- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെസിക്കായി കോപ്പ നിറയെ ആഹ്ലാദം നിറയ്ക്കാൻ അർജന്റീന; സ്വന്തം മണ്ണിൽ കിരീടം നിലനിർത്താൻ ബ്രസീലും; ആദ്യ കോപ്പ കിരീടത്തിനായി മെസ്സിയും നെയ്മറും നേർക്കുനേർ; മാരക്കാനയിലെ സ്വപ്ന ഫൈനലിലേക്കുള്ള ദൂരം മണിക്കൂറുകളിൽ നിന്നും മിനുറ്റുകളിലേക്ക്; ലാറ്റിനമേരിക്കൻ ഫുട്ബോളിലെ അതികായന്മാരുടെ കിരീട പോരാട്ടം ഇന്ത്യൻ സമയം പുലർച്ചെ 5.30ന്
മാരക്കാന: ഫുട്‌ബോൾ ലോകം കാത്തിരുന്ന സ്വപ്ന ഫൈനലിന്റെ കിക്കോഫിനുള്ള സമയദൂരം മണിക്കൂറുകളിൽ നിന്നും മിനുറ്റുകളിലേക്ക് ചുരുങ്ങുന്നു. ലാറ്റിനമേരിക്കൻ ചാമ്പ്യനെ തീരുമാനിക്കാനുള്ള കോപ്പ അമേരിക്ക ഫുട്‌ബോൾ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലും മുൻ ചാമ്പ്യന്മാരായ അർജന്റീനയും നേർക്കുനേർ പോരാട്ടത്തിനിറങ്ങും. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 5.30-നാണ് കിരീടപോരാട്ടം.
സ്വന്തം മണ്ണിൽ ഒരിക്കൽകൂടി കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. 2019-ൽ സ്വന്തം ഗ്രൗണ്ടിൽ പെറുവിനെ തോൽപ്പിച്ചാണ് ബ്രസീൽ കിരീടം തിരിച്ചുപിടിച്ചത്.
2004-ലും 2017-ലും ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ചാണ് ബ്രസീൽ കിരീടമുയർത്തിയത്. ചരിത്രം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് നെയ്മറും സംഘവും. ഇത്തവണ ജയിച്ചാൽ ബ്രസീലിന് പത്താം കിരീടം സ്വന്തമാകും.
മറുവശത്ത് 1993-നുശേഷം കിരീടമെന്ന മോഹവുമായാണ് അർജന്റീന ഇറങ്ങുന്നത്. 15-ാം കിരീടമാണ് ടീം ലക്ഷ്യമിടുന്നത്. കപ്പുയർത്തിയാൽ കോപ്പയിൽ ഏറ്റവും കൂടുതൽ കിരീടം നേടിയെന്ന ഉറുഗ്വായുടെ റെക്കോഡിനൊപ്പമെത്താൻ ടീമിനാകും. ബ്രസീലിനെ അവരുടെ മണ്ണിൽ തോൽപ്പിച്ച് കിരീടം നേടിയാൽ ടീമിന് ഇരട്ടിമധുരമാകും.
കോപ്പ കിരീടം ഇതുവരെ സ്വന്തമാക്കാൻ അർജന്റീന നായകൻ ലയണൽ മെസ്സിക്കോ ബ്രസീൽ സൂപ്പർതാരം നെയ്മർക്കോ സാധിച്ചിട്ടില്ല. ഇത്തവണ ഫൈനലിൽ ഇരുടീമുകളും മുഖാമുഖം വന്നതോടെ സൂപ്പർതാരങ്ങളിലൊരാളുടെ കിരീടമോഹം പൂവണിയും.
അന്താരാഷ്ട്ര തലത്തിൽ മെസ്സിക്ക് ഇതുവരെ കിരീടനേട്ടങ്ങളില്ല. 2007, 2015, 2016 വർഷങ്ങളിൽ മെസ്സി കോപ്പ ഫൈനലിൽ കളിച്ചെങ്കിലും ഫൈനലിൽ അർജന്റീന തോറ്റുപോയി. 2014 ലോകകപ്പ് ഫൈനലിൽ ജർമനിയോടും അർജന്റീന കീഴടങ്ങി. ഇത്തവണ മെസ്സിക്ക് കരിയറിലെ ആദ്യ അന്താരാഷ്ട്ര കിരീടം സ്വന്തമാക്കാനുള്ള സുവർണാവസരമാണ്.
