സാന്റിയാഗോ: അർജന്റീന-ബ്രസീൽ സെമി ഫൈനലിനു സാധ്യതയൊരുക്കി കോപ്പ അമേരിക്കയിൽ ക്വാർട്ടർ ലൈനപ്പായി. ആദ്യ ക്വാർട്ടറിൽ വ്യാഴാഴ്ച ആതിഥേയരായ ചിലി ഉറുഗ്വേയെ നേരിടും.

വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാർട്ടറിൽ ബൊളീവിയയും പെറുവും ഏറ്റുമുട്ടും. അർജന്റീന ശനിയാഴ്ച കൊളംബിയയുമായി മൂന്നാം ക്വാർട്ടറിൽ ഏറ്റുമുട്ടും. ബ്രസീലും പരാഗ്വെയും തമ്മിലാണ് അവസാന ക്വാർട്ടർ ഫൈനൽ മത്സരം.

ക്വാർട്ടർ ലൈനപ്പായതോടെ അർജന്റീന-ബ്രസീൽ സ്വപ്ന ഫൈനൽ ഉണ്ടാകില്ലെന്ന് ഉറപ്പായി. ക്വാർട്ടർ മത്സരങ്ങൾ ജയിച്ചാൽ സെമിയിൽ ഇരു ടീമും ഏറ്റുമുട്ടും.

ആറ് പോയിന്റുമായി സി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീൽ ക്വാർട്ടറിലെത്തിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ വെനസ്വേലയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്രസീൽ തോൽപ്പിച്ചത്. തിയാഗോ സിൽവ, റോബർട്ട് ഫിർമിനോ എന്നിവരാണ് ബ്രസീലിനായി സ്‌കോർ ചെയ്തത്. വെനസ്വേലയുടെ ആശ്വാസഗോൾ മിക്കുവിന്റെ വകയായിരുന്നു. തോൽവിയോടെ വെനസ്വേല ക്വാർട്ടർ കാണാതെ പുറത്താകുകയും ചെയ്തു.

കൊളംബിയയെ ഗോൾ രഹിത സമനിലയിൽ തളച്ച് ഗ്രൂപ്പ് സിയിൽ രണ്ടാംസ്ഥാനക്കാരായി പെറു ക്വാർട്ടറിലെത്തി. ബ്രസീൽ വെനസ്വേലയെ തോൽപ്പിച്ചതോടെ മൂന്നാംസ്ഥാനക്കാരായി കൊളംബിയയും ക്വാർട്ടറിലെത്തുകയായിരുന്നു.