ലണ്ടൻ: അങ്ങനെ പറഞ്ഞ് പറഞ്ഞ് ലേബർ നേതാവ് ജെറമി കോർബിൻ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നതിനുള്ള സാധ്യത ദിവസം തോറും വർധിച്ച് വരുകയാണ്. ഇതിനായി സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടി (എസ്എൻപി) യുമായി സഖ്യമുണ്ടാക്കാനുള്ള പദ്ധതി വരെയിടാൻ കോർബിൻ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ലേബർ പാർട്ടിക്കാരനായ ലണ്ടൻ മേയർ സാദിഖ് ഖാൻ എഫക്ട് തലസ്ഥാനത്ത് ലേബറിന് കൂടുതൽ സീറ്റുകൾ നേടിക്കൊടുത്തേക്കുമെന്നും പ്രവചനമുണ്ട്. തങ്ങൾ നമ്പർ 10ൽ എത്തിയാൽ നേരത്തെ പ്രഖ്യാപിച്ചിരിക്കുന്ന മാനിഫെസ്റ്റോ പാർലിമെന്റിന് മുന്നിൽ വച്ച് പ്രാവർത്തികമാക്കുമെന്നും കോർബിൻ സ്ഥിരീകരിച്ച് കഴിഞ്ഞു.

തന്റെ കടുത്ത ഇടതുപക്ഷ ചായ് വുള്ള മാനിഫെസ്റ്റോയെ പിന്തുണച്ച് വോട്ട് ചെയ്യാനോ അല്ലെങ്കിൽ ടോറികൾക്ക് അധികാരം വിട്ട് കൊടുക്കാനോ എതിർ പാർട്ടികൾക്ക് മുകളിൽ കോർബിൻ സമ്മർദം ചെലുത്തുമെന്നും പ്രഖ്യാപനമുണ്ട്. ഇന്നലെ ഷാഡോ ഫോറിൻ സെക്രട്ടറി എമിലി തോൺബെറിയാണ് ലേബറിന്റെ ബ്രെക്സിറ്റ് പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ജോയിന്റ് ഇവന്റിൽ വച്ച് ഈ തന്ത്രങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ജൂൺ എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ടോറികൾക്ക് അധികാരം നഷ്ടപ്പെടുകയും ലേബറിന് ഒരു ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ അവസരം ലഭിക്കുകയും ചെയ്താലാണ് ഈ തന്ത്രങ്ങൾ പയറ്റാൻ ലേബർ ശ്രമിക്കുകയെന്നും വ്യക്തമായിട്ടുണ്ട്.

ടോറികൾക്ക് അധികാരം നഷ്ടപ്പെടാനും ലേബറിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാനുമുള്ള അവസരം ലഭിക്കുകയെന്നതിന് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്ന സമയത്ത് നേരിയൊരു സാധ്യത പോലുമില്ലായിരുന്നുവെങ്കിൽ ഇപ്പോൾ അത് വർധിച്ചിരിക്കുന്നുവെന്നാണ് യുഗോവ് പോൾ ഫലങ്ങൾ വെളിപ്പെടുത്തുന്നത്. കോർബിനെ പ്രധാനമന്ത്രിയാക്കുന്ന വിധത്തിൽ ചെറിയ പാർട്ടികൾ തങ്ങൾക്കെതിരെ ഒന്നിക്കുമെന്ന സാധ്യ ഇപ്പോൾ ടോറികൾ പോലും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തങ്ങൾ പരമാവധി ഭൂരിപക്ഷം നേടാൻ വേണ്ടിയാണ് പ്രയത്നിക്കുന്നതെന്നും എന്നാൽ ഒരു ന്യൂനപക്ഷ സസർക്കാർ രൂപീകരിക്കേണ്ടുന്ന അവസ്ഥ ലേബറിനുണ്ടായാൽ എസ്എൻപിയുടെ അടക്കം സാധ്യമായ പിന്തുണയെല്ലാം സ്വീകരിക്കുമെന്നും തോൺബെറി ഒരു ചോദ്യത്തിനുള്ള മറുപടിയെന്നോണം ബാസിൽഡണിൽ വച്ച് വ്യക്തമാക്കിയിരുന്നു.