ഒരുഗോൾകൂടി നേടിയാൽ ഫുട്‌ബോൾ ഇതിഹാസം പെലെയ്ക്കൊപ്പമെത്താനും മെസ്സിക്കാവും. കരിയറിൽ പെലെയ്ക്ക് 77 ഗോളും മെസ്സിക്ക് 76 ഗോളുമാണുള്ളത്. നിലവിൽ നാല് ഗോളുമായി ടൂർണമെന്റിലെ ടോപ് സ്‌കോറർ കൂടിയാണ് മെസ്സി.
കഴിഞ്ഞവർഷം ബ്രസീൽ കോപ്പയിൽ കിരീടം തിരിച്ചുപിടിച്ചപ്പോൾ നെയ്മർ ടീമിലുണ്ടായിരുന്നില്ല. പരിക്ക് കാരണം സൂപ്പർതാരം ടീമിന് പുറത്തായിരുന്നു. നെയ്മറുടെ കരിയറിൽ അന്താരാഷ്ട്ര കിരീടമായി 2013-ലെ കോൺഫെഡറേഷൻ കപ്പ് വിജയവുമുണ്ട്. 110 കളിയിൽ നിന്ന് ബ്രസീലിനായി 68 ഗോളുകളും താരം നേടിയിട്ടുണ്ട്.
ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിൽ ഇത് അഞ്ചാം തവണയാണ് ഇരു ടീമും മുഖാമുഖം വരുന്നത്. ഇതുവരെ ഏറ്റുമുട്ടിയ നാല് പ്രധാന ഫൈനലുകളിൽ മൂന്നിലും ജയം മഞ്ഞപ്പടയ്ക്കൊപ്പമായിരുന്നു. ഒന്നിൽ മാത്രമാണ് അർജന്റീനയ്ക്ക് വിജയിക്കാനായത്. ഞായറാഴ്ച അഞ്ചാം വട്ടം നേർക്കുനേർ വരുമ്പോൾ അവസാന പുഞ്ചിരി ആരുടെ ചുണ്ടിലാകുമെന്ന് കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ.
1937 കോപ്പ അമേരിക്ക, അർജന്റീന 2-0 ബ്രസീൽ
കോപ്പ അമേരിക്ക ടൂർണമെന്റ് നേരത്തെ റൗണ്ട് റോബിൻ ഫോർമാറ്റിലായിരുന്നു നടത്തപ്പെട്ടിരുന്നത്. അതിനാൽ ഫൈനൽ ഇല്ലായിരുന്നു. എന്നാൽ 1937-ലെ ടൂർണമെന്റിൽ അർജന്റീനയും ബ്രസീലും എട്ടു പോയന്റ് വീതം നേടി സമനില പാലിച്ചു. ഗോൾ ശരാശരി കണക്കിലെടുത്ത് വിജയിയെ തീരുമാനിക്കുന്നതിന് പകരം ഒരു ഫൈനൽ മത്സരം നടത്താൻ ഇരു ടീമും സമ്മതം മൂളി. ഗസ്സൊമെട്രോ സ്റ്റേഡിയത്തിൽ നടന്ന മത്സരം നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിലായി. എന്നാൽ എക്സ്ട്രാ ടൈമിൽ വിസെന്റെ ഡെ ലാ മാറ്റ നേടിയ ഇരട്ട ഗോളിന്റെ മികവിൽ അർജന്റീന കിരീടം സ്വന്തമാക്കി. അവരുടെ അഞ്ചാം വൻകര ടൂർണമെന്റ് കിരീടമായിരുന്നു അത്.
