായ രണ്ടാം മത്സരത്തിലും ബ്രസീലിന് ആധികാരിക ജയം.എതിരില്ലാത്ത നാലുഗോളിനാണ് പെറുവിനെ ബ്രസീൽ തകർത്തുവിട്ടത്.നെയ്മറിന് പുറമെ അലെക്സ് സാൻഡ്രോയും എവർട്ടൺ റിബെയ്റോയും റിച്ചാർലിസണും ടീമിനായി സ്കോർ ചെയ്തു. ആദ്യ മത്സരത്തിലും നെയ്മർ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു.
തണുപ്പൻ തുടക്കമാണ് മത്സരത്തിന് ലഭിച്ചത്.ആദ്യ പത്തുമിനിട്ടിൽ ഒരു ഗോളവസരം പോലും സൃഷ്ടിക്കാൻ ബ്രസീലിനോ പെറുവിനോ സാധിച്ചില്ല. 11-ാം മിനിട്ടിൽ ഫ്രെഡിലൂടെ ബ്രസീൽ ആദ്യ ഗോളവസരം സൃഷ്ടിച്ചു. എന്നാൽ താരത്തിന്റെ ലോങ്റേഞ്ചർ പെറു ക്രോസ്ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ 12-ാം മിനിട്ടിൽ രണ്ടാമത്തെ മുന്നേറ്റത്തിൽ തന്നെ കാനറികൾ പെറുവിന്റെ ഗോൾവല ചലിപ്പിച്ചു. പ്രതിരോധതാരം അലെക്സ് സാൻഡ്രോയാണ് ബ്രസീലിനായി ഗോൾ നേടിയത്. മികച്ച പാസിങ് ഗെയിമിന്റെ ഫലമായാണ് ഗോൾ പിറന്നത്. ഗബ്രിയേൽ ജെസ്യൂസിന്റെ പാസിൽ നിന്നാണ് ഗോൾ പിറന്നത്. അലെക്സ് സാൻഡ്രോ ബ്രസീലിന് വേണ്ടി നേടുന്ന ആദ്യ ഗോളാണിത്.
മികച്ച ഒരു സ്ട്രൈക്കറുടെ അഭാവം പെറു ടീമിൽ പ്രകടമായിരുന്നു.ഗോൾ വഴങ്ങിയതോടെ ഉണർന്നുകളിച്ച പെറുവിന് ഗോളവസരങ്ങൾ സൃഷ്ടിക്കാൻ പോന്ന മുന്നേറ്റങ്ങൾ ടീമിന് നടത്താനാകാത്തതിന്റെ പ്രധാനകാരണവും ഇതുതന്നെയായിരുന്നു.രണ്ടാം പകുതിയിലും മഞ്ഞപ്പട ആധിപത്യം പുലർത്തി. 61-ാം മിനിട്ടിൽ പെറു ബോക്സിനകത്ത് നെയ്മറെ മധ്യനിരതാരം ടാപ്പിയ വീഴ്ത്തിയതിനേത്തുടർന്ന് ബ്രസീലിന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. എന്നാൽ വി.എ.ആറിന്റെ സഹായത്തോടെ റഫറി തീരുമാനം മാറ്റി. ഇതോടെ ബ്രസീലിന് പെനാൽട്ടി നഷ്ടമായി.
എന്നാൽ പെനാൽട്ടി നഷ്ടമായതിന്റെ സങ്കടം മികച്ച ഒരു ഗോൾ നേടിക്കൊണ്ട് നെയ്മർ നികത്തി. 68-ാം മിനിട്ടിലാണ് നെയ്മർ ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയത്. പന്തുമായി മുന്നേറിയ നെയ്മറെടുത്ത നിലംപറ്റിയുള്ള ഷോട്ട് പെറു ഗോൾകീപ്പർ ഗലീസിനെ കീഴടക്കി വലയിലെത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും സ്കോർ ചെയ്യാൻ നെയ്മറിന് സാധിച്ചു.78-ാം മിനിട്ടിൽ പെറുവിന്റെ അലെക്സ് വലേറയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും താരം പന്ത് പുറത്തേക്കടിച്ച് അവസരം നശിപ്പിച്ചു. മത്സരത്തിൽ പെറുവിന് ലഭിച്ച ഏറ്റവും മികച്ച ഗോളവസരമായിരുന്നു ഇത്. പിന്നീട് കളിയിലേക്ക് തിരിച്ചുവരാൻ പെറുവിന് സാധിച്ചില്ല.
അവസാന മിനിട്ടുകളിൽ ബ്രസീൽ ചടുലമായ ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്.അതിന്റെ ഭാഗമായി 88-ാം മിനിട്ടിൽ എവർട്ടൺ റിബെയ്റോ ബ്രസീലിന്റെ മൂന്നാം ഗോൾ സ്കോർ ചെയ്തു. നെയ്മറാണ് ഗോളിന് വഴിയൊരുക്കിയത്. നെയ്മറിന്റെ ക്രോസിൽ നിന്നും റിബെയ്റോ സ്കോർ ചെയ്തു.പിന്നാലെ റിച്ചാർലിസൺ ബ്രസീലിന്റെ ഗോൾപട്ടിക തികച്ചു. കളിയവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കി നിൽക്കേ ഇൻജുറി ടൈമിലാണ് താരം ഗോൾ നേടിയത്. ഇതോടെ ബ്രസീൽ വിജയമുറപ്പിച്ചു. ജയത്തോടെ ബ്രസീൽ ക്വാർട്ടർ പ്രതീക്ഷകളും സജീവമാക്കി.കഴിഞ്ഞ മത്സരത്തിൽ കളിച്ചതിൽ നിന്നും അഞ്ച് മാറ്റങ്ങളുമായാണ് ബ്രസീൽ പെറുവിനെതിരേ കളിക്കാനിറങ്ങിയത്. ഇരുടീമുകളും 4-2-3-1 ശൈലിയിലാണ് കളിച്ചത്.
സ്പോർട്സ് ഡെസ്ക്