എന്നാൽ സഖ്യകക്ഷി സർക്കാർ രൂപീകരിക്കാനുള്ള ചോദ്യത്തിന് മറുപടിയേകുമ്പോൾ കോർബിൻ വളരെ ശ്രദ്ധ പുലർത്തിയിരുന്നു. ഇപ്പോൾ കൂട്ട് കക്ഷി സർക്കാർ രൂപീകരിക്കുന്നതിന് ആരുമായും കരാറുകളൊന്നുമായിട്ടില്ലെന്നും ഓരോ മണ്ഡലത്തിലും ഭൂരിപക്ഷത്തോടെ ലേബറിനെ വിജയിപ്പിക്കാനും ഒരു ലേബർ ഗവൺമെന്റ് രൂപീകരിക്കാനുമാണ് ശ്രമിക്കുന്നെന്നും കോർബിൻ പറയുന്നു. എന്നാൽ ഒരു തൂക്ക് പാർലിമെന്റ് നിലവിൽ വന്നാൽ എങ്ങനെയെങ്കിലും പ്രധാനമന്ത്രിയാകാൻ കോർബിൻ മറ്റ് പാർട്ടികളുടെ പിന്തുണ തേടുമെന്നാണ് കോൺസർവേറ്റീവ് പാർട്ടി ചെയർമാനായ പട്രിക് മാക് ലൗഗ്ലിൻ പറയുന്നത്. ടോറികൾ അധികാരത്തിലെത്തിയാൽ 11 ദിവസത്തിനകം ബ്രെക്സിറ്റ് വിലപേശൽ ആരംഭിക്കുമെന്നും മറിച്ച് കോർബിനാണ് വരുന്നതെങ്കിൽ അതിന് പകരം എസ്എൻപിയുടെയും ലിബറൽ ഡെമോക്രാറ്റുകളുടെയും പിന്തുണ തേടി നടക്കുകയായിരിക്കും ചെയ്യുകയെന്നും പട്രിക്ക് മുന്നറിയിപ്പേകുന്നു.

ലേബർ പാർട്ടിയും ടോറികളും തമ്മിലുള്ള വിടവ് കുറഞ്ഞ് കുറഞ്ഞ് വരുന്നുവെന്നാണ് സമീപ ദിവസങ്ങളിൽ പുറത്ത് വന്ന എക്സിറ്റ് പോളുകൾ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ തലസ്ഥാനമായ ലണ്ടനിൽ ലേബർ പാർട്ടി ടോറികളേക്കാൾ 17 പോയിന്റ് മുന്നിലാണെന്നാണ് പുതിയൊരു പോൾ ഫലം വെളിപ്പെടുത്തുന്നത്. ഇതനുസരിച്ച് ലേബറിന് ലണ്ടനിലെ വോട്ടുകളുടെ 50 ശതമാനവും ലഭിക്കുമ്പോൾ ടോറികൾക്ക് വെറും 33 ശതമാനം മാത്രമേ ലഭിക്കുകയുള്ളൂ. അതായത് 2015ലെ തെരഞ്ഞെടുപ്പിലേക്കാൾ രണ്ട് പോയിന്റ് കുറച്ചാണ് ടോറികൾക്ക് ലഭിക്കുക. ഈ പോൾ യാഥാർത്ഥ്യമായാൽ ലണ്ടനിൽ ടോറികൾക്ക് നാല് സീറ്റുകൾ നഷ്ടപ്പെടുമെന്നും അവയിൽ രണ്ടെണ്ണം ലേബറിനും രണ്ടെണ്ണം ലിബറൽ ഡെമോക്രാറ്റുകൾക്കും പോകുമെന്നും യുഗോവ് പോൾ പ്രവചിക്കുന്നു.