2004 കോപ്പ അമേരിക്ക, പെനാൽറ്റിയിൽ ബ്രസീലിന് ജയം
വിജയമുറപ്പിച്ചിരുന്ന അർജന്റീന പരാജയം രുചിച്ച ഫൈനൽ. ലിമയിലെ നാസിയോണൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ക്രിസ്റ്റ്യൻ ഗോൺസാലസിലൂടെ അർജന്റീന ലീഡെടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലൂയിസാവോയിലൂടെ ബ്രസീൽ സമനില പിടിച്ചു. എന്നാൽ മത്സരം അവസാനിക്കാൻ മൂന്നു മിനിറ്റ് മാത്രം ബാക്കിനിൽക്കേ സെസാർ ഡെൽഗാഡോയിലൂടെ അർജന്റീന വിജയമുറപ്പിച്ചു. എന്നാൽ എല്ലാവരേയും ഞെട്ടിച്ച് മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ അഡ്രിയാനോ മത്സരം ഷൂട്ടൗട്ടിലേക്കെത്തിച്ചു. ഗബ്രിയേൽ ഹെയ്ൻസ് കിക്ക് പുറത്തേക്കടിക്കുകയും ആന്ദ്രേസ് അലെസ്സാൺഡ്രോയുടെ കിക്ക് ഗോൾകീപ്പർ ജൂലിയോ സെസാർ രക്ഷപ്പെടുത്തുകയും ചെയ്തതോടെ അർജന്റീന മത്സരം കൈവിട്ടു. ബ്രസീലിന് ഏഴാം കോപ്പ കിരീടം.
2005 കോൺഫെഡറേഷൻസ് കപ്പ്, ബ്രസീൽ 4-1 അർജന്റീന
സെമിയിൽ ആതിഥേയരായ ജർമനിയെ തോൽപ്പിച്ച് ബ്രസീൽ കലാശപ്പോരിന് ടിക്കറ്റെടുത്തപ്പോൾ മെക്സിക്കോയെ മറികടന്നാണ് അർജന്റീന ഫൈനൽ ബർത്ത് ഉറപ്പാക്കിയത്. തുല്യ ശക്തികളുടെ പോരാട്ടം പ്രതീക്ഷിച്ച മത്സരം പക്ഷേ ഏകപക്ഷീയമായിരുന്നു. പരിക്കേറ്റ റൊണാൾഡോയ്ക്ക് പകരം റോബിഞ്ഞ്യോ മഞ്ഞക്കുപ്പായത്തിൽ കളിച്ച മത്സരമായിരുന്നു ഇത്. 12-ാം മിനിറ്റിൽ ലോങ് റേഞ്ചറിലൂടെ ബ്രസീലിനെ മുന്നിലെത്തിച്ചു. പിന്നാലെ കക്ക അതേ സ്ഥലത്തു നിന്ന് പന്ത് വലയിലെത്തിച്ചു. 48-ാം മിനിറ്റിൽ റൊണാൾഡീന്യോ ബ്രസീലിന്റെ മൂന്നാം ഗോൾ നേടി. 64-ാം മിനിറ്റിൽ അഡ്രിയാനോ തന്നെ ബ്രസീലിന്റെ ഗോൾ പട്ടിക തികച്ചു. അർജന്റീനയുടെ ഏക ഗോൾ പാബ്ലോ അയ്മറിന്റെ ബൂട്ടിൽ നിന്നായിരുന്നു.
2007 കോപ്പ അമേരിക്ക, ബ്രസീൽ 3-0 അർജന്റീന
ഇത്തവണ എല്ലാവരും അർജന്റീനയുടെ വിജയമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 20 വയസുകാരനായിരുന്ന ലയണൽ മെസ്സി അർജന്റീന ജേഴ്സിയിൽ അന്ന് വെനസ്വേലയിലെ മാരാകായ്ബോയിൽ നടന്ന ഫൈനലിനിറങ്ങിയിരുന്നു. ഒപ്പം റിക്വെൽമിയും കാർലോസ് ടെവസും. പക്ഷേ മത്സരത്തിൽ സ്വാധീനമുണ്ടാക്കാൻ അർജന്റീന നിരയ്ക്കായില്ല. ജൂലിയോ ബാപ്റ്റിസ്റ്റയിലൂടെ മുന്നിലെത്തിയ ബ്രസീൽ റോബർട്ടോ അയാളയുടെ സെൽഫ് ഗോളിൽ ലീഡുയർത്തി. ഡാനി ആൽവസ് അവരുടെ ഗോൾ പട്ടിക തികയ്ക്കുകയും ചെയ്തു. കോപ്പയിൽ ബ്രസീലിന്റെ തുടർച്ചയായ രണ്ടാം കിരീടമായിരുന്നു ഇത്.
അവസാന അഞ്ച് പോരാട്ടങ്ങളുടെ കണക്കു നോക്കിയാൽ
1995
ബ്രസീൽ 2 അർജന്റീന 2
(ഷൂട്ടൗട്ട് 2-4)
ക്വാർട്ടർഫൈനലിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. നിശ്ചിത സമയത്ത് 2-2 ന് തുല്യതയായതോടെ ഷൂട്ടൗട്ടിൽ വിജയം അർജന്റീനയ്ക്കൊപ്പം നിന്നു.
