ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ മലിനജലം കുടിച്ച് നൂറോളം പേർ അവശനിലയിൽ. ബോർവെല്ലിൽ നിന്നും വിതരണം ചെയ്ത വെള്ളം മലിനജലമാണെന്ന് അറിയാതെയാണു കുടിച്ചതെന്നു പ്രദേശ വാസികൾ ആരോപിച്ചു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 84 പേരെങ്കിലും ഇതിനെതിരെ പരാതി നൽകിയതായാണ് റിപ്പോർട്ട്. മറ്റു പല രോഗങ്ങളും ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്നുവെന്നാണു വിലയിരുത്തൽ. ഛർദിയും മറ്റു രോഗങ്ങളുമായി വരുന്നവരിൽ കുട്ടികളും ഉൾപ്പെടുന്നു.

നിലവിൽ പ്രദേശത്ത് 350ഓളം കുടുംബങ്ങളാണുള്ളത്. അതേസമയം, വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി റെസിഡന്റ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് പുരാൻ സിങ് പറഞ്ഞു.