കോർക്ക്: പിതാവിനെ ശുശ്രൂഷിക്കുന്നതിനായി അയർലണ്ടിൽ നിന്നു അവധിയെടുത്ത് നാട്ടിലേക്ക് പോയ മലയാളിക്ക് ബൈക്ക് അപകടത്തിൽ ദാരുണ അന്ത്യം. കട്ടപ്പന വെള്ളയാംകുടി സ്വദേശിയായ തൂങ്കുഴി ഷീൻ കുര്യാക്കോസ് (40) ആണ് കാഞ്ഞിരപ്പള്ളിക്കടുത്തുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. പുതുതയായി വാങ്ങിയ ബുള്ളറ്റിൽ എടത്വായ്ക്ക് പോകുന്ന വഴി പത്തൊമ്പതാം മൈലിൽ വച്ചാണ് ബുധനാഴ്ച രാവിലെ അപകടമുണ്ടാകുന്നത്. ഗുരുതരമായി പരിക്കേറ്റ ഷീനിനെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം മൂന്നു മണിയോടെ മരിക്കുകയായിരുന്നു.

കഴിഞ്ഞ വർഷമാണ് ഷീൻ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിനായി കോർക്കിൽ നിന്നും നാട്ടിലേക്ക് പോകുന്നത്. ഷീനിന്റെ കോർക്കിലുള്ള സുഹൃത്ത് അജേഷ് ജോണിന്റെ ഭാര്യാ പിതാവിന്റെ സംസ്‌ക്കാര ശുശ്രൂഷകളിൽ പങ്കെടുക്കാനാണ് ഷീൻ എടത്വായിലേക്ക് തിരിച്ചത്. രാവിലെ മകളെ സ്‌കൂളിൽ അയച്ചതിനു ശേഷമാണ് ഷീൻ എടത്വായ്ക്ക് യാത്ര പോയത്. ഭാര്യ അമ്പിളി ജേക്കബ് കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് ആണ്.
കട്ടപ്പനെ വെട്ടുക്കുഴക്കവല തൂങ്കുഴിൽ കുര്യാക്കോസിന്റെ മകനാണ് ഷീൻ. മാതാവ് മേരി. എരുമേലി വച്ചൂച്ചിറ വെള്ളമറ്റം കുടുംബാംഗമാണ് ഭാര്യ അമ്പിളി. ഏകമകൾ ആഞ്ജലീന മരിയ ഷീൻ കട്ടപ്പന പോപ്പ് സ്‌കൂൾ വിദ്യാർത്ഥിനിയാണ്. ആറു വയസുള്ള ആഞ്ജലീന ഷീനിനൊപ്പം കട്ടപ്പനയിലെ വീട്ടിലായിരുന്നു. സഹോദരങ്ങൾ: ലിനറ്റ് (പുല്ലുമേട്), ബെറ്റി, ഡിമ്പിൾ (കാമാക്ഷി).

കോർക്കിൽ കേറ്ററിങ് മേഖലയിൽ പ്രവർത്തിച്ചിരുന്ന ഷീൻ മുമ്പ് കട്ടപ്പനയിൽ പവറോൺ ഇൻവർട്ടേഴ്‌സ് എന്ന സ്ഥാപനവും നടത്തിയിരുന്നു.
സംസ്‌ക്കാര ചടങ്ങുകൾ ഇടവക പള്ളിയായ വെള്ളയാംകുടി ദേവാലയത്തിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. എന്നാൽ തിയതിയും സമയവും ഇതുവരെ നിശ്ചയിച്ചിട്ടില്ല.