1999
ബ്രസീൽ 2 അർജന്റീന 1
ബ്രസീലും അർജന്റീനയും ക്വാർട്ടർഫൈനലിൽ മുഖാമുഖം. റൊണാൾഡോയും റിവാൾഡോയും ബ്രസീലിനായും പാബ്ലോ സോറിൻ അർജന്റീനയ്ക്കായും സ്‌കോർ ചെയ്തു
2004
ബ്രസീൽ 2 അർജന്റീന 2
(ഷൂട്ടൗട്ട് 4-2)
ഫൈനൽ പോരാട്ടത്തിൽ അർജന്റീനയെ ഷൂട്ടൗട്ടിൽ കീഴടക്കി ബ്രസീൽ കപ്പുയർത്തി. നിശ്ചിത സമയത്ത് 2-2 ന് തുല്യതയായി.
2007
ബ്രസീൽ 3 അർജന്റീന 0
വീണ്ടുമൊരു കിരീടപോരാട്ടം. ജൂലിയോ ബാപ്റ്റിസ്റ്റ, ഡാനി ആൽവ്‌സ് എന്നിവർ ബ്രസീലിനായി ഗോൾ നേടി. അർജന്റീനയുടെ റോബർട്ടോ അയാളയുടെ സെൽഫ് ഗോൾ കൂടിയായപ്പോൾ ബ്രസീലിന് മികച്ച ജയം
2019
ബ്രസീൽ 2 അർജന്റീന 0
കഴിഞ്ഞതവണ സെമിയിലാണ് ഇരുടീമുകളും എറ്റുമുട്ടിയത്. ഗബ്രിയേൽ ജെസ്യൂസ്, റോബർട്ടോ ഫിർമിനോ എന്നിവർ ബ്രസീലിനായി ഗോൾ നേടി.
ഫൈനലിലെ സാധ്യതാ സ്റ്റാർട്ടിങ് ഇലവൻ
ഇക്കുറി കോപ്പ ആര് നേടുമെന്ന ചോദ്യം അവസാനിക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി. കിരീടം നിലനിർത്താൻ നെയ്മറുടെ ബ്രസീൽ ഇറങ്ങുമ്പോൾ 1993ന് ശേഷം ആദ്യ കിരീടത്തിനായി മെസിയുടെ അർജന്റീന കൊതിക്കുന്നു. നെയ്മറെ അധികം ആശ്രയിക്കാതെയാണ് കോച്ച് ടിറ്റെയുടെ തന്ത്രങ്ങൾ. ക്വാർട്ടറിലും സെമിയിലും ലൂകാസ് പക്വേറ്റയായിരുന്നു ഗോൾ സ്‌കോറർ. കലാശപ്പോരിൽ ബ്രസീൽ ടീമിൽ മാറ്റത്തിന് സാധ്യതയില്ല. ഓരോ കളിയിലും വ്യത്യസ്ത നായകന്മാരെ പരീക്ഷിക്കുന്ന ടിറ്റെ ഫൈനലിൽ ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുന്നത് സീനിയർ താരം തിയാഗോ സിൽവയെയാണ്.
അർജന്റൈൻ നിരയിലാവട്ടേ കോച്ച് ലിയണൽ സ്‌കലോണിയുടെ അടവുകളെല്ലാം തുടങ്ങുന്നതും അവസാനിക്കുന്നതും മെസിയുടെ ഇടങ്കാലിലൂന്നിയാണ്. ഫൈനലിൽ ഏതൊക്കെ താരങ്ങളെ കളിപ്പിക്കുമെന്ന കാര്യത്തിൽ സ്‌കലോണി ഇതുവരെ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. മെസിക്കൊപ്പം ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്, നിക്കോളാസ് ഓട്ടമെൻഡി, റോഡ്രിഗോ ഡി പോൾ, ഗുയ്‌ഡോ റോഡ്രിഗസ്, ലൗറ്ററോ മാർട്ടിനസ് എന്നിവരാണ് ടീമിൽ സ്ഥാനം ഉറപ്പിച്ച താരങ്ങൾ.
