- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോപ്പ അമേരിക്കയിൽ ആദ്യ വിജയം കുറിച്ച് ചിലി; ബൊളീവിയയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി വിദാലും സംഘവും
സൂയിയാബ: കോപ്പ അമേരിക്ക 2021 ഫുട്ബോളിൽ ആദ്യ വിജയം കുറിച്ച് ബൊളീവിയയെ മലർത്തിയടിച്ച് ചിലി. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയായിരുന്നു ചിലിയുടെ കന്നി വിജയം. ഗ്രൂപ്പ് ബിയിൽ ബൊളീവിയയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് വിദാലും സംഘവും വിജയമാഘോഷിച്ചത്. മുന്നേറ്റതാരം ബെൻ ബ്രെറെട്ടണാണ് ടീമിനായി ഗോൾ നേടിയത്.
ആദ്യ മത്സരത്തിൽ അർജന്റീനയെ ടീം സമനിലയിൽ തളച്ചിരുന്നു. ബൊളീവിയയ്ക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതിരുമ്മ മത്സരത്തിൽ കളിയുടെ ആദ്യ മിനിട്ട് തൊട്ട് ചിലിയാണ് ആധിപത്യം പുലർത്തിയത്. ഈ വിജയത്തോടെ നോക്കൗട്ട് സാധ്യതകൾ ചിലി സജീവമാക്കി. കളിയുടെ പത്താം മിനിട്ടിൽ തന്നെ ചിലി ബൊളീവിയയ്ക്കെതിരേ ലീഡെടുത്തു.
മുന്നേറ്റതാരം ബെൻ ബ്രെറെട്ടണാണ് ടീമിനായി ഗോൾ നേടിയത്. ബൊളീവിയയുടെ മുന്നേറ്റം ഭേദിച്ച ചിലി പ്രതിരോധനിര പന്ത് വർഗസ്സിന് കൈമാറി. പന്തുമായി കുതിച്ച വർഗസ്സ് ശിഥിലമായ ബൊളീവിയൻ പ്രതിരോധത്തെ കബിളിപ്പിച്ച് പന്ത് ബ്രൈറെട്ടണ് കൈമാറി. ബ്രൈറെട്ടൺ ഗോൾകീപ്പറിന് ഒരു സാധ്യത പോലും നൽകാതെ പന്ത് വലയിലെത്തിച്ചു.
പിന്നാലെ ഗോളെന്നുറച്ച ചിലിയുടെ എറിക് പുൾഗാറിന്റെ ലോങ്റേഞ്ചർ തകർപ്പൻ സേവിലൂടെ ബൊളീവിയൻ ഗോൾകീപ്പർ ലാംപെ തട്ടിയകറ്റി. 17-ാം മിനിട്ടിൽ ചിലിയുടെ മെനെസെസ് എടുത്ത ലോങ്റേഞ്ചറും ഉജ്ജ്വലമായി ലാംപെ രക്ഷപ്പെടുത്തി.
29-ാം മിനിട്ടിൽ ബൊളീവിയയുടെ ഫെർണാണ്ടസിന് മികച്ച അവസരം ലഭിച്ചെങ്കിലും പന്ത് ചിലി പോസ്റ്റിന് വെളിയിലൂടെ ഉരുണ്ടുപോയി. 36-ാം മിനിട്ടിൽ ചിലിക്കായി രണ്ടാം ഗോൾ നേടാനുള്ള വർഗസ്സിന്റെ ശ്രമം പാളി. തുറന്ന അവസരമുണ്ടായിരുന്നിട്ടും താരത്തിന്റെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു.
രണ്ടാം പകുതിയിൽ ബൊളീവിയ ഉണർന്നു കളിക്കാനാരംഭിച്ചു. ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒരു ക്ലിനിക്കൽ ഫിനിഷറുടെ അഭാവം ടീമിൽ പ്രകടമായിരുന്നു. 56-ാം മിനിട്ടിൽ സാവേദ്രയുടെ ഗോളെന്നുറച്ച ഷോട്ട് ബ്രാവോ തട്ടിയകറ്റി. രണ്ടാം പകുതിയിലാണ് ബൊളീവിയ ആദ്യമായി ഒരു കോർണർ കിക്ക് പോലും നേടിയെടുത്തത്.