സസ്പെൻഷനിലുള്ള ഗബ്രിയേൽ ജെസ്യൂസ് ബ്രസീൽ നിരയിലുണ്ടാകില്ല. 4-2-3-1 ശൈലിയിലാകും ബ്രസീൽ കളിക്കുന്നത്. ഗോൾകീപ്പറായി എഡേഴ്‌സൻ തുടരും. പ്രതിരോധത്തിൽ ഡാനിലോ- മാർക്വിനോസ്, തിയാഗോ സിൽവ, അലക്സ് സാൻഡ്രോ എന്നിവർ കളിക്കും. ഡിഫൻസീവ് മിഡ്ഫീൽഡിൽ കാസെമിറോയും ഫ്രെഡും ഇറങ്ങും. അറ്റാക്കിങ് മിഡ്ഫീൽഡറുടെ റോളിൽ ലൂക്കാസ് പക്വേറ്റയാകും. റിച്ചാലിസനും എവർട്ടണും വിങ്ങർമാർ. നെയ്മർ സ്‌ട്രൈക്കർ റോളിൽ.
അർജന്റീന 4-3-3 ശൈലിയിൽ കളിക്കും. സെമിഫൈനലിൽ ടീമിന്റെ രക്ഷകനായ എമിലിയാനോ മാർട്ടിനെസ് തന്നെ ഗോൾകീപ്പറാകും. നഹ്യുൽ മോളിന, ജെർമൻ പെസ്സെല്ല, നിക്കോളസ് ഒട്ടാമെൻഡി, നിക്കോളോ ടാഗ്ലിയാഫിക്കോ എന്നിവർ പ്രതിരോധത്തിലുണ്ടാകും. റോഡ്രിഗോ ഡി പോൾ, ലിയനാർഡോ പാരഡെസ്, ജിയോവാനി ലോസെൽസോ എന്നിവർ മധ്യനിരയിലുണ്ടാകും. നായകൻ ലയണൽ മെസ്സിക്കൊപ്പം ലൗട്ടാറോ മാർട്ടിനെസും നിക്കോളാസ് ഗോൺസാലസുമാകും മുന്നേറ്റനിരയിൽ.
ചിലെയോട് സമനില വഴങ്ങി തുടങ്ങിയ അർജന്റീന പിന്നെ പുറത്തെടുത്തത് ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനമായിരുന്നു. ഉറുഗ്വേയെയും പരാഗ്വേയെയും ഓരോ ഗോളിന് മറികടന്ന ലിയോണൽ മെസിയും സംഘവും ബൊളീവിയയെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത് ക്വാർട്ടർ പ്രവേശനം ആഘോഷമാക്കി. അർജന്റീന ക്വാർട്ടറിൽ ഇക്വഡോറിനെ മൂന്ന് ഗോളിന് വീഴ്‌ത്തിയപ്പോൾ സെമിയിൽ കൊളംബിയക്കെതിരെ ഷൂട്ടൗട്ട് അതിജീവിക്കേണ്ടിവന്നു. മൂന്ന് ഗംഭീര സേവുകളുമായി ഗോളി എമിലിയാനോ മാർട്ടിൻസാണ് രക്ഷകനായത്.
അതേസമയം വെനസ്വേല, പെറു, കൊളംബിയ എന്നിവരെ തോൽപിച്ച ബ്രസീൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇക്വഡോറിനോട് സമനില വഴങ്ങി. ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ 10 ഗോൾ നേടിയപ്പോൾ രണ്ടെണ്ണം മാത്രമേ വഴങ്ങിയുള്ളൂ. അർജന്റീന ഏഴ് ഗോൾ കണ്ടെത്തിയപ്പോൾ രണ്ടെണ്ണം വാങ്ങി. ബ്രസീൽ ക്വാർട്ടറിൽ ചിലെയെയും സെമിയിൽ പെറുവിനെയും ഒറ്റ ഗോളിന് മറികടന്ന് ജൈത്രയാത്ര തുടർന്നു. അർജന്റീനയുടെ അഞ്ചും ബ്രസീലിന്റെ ഒൻപതും താരങ്ങൾ ഗോൾപട്ടികയിൽ ഇതിനകം ഇടംപിടിച്ചിട്ടുണ്ട്. ആറ് മത്സരങ്ങളിൽ നാല് ഗോളുകളുമായി ലിയോണൽ മെസിയാണ് ഇവരിൽ മുന്നിൽ.
സ്പോർട്സ് ഡെസ്ക്